TopTop
Begin typing your search above and press return to search.

മുന്‍ റഷ്യന്‍ ചാരന് നേരെ നടന്ന നാഡീവിഷ ആക്രമണത്തിന് പിന്നിലെ ചാരക്കളികള്‍

മുന്‍ റഷ്യന്‍ ചാരന് നേരെ നടന്ന നാഡീവിഷ ആക്രമണത്തിന് പിന്നിലെ ചാരക്കളികള്‍
യു കെയിലെ സാലിസ്ബറിയില്‍ വെച്ച് മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ഗെയ് സ്ക്രിപാലിനും മകള്‍ യൂലിയക്കും നേരെ നടന്ന നാഡീവിഷ ആക്രമണം ഒരു പ്രാദേശിക കുറ്റകൃത്യത്തില്‍ നിന്നും അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയമായി മാറിയിരിക്കുന്നു എന്നു ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാര്‍ച്ച് നാലാം തിയ്യതി ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് സ്ക്രിപാലും മകളും ബോധരഹിതരായ അവസ്ഥയില്‍ മാള്‍ടിങ്സ് വ്യാപാര കേന്ദ്രത്തിലെ ഒരു ബഞ്ചില്‍ കാണപ്പെട്ടത്. സംഭവ സ്ഥലത്തു എത്തിയ പോലീസ് രണ്ടു പേരെയും ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുമ്പോഴും ഒരു സാധാരണ കേസിനപ്പുറം എന്തെങ്കിലും ഉണ്ടെന്ന് കരുതിയിരുന്നില്ല. അതുകൊണ്ട് കേസ് അന്വേഷണം സ്വഭാവിക നടപടി ക്രമങ്ങളിലൂടെ പുരോഗമിച്ചു.

എന്നാല്‍ സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍മാരും പാരാ മെഡിക്കല്‍ ഉദ്യോഗസ്ഥരും ശ്വാസ തടസ്സവും ചൊറിച്ചലും അടക്കമുള്ള ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതോടെ നടന്നത് അപൂര്‍വ്വമായ തരത്തിലുള്ള വധ ശ്രമമാണോ എന്ന സംശയങ്ങള്‍ ബലപ്പെട്ടു.

പോലീസ് അന്വേഷണം വ്യാപകമാക്കി. സ്ക്രിപാലിന്റെ ഭാര്യ ലിയൂദ്മില, മകന്‍ അലക്സാണ്ടര്‍ എന്നിവരുടെ കുഴിമാടങ്ങള്‍ മുദ്രവെച്ചു. സംഭവത്തിന്റെ ഫലമായി 21 പേര്‍ക്കു ചികിത്സ നല്‍കിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. നാഡീവിഷ ആക്രമണം കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഡി എസ് നിക് ബെയ്ലിയുടെ നില ഗുരുതരമാണെങ്കിലും മെച്ചപ്പെട്ടു.

തിങ്കളാഴ്ചയോടെ ഗവണ്‍മെന്‍റ് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് വന്നു. നടന്നത് നാഡീ വിഷ ആക്രമണമാണ്.

അതോടെ ഗവണ്‍മെന്‍റ് സടകുടഞ്ഞെഴുന്നേറ്റു. തിരക്കേറിയ നഗരത്തില്‍ നടന്ന നാഡീവിഷ ആക്രമണം “ഏറ്റവും ക്രൂരമായ പരസ്യമായ കൊലപാതക ശ്രമമാണെന്ന്” ആഭ്യന്തര സെക്രട്ടറി ആംബര്‍ റുഡ് പറഞ്ഞു. സംഭവത്തില്‍ ഉത്തരം നല്കാന്‍ സര്‍ക്കാരിനും പോലീസിനും മേല്‍ സമ്മര്‍ദം കൂടി.

സ്ക്രിപാലിന്റെ വീട്ടില്‍ ഫോറെന്‍സിക് വിദഗ്ധര്‍ തെളിവുകള്‍ക്കായി തെരച്ചില്‍ തുടങ്ങി. ലിയൂദ്മിലയുടെയും അലക്സാണ്ടര്‍ സ്ക്രിപാലിന്റെയും ശവകുടീരങ്ങളുള്ള സാലിബരി ശ്മശാനവും ഒരു ഗരാഷും ഒരു റിക്കവറി സര്‍വീസ് കേന്ദ്രവും പൊലീസ് മുദ്രവെച്ചിട്ടുണ്ട്.

സ്ക്രിപാലിനും (66), മകള്‍ യൂലിയക്കും (33) എതിരെ നടന്ന ആക്രമണത്തെ റൂഡ് അപലപിച്ചു. അവര്‍ അബോധാവസ്ഥയിലാണെങ്കിലും ഇപ്പോള്‍ സ്ഥിതി പ്രതീക്ഷാജനകമാണെന്ന് അവര്‍ എം പിമാരെ അറിയിച്ചു.
ആക്രമണത്തിന് ഉപയോഗിച്ചത് എന്താണെന്ന് പറയാന്‍ അവര്‍ വിസമ്മതിച്ചു. റഷ്യക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് സ്കോട്ലണ്ട് യാര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പോര്‍ടന്‍ ടൌണിലെ സര്‍ക്കാര്‍ പരിശോധന ശാലയിലെ വിദഗ്ധര്‍ ഈ വസ്തു എന്താണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. “അത് വളരെ അപൂര്‍വമാണ്,” അവര്‍ പറഞ്ഞു.
രാജ്യങ്ങളുടെ സൈനിക ശേഖരത്തില്‍ മാത്രമുള്ള നാഡീവിഷമാണ് എന്നത്, സംഭവത്തില്‍ ക്രെംലിന്റെ പങ്കാളിത്തത്തിന്റെ സൂചനയാണ്. വ്യാഴാഴ്ച്ച ലണ്ടനിലെ റഷ്യന്‍ നയതന്ത്ര കാര്യാലയം സ്ക്രിപാലിനെക്കുറിച്ച് ഒരു പരിഹാസ ട്വീറ്റ് ഇട്ടു, “അയാള്‍ വാസ്തവത്തില്‍ ഒരു ബ്രിട്ടീഷ് ചാരനായിരുന്നു, M16-നു വേണ്ടി പണിയെടുക്കുകയായിരുന്നു.”

റഷ്യയുടെ GRU ഇന്റലിജന്‍സ് ഏജന്‍സിയിലെ മുന്‍ ഉദ്യോഗസ്ഥനായ സെര്‍ഗെയ് സ്ക്രിപാല്‍ M16-നു രഹസ്യമായി പണിയെടുത്തു എന്നാരോപിച്ചു 2004ല്‍ റഷ്യ അറസ്റ്റ് ചെയ്യുകയും 13 വര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തിരുന്നു. 2010ല്‍ ശിക്ഷയുടെ പാതിവഴിയില്‍ വെച്ചു സ്ക്രിപാല്‍ മോചിപ്പിക്കപ്പെട്ടു. അമേരിക്കയില്‍ സ്ലീപ്പര്‍ ഏജന്റായി പ്രവര്‍ത്തിക്കുന്നതിനിടെ ഇയാളെ എഫ് ബി ഐ അറസ്റ്റ് ചെയ്തു. മറ്റ് സ്ലീപ്പര്‍ ഏജന്റ്സ് റഷ്യയിലേക്ക് തിരിച്ചു പോയപ്പോള്‍ സ്ക്രിപാല്‍ ജീവിക്കാന്‍ തിരഞ്ഞെടുത്തത് യു കെയിലെ സാലിസ്ബറിയായിരുന്നു.

സ്ക്രിപാലിന് നേരെ നടന്ന ആക്രമണവുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്നാണ് മോസ്കോ ആവര്‍ത്തിച്ചു പറയുന്നത്. 2006-ല്‍ FSB ഉദ്യോഗസ്ഥന്‍ അലക്സാണ്ടര്‍ ലിത്വിനെങ്കോവിനെ ആണവവികിരണ ചായക്കോപ്പയുമായി ആക്രമിച്ചപ്പോഴും ഇത് തന്നെയാണ് പറഞ്ഞത്. ക്രെംലിനാണ് അതിനു ഉത്തരവിട്ടതെന്ന് ഒരു പതിറ്റാണ്ടിനുശേഷം അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു.

സാലിസ്ബറിയില്‍ എങ്ങനെയാണ് വിഷം കൊണ്ട് ആക്രമിച്ചതെന്നാണ് അന്വേഷകര്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നത്. മുമ്പ് കരുതിയ പോലെ സിറ്റി സെന്ററില്‍ നിന്നല്ല സ്ക്രിപാലിന്റെ വീട്ടില്‍ നിന്നുമാണ് ബെയ്ലിക്ക് വിഷമേറ്റതെന്നാണ് ചിലര്‍ പറയുന്നത്.

2012-ല്‍ 59-ആം വയസില്‍ അര്‍ബുദം വന്നു മരിച്ച ലിയൂഡ്മിയ സ്ക്രിപാലിന്റെയും കഴിഞ്ഞ വര്‍ഷം 43-ആം വയസില്‍ സെന്‍റ് പീറ്റേഴ്സ് ബര്‍ഗില്‍ മരിച്ച അലക്സാണ്ടര്‍ സ്ക്രിപാലിന്റെയും ശവകുടീരങ്ങള്‍ ബന്ധവസ്സിലാക്കിയത് മാധ്യമങ്ങളെ അകറ്റിനിര്‍ത്താനാണ് എന്നു മനസിലാക്കാം. ആ കുടുംബത്തിന്റെ നിര്‍ഭാഗ്യങ്ങളുടെ തുടര്‍ച്ച നോക്കുമ്പോള്‍ ലിയൂദ്മിയയുടെയും അലക്സാണ്ടറുടെയും മരണങ്ങളില്‍ എന്തെങ്കിലും സംശയിക്കത്തക്കതായി ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കും.

സ്ക്രിപാലിന്റെ വീട്ടില്‍ നിന്നും കാറില്‍ പോയാല്‍ അഞ്ചു മിനിറ്റില്‍ എത്തുന്ന ചര്‍ച്ചഫീല്‍ഡ്സ് വ്യവസായ പ്രദേശവും പൊലീസ് ബന്ധവസ് ചെയ്തു. ആഷ്ലിവുഡ്സിന്‍റെ വണ്ടി തിരിച്ചുകിട്ടുന്ന ഭാഗത്ത് പോലീസുകാരുണ്ട്. പാരമെഡിക്കല്‍ പ്രവര്‍ത്തകരും. പാതി മൂടിയിട്ട ഒരു BMW ആണ് അവര്‍ നോക്കുന്ന ഒരു കാര്‍. സ്ക്രിപാല്‍ ഒരു BMW ഓടിച്ചിരുന്നു എന്നാണറിവ്. ഭീകരവാദ വിരുദ്ധ സംഘത്തിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തുനിന്നും പെട്ടികള്‍ മാറ്റിയിട്ടുണ്ട്.

യൂലിയയുടെ മോസ്കോവിലെ സുഹൃത്തുക്കള്‍ പറയുന്നത് അവള്‍ ബുദ്ധിമതിയായ ഒരു യുവതിയായിരുന്നു എന്നാണ്. ഇംഗ്ലീഷും സ്പാനിഷും റഷ്യനും നന്നായി കൈകാര്യം ചെയ്യും. 2004-ല്‍ അവളുടെ അച്ഛന്‍- GRU സൈനിക രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍- M16-നു വേണ്ടി ചാരപ്പണി നടത്തുന്നു എന്നാരോപിക്കപ്പെട്ട് പിടിയിലായതോടെയാണ് അവളുടെ ജീവിതം താറുമാറായത്. “അവളുടെ അച്ഛന്‍ പിടിയിലായപ്പോള്‍ ഞങ്ങളെല്ലാം ഞെട്ടി,” സ്കൂള്‍ സുഹൃത്ത് പെട്രോവ പറഞ്ഞു. “അത് യൂലിയയ്ക്ക് കടുത്ത വര്‍ഷങ്ങളായിരുന്നു. അച്ഛനെ ശിക്ഷിച്ചതില്‍ അവളാകെ അസ്വസ്ഥയായിരുന്നു.”

സാലിസ്ബറിയില്‍ അന്വേഷകര്‍ നാലു ഭാഗങ്ങളിലായി അന്വേഷണം വിഭജിച്ചിരിക്കുന്നു: സ്കിര്‍പാലിന്റെ വീട്, അവര്‍ മദ്യപിച്ചിരുന്ന മില്‍ പബ്, വൈകീട്ട് 4:15-നു വീഴും മുമ്പ് അവര്‍ ഭക്ഷണം കഴിച്ച സിസി ഭക്ഷണശാല.
വൈകീട്ട് 5.10-നു എടുത്ത ചിത്രങ്ങള്‍ പൊലീസ് ദൌത്യത്തിന് ശേഷമുള്ള, സ്ക്രിപാലിനെയും മകളേയും ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷമുള്ള രംഗങ്ങള്‍ കാണിക്കുന്നു. സാധാരണ വേഷത്തില്‍ പൊലീസുകാര്‍ അവിടെ ജോലി ചെയ്യുന്നു, ആളുകള്‍ അവിടേക്കൂടി നടന്നുപോകുന്നു. പൊലീസുകാര്‍ ആരും സംരക്ഷണകുപ്പായങ്ങള്‍ ധരിച്ചിരുന്നില്ല.

സാവധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പൊളോണിയം വിഷമേറ്റ് മരിച്ച ലിത്വിനെങ്കോയുടെ സംഭവത്തില്‍ നിന്നും വ്യത്യസ്തമായി അന്വേഷകര്‍ സാലിസ്ബറിയില്‍ വേഗം എത്തിച്ചേര്‍ന്നു. നൂറുകണക്കിനു പൊലീസുകാര്‍ CCTV ദൃശ്യങ്ങളും സംഭവത്തിന്റെ സമായവഴികളും മറ്റും പരിശോധിക്കുന്നുണ്ട്.

റഷ്യന്‍ വധശ്രമമാണോ എന്ന ചോദ്യത്തിന്, “വസ്തുതകള്‍ ലഭിക്കും വരെ അത്തരം കാര്യങ്ങള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. പോലീസിന് അതൊക്കെ ലഭിക്കും എന്ന കാര്യത്തില്‍ എനിക്കു സംശയമില്ല,” എന്നാണ് റൂഡ് പറഞ്ഞത്.

‘റഷ്യ എന്നത്തേക്കാളും വലിയ ഭീഷണിയാകുന്നു” എന്നു പ്രതിരോധ സെക്രട്ടറി ഗാവിന്‍ വില്ല്യംസന്‍ പറഞ്ഞു. എന്നാല്‍ ആക്രമണത്തിന് റഷ്യയാണോ ഉത്തരവാദി എന്നുപറയാന്‍ അദ്ദേഹം വിസമ്മതിച്ചു.Next Story

Related Stories