UPDATES

വിദേശം

സുപ്രീം കോടതിയില്‍ ട്രംപിനു വിജയം, മെക്സിക്കൻ അതിർത്തിയിൽ മതില്‍ കെട്ടാന്‍ ഖജനാവില്‍ നിന്നും 2.5 ബില്യൺ ഡോളർ ചെലവാക്കാം

മതില്‍ നിര്‍മ്മാണത്തിനായി 20 ബില്യണ്‍ ചെലവ് അമേരിക്ക പ്രതീക്ഷിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ 1.6 ബില്യണ്‍ ഡോളര്‍ മാത്രമേ പാസാക്കിയിട്ടുള്ളൂ.

മെക്സിക്കൻ അതിർത്തിയിൽ മതില്‍ കെട്ടാനുള്ള നിയമ പോരാട്ടത്തില്‍ സുപ്രീം കോടതിയില്‍ ട്രംപിനു വിജയം. ഖജനാവില്‍ നിന്നും 2.5 ബില്യൺ ഡോളർ അതിനായി ഉപയോഗിക്കാന്‍ കോടതി അനുവാദം നല്‍കി. ഒരു ഖണ്ഡിക നീളം മാത്രമുള്ള ഉത്തരവില്‍ ആരും ഒപ്പിട്ടിട്ടില്ല. പ്രസിഡന്റിന്‍റെ ഭരണഘടനാപരമായ അധികാരത്തെ നിയമപരമായി മറികടക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതിയിലെ യാഥാസ്ഥിതിക ഭൂരിപക്ഷം അവസാനം ഭരണകൂടത്തോടൊപ്പം നില്‍ക്കുമെന്നതിന്‍റെ സൂചനയാണ് ഈ വിധി. ഒന്‍പതംഗ ബെഞ്ചില്‍ അഞ്ചുപേരും ട്രംപിന് അനുകൂലമായിനിന്നു.

നാല് ലിബറൽ ജസ്റ്റിസുമാർ ശക്തമായ വിയോജിപ്പു രേഖപ്പെടുത്തി. നിർമ്മാണത്തിനായുള്ള തയ്യാറെടുപ്പ് ജോലികൾ ചെയ്യാൻ ഭരണകൂടത്തെ അനുവദിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ മതില്‍ നിര്‍മ്മാണത്തിനു അനുമതി നല്‍കാന്‍ കഴിയില്ലെന്നും അവരിലൊരാളായ സ്റ്റീഫൻ ജി. ബ്രയർ എഴുതി. കേസ് പരാജയപ്പെട്ടാല്‍ ചെയ്തതൊന്നും പഴയ പടിയാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വിലയിരുത്തി.

വിധിവന്ന ഉടന്‍തന്നെ ‘കൊള്ളാം! വലിയ വിജയം’ എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. തീരുമാനത്തിൽ താൻ സന്തുഷ്ടനാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘കീഴ്‌ക്കോടതി നിർദേശം യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതി റദ്ദാക്കി. സതേൺ ബോർഡറില്‍ മതിൽ കെട്ടാന്‍ അനുവദിച്ചു. അതിർത്തി സുരക്ഷയ്ക്കും നിയമവാഴ്ചയ്ക്കും ഇത് വലിയ വിജയമാണ്’ ട്രംപ് പറഞ്ഞു.

നേരത്തെ സൈനിക ഫണ്ടുകൾ മതിൽ നിർമാണത്തിലേക്ക് മാറ്റുന്നത് തടഞ്ഞുകൊണ്ട് വിചാരണ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. നിര്‍മ്മാണം തുടരാനാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഈ വിധി താൽക്കാലിക തിരിച്ചടി മാത്രമാണെന്ന് കേസില്‍ കക്ഷിയായ അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ അഭിഭാഷകനായ ഡോറർ ലാഡിൻ പറഞ്ഞു.

ജസ്റ്റിസ് ബ്രയർ മാത്രമാണ് കോടതിയിൽ അഭിപ്രായം രേഖപ്പെടുത്തിയത്. വിചാരണക്കോടതിയുടെ വിധി സ്റ്റേ ചെയ്യണോ എന്നതു മാത്രമാണ് കോടതി അടിയന്തിരമായി പരിശോധിക്കെണ്ടിയിരുന്നത് എന്ന് അദ്ദേഹം എഴുതി. നിർമ്മാണം ആരംഭിക്കാൻ അനുവദിക്കുന്നത് പരിസ്ഥിതിക്ക് വലിയ ദോഷം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെപ്റ്റംബർ അവസാനത്തോടെ കരാറുകളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഫണ്ട് ലഭ്യമാകില്ലെന്നും, അതിനുള്ള പരിഹാരം കരാര്‍ ഒപ്പിടാന്‍ സര്‍ക്കാരിനെ അനുവദിക്കുക എന്നതാണെന്നും അല്ലാതെ മതില്‍ പണിയാന്‍ അനുവദിക്കലല്ലെന്നും ബ്രയർ കുറിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മെക്സിക്കന്‍ അതിര്‍ത്തിയല്‍ മതില്‍ നിര്‍മ്മിക്കുമെന്നത്. മെക്സിക്കോയില്‍ നിന്നുള്ളവര്‍ നിയമ വിരുദ്ധമായി അമേരിക്കയില്‍ പ്രവേശിക്കാതിരിക്കാന്‍ മതില്‍ നിര്‍മ്മിക്കുമെന്നതായിരുന്നു ട്രംപിന്റെ വാഗ്ദാനം. ഇതിനെതിരെ അമേരിക്കകത്തും പുറത്തും വ്യാപകമായ പ്രതിഷേധമായിരുന്നു ഉണ്ടായത്. പോപ്പ് വരെ ട്രംപിനെ മതില്‍ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ വിമര്‍ശിച്ചു. എന്നാല്‍ എതിര്‍പ്പുകള്‍ വകവെക്കാതെ മതില്‍ നിര്‍മ്മാണവുമായി മുന്നോട്ട് പോകാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. മതിലിനായി ഉപയോഗിക്കേണ്ടുന്ന രൂപഘടനയാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. 30 അടി ഉയരമാണ് ഇതിനുള്ളത്. അതിര്‍ത്തിയിലെ ജനങ്ങള്‍ മതില്‍ നിര്‍മ്മാണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.

അമേരിക്കയും മെക്സിക്കോയും തമ്മില്‍ മൂവായിരത്തി ഇരുന്നൂറ് കിലോമീറ്റര്‍ ദൂരം അതിര്‍ത്തിയാണ് പങ്കിടുന്നത്. മതില്‍ നിര്‍മ്മാണത്തിനായി 20 ബില്യണ്‍ ചെലവ് അമേരിക്ക പ്രതീക്ഷിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ 1.6 ബില്യണ്‍ ഡോളര്‍ മാത്രമേ പാസാക്കിയിട്ടുള്ളൂ.

കാര്‍ഗില്‍ യുദ്ധത്തിന്റെ 20 വര്‍ഷം: പോസ്റ്റ് ട്രൂത്ത് കാലത്തെ ഇന്ത്യന്‍ സുരക്ഷാ സംവിധാനം- ജോസി ജോസഫ് എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍