താം ലുവാങ് ഗുഹയില്‍ രണ്ടാഴ്ചയിലധികം കുടുങ്ങി, ഏറെ ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം പുറത്തെത്തിച്ച 12 കുട്ടികളും കോച്ചും അടങ്ങുന്ന വൈല്‍ഡ് ബോര്‍സ് സ്കൂള്‍ ഫുട്ബോള്‍ ടീമില്‍ കോച്ചിനും മൂന്ന് കുട്ടികള്‍ക്കും തായ്ലാന്റ് പൗരത്വമില്ല. ഇവര്‍ക്ക് പൗരത്വം നല്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ് എന്ന് ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. പോണ്ചായ് കാംലുവാങ്, ആദുല്‍ സാം ഓണ്‍, മോംഖോല് ബൂന്പിയാം എന്നീ കുട്ടികള്‍ക്കും കോച്ച് ബ്രദര്‍ ഏക് (പി ഏക്) എന്നറിയപ്പെടുന്ന ഏകാഫോല് ചന്താവോങിനുമാണ് നിലവില്‍ തായ്ലാന്റ് പൗരത്വമില്ലാത്തത്.
വടക്കന്‍ തായ്ലാന്റിലെ മ്യാന്മര് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പോരസ് പ്രദേശത്ത് നിന്നുള്ളവരാണ് ഇവര്‍. ഈ മേഖലയില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് തായ് പൗരത്വമില്ല. അതേസമയം തായ്ലാന്റിലെ നിയമ പ്രകാരം പൗരത്വമില്ലാത്തവര്‍ക്കും വിദ്യാഭ്യാസ, ആരോഗ്യസേവന അവകാശങ്ങളുണ്ട്. ജോലി ചെയ്യുന്നതിനും പ്രവിശ്യ വിട്ടുള്ള യാത്രകള്‍ക്കും ഗവണ്മെന്റിന്റെ അനുമതി തേടണം. തായ്ലാന്റ് പൗരന്മാരായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത മൂന്ന് കുട്ടികള്‍ക്ക് തായ് ഐഡി കാര്‍ഡുണ്ട്. ഇത് ചില അവകാശങ്ങള്‍ ഇവര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ കോച്ചിന് നിയമപരമായ യാതൊരു അവകാശവുമില്ല. ഇത് ബ്രദര്‍ ഏകിന്‍ നേരെ നാടുകടത്തല്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഇവര്‍ക്ക് പൗരത്വം നല്കുന്ന കാര്യം പരിഗണനയിലാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ബ്യൂറോ ഓഫ് രജിസ്ട്രേഷന് ഡയറക്ടര്‍ വീനസ് സിര്സുക് പറയുന്നു. ഇവര്‍ ജനിച്ചത് തായ്ലാന്റിലാണോ, മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ തായ്ലാന്റ് പൗരത്വമുള്ളയാളാണോ എന്നതെല്ലാം പരിശോധിക്കുന്നുണ്ട്. ഗുഹയ്ക്കുള്ളില്‍ കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ശക്തമായ മാനസിക പിന്തുണ നല്‍കുകയും ചെയ്ത കോച്ച് ബ്രദര്‍ ഏകിനെ തായ്ലാന്റ് മാധ്യമങ്ങളും കുട്ടികളുടെ മാതാപിതാക്കളും വലിയ തോതില്‍ പ്രശംസിച്ചിരുന്നു. എന്നാല്‍ മൂന്ന് കുട്ടികളുടേയും കോച്ചിന്റേയും പൗരത്വ പ്രശ്നം കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും ഗാര്ഡിയന് പറയുന്നു. കുട്ടികളും കോച്ചും രക്ഷാപ്രവര്‍ത്തനവുമെല്ലാം വലിയ തോതില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയാകര്ഷിച്ചിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പൗരത്വം നല്‍കുന്നത് പരിഗണിക്കാനുള്ള ഗവണ്മെന്റിന്റെ തീരുമാനം.
https://www.azhimukham.com/vayicho-brotherekk-strandedcoach-strandedchildren-thailandcave/
https://www.azhimukham.com/explainer-what-happened-in-the-thailand-cave/