TopTop
Begin typing your search above and press return to search.

നിരായുധനായി ടാങ്കുകളെ നേരിട്ട യുവാവ്, ടിയാനന്‍മെന്‍ സ്‌ക്വയറിലെ ആ ചിത്രത്തിന് 30 വയസ്സ്, ചൈനയുടെ ജനാധിപത്യ സ്വപ്‌നത്തിനും

നിരായുധനായി ടാങ്കുകളെ നേരിട്ട യുവാവ്, ടിയാനന്‍മെന്‍ സ്‌ക്വയറിലെ ആ ചിത്രത്തിന് 30 വയസ്സ്, ചൈനയുടെ ജനാധിപത്യ സ്വപ്‌നത്തിനും

മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ചൈനയില്‍ ടിയാന്‍മെന്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും നേരെ സൈന്യം വെടിയുതിര്‍ത്തിട്ട്. 1989 ജൂണ്‍ നാലിനായിരുന്നു അത്. ചൈനയില്‍ വിവിധ പട്ടണങ്ങളില്‍ നടന്ന അഴിമതിക്കെതിരെയും ജനാധിപത്യത്തിന് അനുകുലമായും നടന്ന പ്രതിഷേധത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ടത് തോക്കുകളും ടാങ്കുകളും ഉപയോഗിച്ചായിരുന്നു. സമരം അടിച്ചമര്‍ത്തപ്പെട്ടു. അതേക്കുറിച്ചുള്ള ഓര്‍മ്മകള്‍ പോലും മായ്ച് കളഞ്ഞ് ചരിത്രത്തില്‍ നിന്ന് തന്നെ ഈ സംഭവത്തെ ഇല്ലാതാക്കാനാണ് ചൈനീസ് സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിച്ചത്.

ചരിത്രപുസ്തകത്തില്‍ ടിയാന്‍മെന്‍ സ്‌ക്വയറില്ല. അതേക്കുറിച്ച് ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരെ പോലും തടവിലിടുകയാണ് ചൈനീസ് ഭരണകൂടം. എന്നാല്‍ എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും മനുഷ്യന്റെ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതിഷേധത്തിന്റെ പ്രതീകമായി ടിയാന്‍മെന്‍ സ്‌ക്വയര്‍ സംഭവം ഓര്‍മ്മിപ്പിക്കപ്പെടുന്നു. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്കുപോലും ലഭ്യമല്ല. നൂറുകണക്കിന് ആളുകള്‍ എന്ന് ചൈന പറയുമ്പോള്‍ മരിച്ചവര്‍ 10,000 ത്തിലേറെ വരുമെന്ന് ചില അനൗദ്യോഗിക റിപ്പോര്‍ട്ടുകളും പറയുന്നു.

ടിയാനന്‍മെന്‍ സ്‌ക്വയറില്‍ പ്രതിഷേധക്കാരെ നേരിട്ടുകൊണ്ട് കുതിക്കുന്ന ചൈനീസ് സൈനിക ടാങ്കിന് മുന്നില്‍ ഒറ്റയ്ക്ക് നിന്ന് നേരിടുന്ന ഒരു യുവാവിന്റെത് എന്ന് തോന്നിക്കുന്ന ചിത്രമാണ് പിന്നീട് ആ ചരിത്ര സംഭവത്തിന്റെ പ്രതീകമായി ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും ശക്തമായ ചിത്രം. ചൈനീസ് സൈന്യം പ്രതിഷേധക്കാരെ നേരിടുന്നത് പകര്‍ത്താന്‍ സമീപത്തെ ഹോട്ടലിന്റെ ബാല്‍ക്കണിയില്‍നനിന്നിരുന്ന ചില പത്ര ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയതാണത്രെ ആ ചിത്രം. ആ പ്രതിഷേധക്കാരന്‍ അന്ന് 19 വയസ്സായിരുന്ന ആര്‍്ക്കിയോളജി വിദ്യാര്‍ത്ഥി വാങ് വൈലന്‍ ആണെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്.

അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ അതോ ചൈനീസ് ഭരണകൂടം അയാളെ തടവിലിട്ടോ, കൊലപ്പെടുത്തിയോ എന്നി കാര്യങ്ങളിലൊന്നും ഒരു വ്യക്തതയുമില്ല. അഞ്ച് വിദേശ മാധ്യമങ്ങളെങ്കിലും ഈ ചിത്രം എടുത്തുവെന്നാണ് കണക്കാക്കുന്നത്. ഇതില്‍ സ്റ്റുവര്‍ട്ട് ഫ്രാങ്ക്ലിന്‍ എന്ന പത്ര ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രം ടൈം മാഗസിന്റെ കവര്‍ ചിത്രമായി അടിച്ചുവന്നു. ചാര്‍ലി കോള്‍ എന്ന ഫോട്ടോഗ്രാഫര്‍ക്ക് ആ ചിത്രം 1990 ലെ വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ് നേടികൊടുത്തു. എന്നാല്‍ ടാങ്ക് മാന്‍ എന്ന് വിളിക്കപ്പെടുന്ന ആ പ്രതിഷേധക്കാരന്റെ ജീവിതത്തിന് മാത്രം എന്ത് സംഭവിച്ചുവെന്ന് പിന്നീടാര്‍ക്കും അറിയില്ല. ടിയാനെന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തിന്റെ ഓര്മ്മകളെ പോലും ഭയക്കുന്ന ചൈന അയാളെക്കുറിച്ച് പിന്നീട് ലോകത്തോട് ഒന്നും പറഞ്ഞുമില്ല.

ചൈനയില്‍ മാവോ സെ തുങ്ങിന് ശേഷം നടന്ന പരിഷ്‌ക്കാരങ്ങളെ പൊതുവില്‍ സ്വാഗതം ചെയ്തവരെ ഞെട്ടിക്കുന്നതായിരുന്നു ചൈനയില്‍ 1980 കളുടെ അവസാനത്തില്‍ അരങ്ങേറിയ സംഭവം. സാമ്പത്തിക രംഗത്ത് മാവോയുടെ മാതൃകകള്‍ അവസാനിപ്പിച്ച് ഡെങ്ങ് സിയാവോ പിങ്ങ് കൊണ്ടുവന്ന മുതലാളിത്ത അനുകൂല പരിഷ്‌ക്കാരങ്ങളെ ലോകത്തെമ്പാടുമുള്ള ലിബറലുകള്‍ മുതല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ വരെ പിന്തുണയ്ക്കുകയായിരുന്നു. സാമ്പത്തിക വളര്‍ച്ച മാത്രമാണ് പ്രധാനമെന്നും അതിനായി അവലംബിക്കുന്ന രീതി അപ്രസക്തമാണെന്നുമായിരുന്നു ഡെങ്ങിന്റെ വാദം. പൂച്ചയുടെ നിറം എന്തായാലും എലിയെ പിടിച്ചാല്‍ മതിയെന്ന അദ്ദേഹത്തിന്റെ വാദത്തിന് മുതലാളിത്ത ലോകത്ത് പിന്തുണക്കാര്‍ ഏറെയായിരുന്നു. ചൈന മാവോയുടെ കാലത്തെ സോഷ്യലിസ്റ്റ് മാത്രകയില്‍നിന്നും മുന്നോട്ടുവന്നതില്‍ അവര്‍ ഡെങ്ങിനെ അഭിനന്ദിച്ചു.

സാമ്പത്തിക രംഗത്തു പരിഷ്‌ക്കാരം കൊണ്ടുവന്നാല്‍ അത് രാഷട്രീയ മേഖലയില്‍ പ്രതിഫലിക്കാതിരിക്കില്ലെന്നായിരുന്നു അവരുടെ വാദം. വിപണിയെ ആശ്രയിക്കുന്ന സ്വതന്ത്ര്യ സമ്പദ് വ്യവസ്ഥകള്‍ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യമില്ലാതെ നിലനില്‍ക്കാന്‍ കഴിയില്ലെന്നും അവര്‍ കരുതി. സാമ്പത്തിക രംഗത്തെ മാറ്റം രാഷ്ട്രീയ രംഗത്തും മാറ്റങ്ങള്‍ വേണമെന്ന ബോധ്യത്തിലേക്ക് ചൈനീസ് യുവാക്കളെ നയിച്ചു. ഇതില്‍ ശുദ്ധ മുതലാളിത്ത പക്ഷക്കാര്‍ മുതല്‍, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഡെങ് സിയാവോ പിങ്ങിന്റെ കാലത്ത് നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങളെ എതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരും മാവോ സേ തുങ്ങിന്റെ അനുകൂലികള്‍ വരെ ഉണ്ടായിരുന്നു. ചൈനീസ് രാഷ്ട്രീയത്തില്‍ അഴിമതിയും ഇവരെ പ്രക്ഷോഭത്തിലേക്ക് നയിച്ചതിന് കാരണമായി. ടിയാന്‍മെന്‍ സ്‌ക്വയറില്‍ മാത്രമായിരുന്നില്ല. ചൈനയിലെ 300 ലധികം ചെറുതും വലുതുമായ നഗരങ്ങളിലും പ്രതിഷേധം അലയടിച്ചു. സോവിയറ്റ് യൂണിയനില്‍ മിഖായേല്‍ ഗോര്‍ബച്ചേവ് സാമ്പത്തിക രാഷട്രീയ മേഖലയില്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്ന ഘട്ടമായിരുന്നു അത്. മിഖായേല്‍ ഗോര്‍ബച്ചേവ് ചൈന സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പാണ് കലാപം വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിച്ചത്. ഗോര്‍ബച്ചേവിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചൈനയിലേക്ക് അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ വരുന്നതിന് മുമ്പ് പ്രക്ഷോഭം അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ചൈന നടപ്പിലാക്കിയ പരിഷ്‌ക്കാരത്തിന്റെ തന്നെ സൃഷ്ടിയാണ് കലാപം എന്ന കരുതുന്നവരുമുണ്ട്. ചൈനീസ് സമൂഹത്തില്‍ ആരംഭിച്ച മുതലാളിത്ത പരിഷ്‌ക്കാരങ്ങള്‍ രാഷ്ട്രീയ ഘടനയിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള സമരമായിരുന്നു രാജ്യത്തെ വിവിധ നഗരങ്ങളിലെ പ്രക്ഷോഭകര്‍ ന്ടത്തിയത്. എന്നാല്‍ സാമ്പത്തിക പരിഷ്‌ക്കാരത്തെ പിന്തുണച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം ഇതിന് തയ്യാറായില്ല. ജനാധിപത്യ പ്രക്ഷോഭത്തെ പിന്തുണച്ചുവെന്ന് കരുതുന്ന ചൈനീസ് നേതാവ് ഷാവോ സിയാങ്ങിനെ സ്ഥാന ഭൃഷ്ടനാക്കുകയും വിട്ടുതടങ്കലിലാക്കുകയും ചെയ്തു.

ശക്തമായ അടിച്ചമര്‍ത്തല്‍ കാരണം പിന്നീട് ടിയാനന്‍മെന്‍ സ്‌ക്വയര്‍ മാതൃകയിലുള്ള ജനാധിപത്യ സമരങ്ങള്‍ ചൈനയിലുണ്ടായില്ല. എന്നാല്‍ പാര്‍ട്ടിയിലും ഭരണത്തിലും ഇപ്പോഴത്തെ പരമോന്നത് നേതാവ് സീ ജിന്‍പിങ് പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെ, വിവിധ പ്രദേശങ്ങളില്‍ ചെറു സമരങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സര്‍വകലാശാല വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് ബിജിംങിലെ അന്താരാഷ്ട്ര സമ്മേളനം വിഖ്യാത ചിന്തകന്‍ നോം ചോംസ്‌കിയുള്‍പ്പെടെയുള്ളവര്‍ ബഹിഷ്‌ക്കരിച്ചിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമീപനങ്ങളെ ചെറുക്കുന്ന മാവോയിസ്റ്റുകള്‍ മുതല്‍ പാശ്ചാത്യ മാതൃകയിലുള്ള ലിബറല്‍ ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്നവര്‍ വരെ ഇങ്ങനെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധിക്കുകയും അറസ്റ്റിലാകുകയും ചെയ്തതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ടിയാന്‍മെന്‍ സ്‌ക്വയര്‍ സംഭവം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചലനങ്ങളുണ്ടാക്കി. പ്രക്ഷോഭത്തെ അനുകൂലിച്ച് പി ഗോവിന്ദപിള്ളയ്‌ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായി. ചെന്നെയില്‍ നടന്ന സിപിഎമ്മിന്റൈ 14-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനയ്ക്കുള്ളിലെ ജനാധിപത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കാരണമായി. എന്നാല്‍ സാമ്രാജ്യത്വത്തിന്റെ കുത്തിതിരിപ്പാണ് ടിയാന്‍മെന്‍ സ്‌ക്വയറില്‍ കണ്ടതെന്നും പ്രതിവിപ്ലവ പരിപാടിയായതുകൊണ്ടുതന്നെ അതിനെ അടിച്ചമര്‍ത്തേണ്ടത് അനിവാര്യമാണെന്നുമായിരുന്നു സിപിഎം വിലയിരുത്തിയത്.

Next Story

Related Stories