TopTop
Begin typing your search above and press return to search.

തെരേസ മേയ്ക്ക് പകരം ആര്? പ്രധാനമന്ത്രി പദത്തിനായി പോരടിക്കുന്ന അഞ്ച് പേര്‍ ഇവരാണ്

തെരേസ മേയ്ക്ക് പകരം ആര്? പ്രധാനമന്ത്രി പദത്തിനായി പോരടിക്കുന്ന അഞ്ച് പേര്‍ ഇവരാണ്

ബ്രെക്സിറ്റ് കരാറിന്മേൽ അടിപതറിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അധികാരമൊഴിയുകയാണ്. അതോടെ പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. പാര്‍ട്ടിയെ ഏകോപിപ്പിക്കാന്‍ കഴിവുള്ള ഒരു നേതാവ് ഇല്ലെന്നതാണ് അവര്‍ നേരിടുന്ന പ്രതിസന്ധി. ബോറിസ് ജോണ്‍സണ്‍, ആന്‍ഡ്രിയ ലീഡ്സം അടക്കം 15-ല്‍ അധികം നേതാക്കളാണ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്. ആരൊക്കെയാണിവര്‍? അവരുടെ സാധ്യതകള്‍ എത്രത്തോളമുണ്ട്? ഏറ്റവും കൂടുതല്‍ സ്ഥാനത്തിന് വേണ്ടി കരുനീക്കങ്ങള്‍ നടത്തുന്നവരോ, മാധ്യമങ്ങള്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയവരോ ആയ അഞ്ചു പേര്‍ ഇവരാണ്.

1.ബോറിസ് ജോൺസൺ

പ്രധാനമന്ത്രി പദം മോഹിച്ച് ബ്രക്സിറ്റിനെ പിന്തുണച്ച് കാമറണിനെ താഴെയിറക്കിയ ആളാണ്‌ ബോറിസ് ജോൺസൺ. വിദേശകാര്യ സെക്രട്ടറിയായിരുന്ന് പ്രധാനമന്ത്രിക്കും മന്ത്രിസസഭയ്ക്കും പാര പണിതു മുന്നേറാന്‍ ശ്രമിച്ചെങ്കിലും, തെരേസ മേയ് അതിനെയെല്ലാം അതിജീവിച്ച് വിജയിച്ചു. എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ ഏറെക്കുറെ ബോറിസിന് അനുകൂലമാണ്. ടൈംസ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ 39 ശതമാനം പേര്‍ അദ്ദേഹത്തെ പിന്തുണച്ചു. തൊട്ടടുത്തുള്ള സ്ഥാനാര്‍ത്ഥിയേക്കാള്‍ ബഹുദൂരം മുന്നില്‍.

2.ഡൊമിനിക് റാബ്

മുന്‍ ബ്രെക്‌സിറ്റ് മന്ത്രിയായിരുന്നു ഡൊമിനിക് റാബ്. 2018 ജൂലായ് 9-ന് ബ്രെക്സിറ്റ് സെക്രട്ടറിയായ ഡേവിസ് രാജിവെച്ചതിനുശേഷമാണ് അദ്ദേഹം ആ ജോലി ഏറ്റെടുത്തില്ലെങ്കിലും 2018 നവംബർ 15-നുതന്നെ രാജിവെച്ചു. മേയുടെ ബ്രക്സിറ്റ് കരാറിലുള്ള എതിര്‍പ്പായിരുന്നു കാരണം. യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനേക്കാള്‍ മോശപ്പെട്ട കരാറാണ്‌ മേയ് അവതരിപ്പിച്ചതെന്ന് അന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എന്തായാലും 13 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തെ പിന്തുണക്കുന്നത് എന്നാണ് ടൈംസ് പറയുന്നത്. ബോറിസിനെ പിന്തള്ളി മുന്നോട്ടുവരാന്‍ എത്രത്തോളം സാധിക്കുമെന്നത് കണ്ടറിയണം.

3. മൈക്കൽ ഗോവ്

പരിസ്ഥിതി സെക്രട്ടറിയാണ്. എന്നാല്‍ എന്തുകൊണ്ട് സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തണം എന്ന് ചോദിച്ചാല്‍ അതിനുമാത്രം പ്രത്യേകമായി ഗോവ് ഒന്നും ചെയ്തിട്ടില്ല. ടോറി എംപിമാരുടെ ഹൃദയങ്ങളിൽ തന്‍റെ സ്ഥാനം ഉറപ്പിക്കുന്നതിലും പരാചിതനാണ്. തരേസാ മേയ്ക്ക് അവസാനംവരെ ശക്തമായ പിന്തുണയുമായി കൂടെ നിന്ന ആളാണ്‌.

4. ആന്‍ഡ്രിയ ലീഡ്സം

‘ഹൌസ് ഓഫ് കോമണ്‍സി’ന്‍റെ ലീഡറായിരുന്നു. ക്യാബിനറ്റിലെ സഹപ്രവര്‍ത്തകരുടെ അച്ചടക്കമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ലീഡ്‌സം രാജിവെച്ചത്. കഴിഞ്ഞ തവണ മേയ്ക്കൊപ്പം സജീവമായി പ്രധാനമന്ത്രി പഥത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. ഒടുവില്‍ മേയ്ക്ക് വഴിമാറി കൊടുക്കുകയായിരുന്നു.

5. ജെറമി ഹണ്ട്

നിലവില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയാണ് ജെറമി ഹണ്ട്. കൺസർവേറ്റീവ് പാർട്ടി നേതൃത്വം ലഭിക്കുന്നതിനായി ഏറ്റവും കൂടുതല്‍ രംഗത്തുള്ളത് ഹണ്ട് ആണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രക്സിറ്റുമായി ബന്ധപ്പെട്ടും, നിലവിലെ കരാറുമായി ബന്ധപ്പെട്ടും എന്ത് നിലപാടാണ് അദ്ദേഹം സ്വീകരിക്കുക എന്നത് ആര്‍ക്കുമറിയില്ല എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള പ്രധാന മുഖ്യവിമര്‍ശം.

Read More: കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഭൂമിയിടപാട് പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച 15 പുരോഹിതരെ കുടുക്കാനുള്ള മത-കോര്‍പ്പറേറ്റ്-ഭരണകൂട കളിയോ വ്യാജരേഖ കേസ്?


Next Story

Related Stories