TopTop
Begin typing your search above and press return to search.

ഇദ്‌ലിബിൽ ഞങ്ങൾ മരണമുഖത്തു കുടുങ്ങിയിരിക്കുന്നു; ലോകമേ രക്ഷിക്കൂ... ഒരു അജ്ഞാതന്റെ കുറിപ്പ്

ഇദ്‌ലിബിൽ ഞങ്ങൾ മരണമുഖത്തു കുടുങ്ങിയിരിക്കുന്നു; ലോകമേ രക്ഷിക്കൂ... ഒരു അജ്ഞാതന്റെ കുറിപ്പ്

ഇദ്‌ലിബിൽ കുരുങ്ങിപ്പോയ എന്നെപ്പോലുള്ള സാധാരണക്കാർ ഭയന്നാണ് കഴിയുന്നത്. ഈ വടക്കൻ പ്രവിശ്യ, സംഘർഷത്തിൽ ഏറ്റവും രൂക്ഷവും ഭീകരവുമായ യുദ്ധമുന്നണിയാകാൻ എത്ര സമയമെന്നതെ ഇനി അറിയാനുള്ളൂ എന്ന ഭീതിയിലാണ് ഞങ്ങൾ. ഓരോ ദിവസവും പുതിയ ബോംബാക്രമണമാണ്. ഇദ്‌ലിബ് നഗരത്തിനു ചുറ്റുമുള്ള പ്രദേശത്ത് ഏതു നിമിഷവും സർക്കാർ സേന ആക്രമണം നടത്തുമെന്നുമുള്ള പുത്തൻ വാർത്തകളാണ് വരുന്നത്. കുറച്ചാഴ്ച്ചകൾക്ക് മുമ്പാണ് ഞാനറിയുന്ന ഒരു സ്ത്രീയും അവരുടെ ഭർത്താവും അഞ്ചു മക്കളും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. കുറച്ചു കാലത്തിനിടയിൽ നടന്ന ഏറ്റവും രൂക്ഷമായ ആക്രമണത്തിൽ ആ ആഴ്ച്ച മറ്റു 116 പേരും കൊല്ലപ്പെട്ടു. 70 പേർക്ക് പരിക്കേറ്റു.

ഞങ്ങൾ മരണമുഖത്തു നിൽക്കുമ്പോഴും, അന്താരാഷ്ട്ര സമൂഹം ഒരിക്കൽക്കൂടി ഞങ്ങളെ കയ്യൊഴിയും എന്ന ഭീതിയാണ് എനിക്കുള്ളത്. ഇദ്‌ലിബിൽ Islamic Relief പ്രവർത്തകനായ പേര് വെളിപ്പെടുത്താത്ത ഒരാളുടെ കുറിപ്പ് ദി ഗാര്‍ഡിയനാണ് പുറത്തുവിട്ടത്.

എല്ലാവരും ഈ തോന്നലിൽ അസ്വസ്ഥരാണ്. വിമത നിയന്ത്രണത്തിലുള്ള പ്രധാനപ്പെട്ട അവസാനപ്രദേശമായ ഇവിടം പിടിച്ചെടുക്കാൻ സർക്കാർ സേന തയ്യാറാകുന്നതോടെ കാര്യങ്ങൾ ഇതിലും വഷളാകാൻ പോവുകയാണെന്ന് ഞങ്ങളെല്ലാവർക്കും അറിയാം. അതുണ്ടാക്കാൻ പോകുന്ന രക്തച്ചൊരിച്ചിലും ദുരിതവും ആലോചിക്കാൻ പോലും എനിക്കാവുന്നില്ല. സാധാരണ ജനങ്ങളെയായിരിക്കും ആദ്യം ലക്ഷ്യമിടുക എന്നാണു അനുഭവങ്ങൾ കാണിക്കുന്നത്. ഇദ്ലിബിൽ ഇപ്പോൾ ഏതാണ്ട് മൂന്നു ദശലക്ഷം മനുഷ്യരുണ്ട്. ഇതിൽ പകുതിയോളം പേര് സിറിയയുടെ മറ്റു പ്രദേശങ്ങളിൽ നിന്നും പലായനം ചെയ്തെത്തിയവരാണ്. കാൽഭാഗത്തോളം പേര് ഈ വർഷമാണ് അഭയാർത്ഥികളാക്കപ്പെട്ടത്. തിങ്ങിനിറഞ്ഞ താവളങ്ങളിലാണ് ആളുകൾ താമസിക്കുന്നത്. ഭക്ഷണം, വെള്ള, ചികിത്സ ഇതിനെല്ലാം ക്ഷാമമാണ്. വൈദ്യുതിയില്ല. കുടിവെള്ള സംവിധാനമോ അഴുക്കുചാലുകളോ ഇല്ല.

സിറിയൻ ജനത ഇനിയെന്തൊക്കെ സഹിക്കണം എന്നത് സങ്കൽപ്പിക്കാനാകില്ല. കഴിഞ്ഞ ഏഴു വർഷമായി മനുഷ്യർക്ക് താങ്ങാനാകാത്ത വിധത്തിലാണ് ഞങ്ങൾക്ക് മേലുള്ള ബോംബാക്രമണവും ഉപരോധവും ഞങ്ങൾ കടന്നുപോകുന്ന ദുരിതങ്ങളും. ഞാൻ അലെപ്പോയിലാണ് ജനിച്ചത്. 2012-ൽ തുടങ്ങിയ ബോംബാക്രമണത്തിനിടയിലാണ് വളർന്നുവന്നതും. നൂറുകണക്കിനാളുകൾ എന്റെ കണ്മുന്നിൽ കഷ്ണങ്ങളായി ചിതറിത്തെറിക്കുന്നതും ആളുകൾ ജീവനോടെ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ മൂടിപ്പോകുന്നതും ഞാൻ കണ്ടിട്ടുണ്ട്; ഒരു മനുഷ്യനും ഒരിക്കലും കാണാൻ പാടില്ലാത്ത കാഴ്ച്ചകൾ. ലോകാവസാനം പോലെയാണത്. ഇന്നിപ്പോൾ ഞാനതെല്ലാം വീണ്ടും കാണാൻ പോവുകയാണ്, എന്റെ സുഹൃത്തുക്കളെ, കുടുംബത്തെ, എന്റെ തന്നെ ജീവൻ എനിക്ക് നഷ്ടപ്പെട്ടേക്കാം എന്നറിഞ്ഞുകൊണ്ട്.

ഞങ്ങൾ മരണത്തെ മുഖാമുഖം കാണുമ്പോഴും അന്താരാഷ്ട്ര സമൂഹം ഒരിക്കൽക്കൂടി നിഷ്ക്രിയരായിരിക്കുമെന്നും സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യദുരന്തങ്ങളിലൊന്ന് ഒരു തടസവും നേരിടാതെ അരങ്ങേറാൻ അനുവദിക്കുമെന്നും ഞങ്ങൾ ഭയക്കുന്നുണ്ട്.

ആശുപത്രികൾ, അങ്ങാടികൾ, വിദ്യാലയങ്ങൾ, പള്ളികൾ, വീടുകൾ, പട്ടണങ്ങൾ എല്ലാം വെറും പൊടിയായി അമരുന്നതും മനുഷ്യരുടെ ശരീരവും മനസും ശരിയാക്കാൻ കഴിയാത്തവണ്ണം തകരുന്നതും കഴിഞ്ഞ ഏഴുവർഷമായി ഞങ്ങൾ കാണുകയാണ്. ഞങ്ങൾ ചോരവാർന്നു കിടക്കുമ്പോൾ ലോകനേതാക്കൾ സഹതാപവും ആശങ്കയും പ്രകടിപ്പിച്ചു കയ്യൊഴിയുകയാണ്.

രാസാക്രമണങ്ങളിൽ കുടുംബങ്ങൾ മുഴുവൻ ശ്വാസം മുട്ടിയപ്പോൾ, ബോംബ് കോട്ടകൾ ആയിരക്കണക്കിനാളുകളെ കൊന്നപ്പോൾ, പുരാതന നഗരങ്ങൾ വെറും ധൂളികളായി മണ്ണിലമർന്നപ്പോൾ അവരെവിടെയായിരുന്നു? ഓരോ സംഘർഷ രഹിത മേഖലയും ഒന്നിന് പിറകെ ഒന്നായി പോരാട്ടഭൂമിയാകുമ്പോൾ അവരെവിടെയാണ്?

യുദ്ധം ചെയ്യുന്ന കക്ഷികളെ ഒരു മേശയ്ക്കിരുപുറവും ചർച്ചക്കിരുത്താൻ കഴിയാത്ത ഈ കൂട്ടായ നിഷ്‌ക്രിയത്വം വരാനിരിക്കുന്ന നിരവധി തലമുറകളുടെ മനസാക്ഷിയെ വേട്ടയാടും. ഈ ദുരന്തത്തെ കണ്ടില്ലെന്നു നടിക്കാനും കാര്യങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് നടിക്കാനും ശ്രമിച്ചാലും ഈ ക്രൂരതകളൊന്നും എളുപ്പത്തിൽ മായ്ക്കാനോ മറക്കാനോ കഴിയില്ല. ഈ ദുരിതങ്ങൾക്കിടയിലും ഇസ്‌ലാമിക് റിലീഫിനെ പോലുള്ള സംഘടനകൾ പ്രാദേശിക സിറിയൻ സംഘങ്ങൾക്കൊപ്പം ചേർന്ന് ഏറ്റവും കഷ്ടപ്പെടുന്നവർക്ക് സഹായമെത്തിക്കാൻ ശ്രമിക്കുന്നു എന്നത് ആശ്വാസമാണ്. പക്ഷെ അന്താരാഷ്‌ട്ര സമൂഹത്തിന്റെ സഹായം കൂടാതെ അവർക്ക് അധികമൊന്നും ചെയ്യാനാകില്ല.

അതുകൊണ്ട് മനുഷ്യകാരുണ്യ സഹായം എല്ലാ ഭാഗത്തും ലഭ്യമാക്കുകയും സഹായപ്രവർത്തകരുടെ സുരക്ഷാ ഉറപ്പാക്കുകയും വേണം. ഇദ്‌ലിബിൽ കുടുങ്ങിപ്പോയ ഒരു ദശലക്ഷം ആളുകൾക്ക് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വെള്ളം, താമസസൗകര്യം, ചികിത്സ എന്നിവ ലഭ്യമാക്കാൻ ധനസഹായവും ആവശ്യമാണ്.

ഒരു രാഷ്ട്രീയ പരിഹാരത്തിന്റെ അഭാവത്തിലും ഇദ്‌ലിബിൽ നാം ഉടനെത്തന്നെ വലിയൊരാക്രമണം ഭയക്കുമ്പോഴും പലായനം ചെയ്ത കുടുംബങ്ങളെയും സിറിയക്കുള്ളിൽ ഓരോ ദിവസവും ഭയപ്പാടിൽ കഴിയുന്നവരെയും സഹായിക്കുന്നതിൽ പടിഞ്ഞാറൻ സർക്കാരുകളുടെ പരാജയത്തെക്കുറിച്ചും നാം ഗൗരവമായി ചർച്ച ചെയ്യണം.

2015-ൽ 20000 സിറിയൻ അഭയാർത്ഥികളെ ഉൾക്കൊള്ളാമെന്നു യു കെ സമ്മതിച്ചതാണ്. എന്നാൽ ഇതുവരെയായി അതിന്റെ പകുതി മാത്രമേ ആയുള്ളൂ. ജീവനുവേണ്ടി പലായനം ചെയ്യുന്ന നിരവധിപേരുടെ മുന്നിൽ വാതിലുകൾ അടയുകയാണെന്നും യൂറോപ്പിൽ പലരും ഞങ്ങൾ ജീവിക്കുമോ മരിക്കുമോ എന്ന് കാര്യമാക്കുന്നില്ലെന്നും-പരസ്യമായി ഞങ്ങളെ ‘പാറ്റകൾ' ‘ദേശീയസുരക്ഷയ്ക്ക് ഭീഷണി’ എന്നും വിളിക്കുന്നു- എന്നതും എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. ബോംബുകളിൽ നിന്നും വെടിയുണ്ടകളിൽ നിന്നും രക്ഷനേടാൻ, നിങ്ങളുടെ സുഹൃത്തുക്കളും കുടുംബവും മെഡിറ്ററേനിയൻ സമുദ്രത്തിൽ മുങ്ങിമരിക്കുന്നതു കാണുമ്പോൾ, എങ്ങനെയെങ്കിലും എത്തിപ്പെട്ടാൽ കടുത്ത വംശീയതയും സംശയവും നിങ്ങളെ കാത്തുകിടക്കുമ്പോൾ, അത് താങ്ങാനാവുന്നതിനും അപ്പുറമാണ്-താങ്ങാവുന്നതിനും അപ്പുറം സഹിക്കുന്ന ഒരു ജനതയ്ക്ക്.

എന്റെ ഭാര്യ ഇതാദ്യമായി ഗർഭിണിയാണ്. ഞങ്ങളുടെ ഭാവിയെക്കുറിച്ചാണ് ഞാൻ ആലോചിക്കുന്നത്. പക്ഷെ എന്തായിരിക്കും ആ ഭാവി എന്നെനിക്കറിയില്ല. ഞാൻ വർത്തമാനകാലത്തിൽ മാത്രമാണ് കഴിയുന്നത്, എന്റെ രാജ്യത്ത് സാധ്യമായത് ചെയ്ത്, ജീവനോടെയിരിക്കാൻ ശ്രമിക്കുന്നു.

സമാധാനത്തോടെ ജീവിക്കാനും നമ്മുടെ ജന്മനാട് വീണ്ടും കെട്ടിപ്പടുക്കാനും നാമെല്ലാം ആഗ്രഹിക്കുന്നു; പക്ഷെ അത് ചെയ്യുന്നതിന് ഈ അർത്ഥമില്ലാത്ത യുദ്ധം ഉടനെ നിർത്തണം, നിരപരാധികളായ സ്ത്രീ പുരുഷന്മാരെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കുന്നതും. അതിന് അന്താരാഷ്‌ട്ര സമൂഹം മുൻകൈ എടുക്കണം- കാരണം ഞങ്ങൾക്കിനി പോകാൻ ഇടമില്ല, മടങ്ങിവരാനും ഇടമില്ല.


Next Story

Related Stories