TopTop
Begin typing your search above and press return to search.

സൗദി ആരുടെ 'കറവപ്പശു'? സല്‍മാന്റെ അരമനയിലെ നാടകം വൈറ്റ് ഹൗസിന്റെ തിരക്കഥയോ?

സൗദി ആരുടെ

സൗദി അറേബ്യയിലെ അഴിമതി വിരുദ്ധ നടപടിയില്‍ പിടിയിലായ രാഷ്ട്രീയ ബിസിനസ് രംഗത്തെ ഉന്നത പദവിയിലുളള ഡസന്‍ കണക്കിനു പേര്‍ വിചാരണ നേരിടേണ്ടി വരുമെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു കഴിഞ്ഞു. കൊട്ടാരത്തിനകത്തെ ശുദ്ധികലശത്തിന്റെ അടുത്ത ദിവസമാണ് അറ്റോര്‍ണി ജനറലിന്റെ ഈ പ്രസ്താവന. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ രൂപം നല്‍കിയ അഴിമതി വിരുദ്ധ സമിതിയുടെ തൂത്തുവാരലില്‍ മന്ത്രിമാരും ശതകോടീശ്വരന്‍മാരും, രാജകുമാരന്‍മാരും അല്‍ വലീദ് ബിന്‍ തലാലിനെപ്പോലുളള ടൈക്കൂണുകളും അടക്കം ശുദ്ധികലശത്തില്‍ ഒഴുകിപ്പോയി.

''കുറ്റക്കാരെന്നു കരുതുന്നവര്‍ക്ക് അവരുടെ പക്ഷം വ്യക്തമാക്കുന്നതിനു പൂര്‍ണമായും നിയമവിഭവങ്ങള്‍ ലഭ്യമാക്കും, വിചാരണ കാലതാമസമില്ലാതെ തുറന്ന രീതിയില്‍ നടത്തും'' സൗദി അറേബ്യന്‍ അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍ മൊജേബ് പ്രസ്താവനയില്‍ പറഞ്ഞതായി സൗദി പത്രം റിപ്പോര്‍ട്ട് ചെയ്തു. കുറ്റക്കാര്‍ക്കെതിരേ ഹാജരാക്കുന്നതിനായി നിരവധി തെളിവുകള്‍ നേരത്തെ തന്നെ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെന്ന് കരുതുന്നവരെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2009 ല്‍ ജിദ്ദയില്‍ ചെങ്കടല്‍ കര കവിഞ്ഞ് പട്ടണം ആകെ മുങ്ങിപ്പോയ വെളളപ്പൊക്കമടക്കമുളള പഴയ കേസുകള്‍ പുതിയ അഴിമതി വിരുദ്ധ കമ്മീഷന്‍ പുനഃപരിശോധിച്ചുവെന്ന് സൗദി ഉടമസ്ഥതയിലുളള അല്‍ അറേബ്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പഴയതും പുതിയതുമായ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 11 രാജകുമാരന്‍മാര്‍, നാലു മന്ത്രിമാര്‍, ഡസണ്‍ കണക്കിനു മുന്‍ മുന്‍ മന്ത്രിമാര്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസറ്റ് ചെയ്തതെന്നും അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. ''വ്യാപകമായ അഴിമതിയാണ് കമ്മീഷന്‍ കണ്ടെത്തിയത്'' ഖാലിദ് ബിന്‍ അബ്ദുല്‍ മുഹസിന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. സൗദിയിലെ അഴിമതി വിരുദ്ധ കമ്മീഷന്‍ മൂന്നു വര്‍ഷമായി ഇത്തരം അഴിമതി അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അതേ സമയം ഞായറാഴ്ച പിടിച്ച എല്ലാവരുടേയും ബാങ്ക് സ്വത്തുക്കള്‍ മരവിക്കാന്‍ ഉത്തരവിട്ടതായും കമ്മീഷന്‍ അറിയിച്ചു.

http://www.azhimukham.com/international-saudi-governments-present-actions-are-the-intolerance-against-criticism/

എന്നാല്‍, ശൂദ്ധികലശം മുഹമ്മദ് ബിന്‍ സല്‍മാന്റെ അധികാരം ഉറപ്പിക്കാനുളള നടപടിയാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സുരക്ഷ ഗാര്‍ഡ് മേധാവി, നാവിക മേധാവി, ധനമന്ത്രി എന്നി പ്രധാനികളെ നീക്കം ചെയ്തതിന്റെ പിന്നില്‍ അധികാരം പിടിച്ചെടുക്കല്‍ തന്നെയാണെന്ന് മധ്യപൂര്‍വേഷ്യന്‍ വിദഗ്ധര്‍ വിലയിരുത്തുന്നു. ഈ നടപടികള്‍ രാജ്യത്ത് കടുത്ത നടുക്കം സൃഷ്ടിച്ചതായും റിപ്പോര്‍ട്ടുണ്ട്. എണ്ണ അനന്തര ഘട്ടത്തില്‍ സൗദി മാറ്റത്തിനുവേണ്ടി ഒരുങ്ങുമ്പോഴാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായതെന്നതും അമ്പരപ്പിക്കുന്നതാണ്. മതയാഥാസ്ഥിതിക സമീപനങ്ങള്‍ കാരണം മരവിച്ച് കൊണ്ടിരിക്കുന്ന സാമ്പത്തികരംഗം മെച്ചപെടുത്താന്‍ പുതിയ പരിഷ്‌കാരം വേണമെന്ന നിലപാടിലാണ് ഭരണകൂടം. ഇതിനായി മുഹമ്മദ് ബിന്‍ സല്‍മാന്‍ 'വിഷന്‍ 2030' എന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ അഴിമതി വിരുദ്ധ സമിതിയുടെ നടപടിയെ ശ്ലാഘിച്ചുകൊണ്ട് തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിട്ടുണ്ട്.

"എനിക്ക് സല്‍മാന്‍ രാജാവിലും മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനിലും ശക്തമായ വിശ്വസമുണ്ട്. അവര്‍ക്ക് അറിയാം അവര്‍ എന്തല്ലാമാണ് ചെയ്തുകൊണ്ടിരിക്കുന്നത്"

മറ്റൊരു ട്വീറ്റില്‍ ട്രംപ്: .... കുറച്ചുപേര്‍ അവരുടെ രാജ്യത്തെ വര്‍ഷങ്ങളായി കറവ പശുവാക്കി വരികയാണ്.

http://www.azhimukham.com/foreign-saudi-purge-a-planned-one/

ഖത്തറിനെ ഉപരോധിക്കാന്‍ ട്രംപാണ് സൗദി അറേബ്യയെ ഉപദേശിച്ചതെന്ന് മുന്‍ യുഎസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. മുന്‍ വൈറ്റ് ഹൗസ് മുഖ്യ നയതന്ത്രജ്ഞന്‍ സ്റ്റീവ് ബാനണ്‍ ആണ് ഇക്കാര്യം പരസ്യമായി സമ്മതിച്ചത്. 'കൗണ്ടറിങ് എക്‌സ്ട്രീമിസം: ഖത്തര്‍, ഇറാന്‍, ആന്‍ഡ് മുസ്ലീം ബ്രദര്‍ഹുഡ്'' എന്ന വിഷയത്തില്‍ ഹഡ്‌സണ്‍ ഇന്‍സ്റ്റിട്യൂട്ടില്‍ വെച്ച് നടത്തിയ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ പിടികൂടിയ ഉന്നതര്‍ക്ക് യാത്രാനിരോധം നടപ്പിലാക്കിയും ശുദ്ധികലശം വിശാലമാക്കിയും അഴിമതി വിരുദ്ധ സമിതി നടപടികള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ എണ്ണ ഉത്പാദനം വര്‍ദ്ധിക്കുകയും വിപണനം കുറയുകയും ചെയ്തപ്പോള്‍ വില ഉയര്‍ത്താന്‍ ചില എണ്ണ ഉത്പാദന രാജ്യങ്ങള്‍ ഉത്പാദനം കുറക്കണമെന്ന് ലോക ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ലോകബാങ്കിന്റെ ആവശ്യം അംഗീകരിക്കാന്‍ തുടക്കത്തില്‍ തയ്യാറാകാതിരുന്ന സൗദിയില്‍ പിന്നീട് കണ്ടത് കിഴ്‌വഴക്കം ലംഘിച്ച് മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി പ്രഖ്യാപിക്കുന്നതാണ്. ഇപ്പോള്‍ നടക്കുന്ന സൗദി അരമനയിലെ നാടകം വൈറ്റ് ഹൗസില്‍ രചിച്ച തിരക്കഥയാണെന്നതില്‍ യാതൊരു സംശയവുമില്ല. ഒബാമ പടിയിറങ്ങുന്നതിന്റെ ആറു മാസങ്ങള്‍ക്ക് മുമ്പ് ഈ നാടകം രചിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണ് മധ്യപൗരസ്ത്യ വിദഗധര്‍ വിലയിരുത്തുന്നത്. എണ്ണ ബാരലിനും 32 ഡോളറായി കൂപ്പുകുത്തിയപ്പോള്‍ ഉണ്ടായ പരിഹാര മാര്‍ഗമാണ് ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വം എന്നുവരെ അന്താരാഷ്ട്ര രംഗത്ത് ചര്‍ച്ചകള്‍ സജീവമായി കഴിഞ്ഞു. ട്രംപിനെ ജയിപ്പിക്കുന്നതില്‍ റഷ്യന്‍ ലോബിയിങ് നടന്നുവെന്നും കരുതുന്നവര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉയര്‍ച്ചയില്‍ ട്രംപിന്റെ പങ്കും വ്യക്തമാക്കുന്നുണ്ട്. 22 രാജ്യങ്ങളില്‍ 500 ബിസിനസ് സംരംഭങ്ങളുളള ട്രംപ് സൗദിയിലെ ശുദ്ധികലശത്തെ ശ്ലാഘിക്കണമെങ്കില്‍ അതിലെന്തങ്കിലുണ്ടാവില്ലെയെന്ന ചോദ്യം അന്താരാഷ്ട്ര രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടികാട്ടി കഴിഞ്ഞു.

http://www.azhimukham.com/world-saudiarabia-transition-from-dynasty-to-dictatorship/


Next Story

Related Stories