TopTop
Begin typing your search above and press return to search.

വീണ്ടുവിചാരമില്ലാതെ ട്രംപ് വിതയ്ക്കുന്ന കുഴപ്പങ്ങള്‍; ലോകം അസ്വസ്ഥമാണ്

വീണ്ടുവിചാരമില്ലാതെ ട്രംപ് വിതയ്ക്കുന്ന കുഴപ്പങ്ങള്‍; ലോകം അസ്വസ്ഥമാണ്

നാറ്റോയുടെ (നോർത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷൻ) സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോള്‍ടെൻബർഗ് പ്രഭാതഭക്ഷണ സമയത്ത് എല്ലാവരേയും അഭിവാദ്യം ചെയ്യുന്നതിനിടെയാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമായി ആസൂത്രണം ചെയ്ത ആ ആക്രമണം ആരംഭിച്ചത്. പ്രഭാതഭക്ഷണ വേദിയിൽ പങ്കെടുക്കാനെത്തിയ 29 നാറ്റോ രാജ്യങ്ങളിലെ നേതാക്കന്‍മാര്‍ അമ്പരന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ആഗോള സഖ്യത്തിന്‍റെ വാർഷിക സമ്മേളനത്തിനെത്തിയ നയതന്ത്രജ്ഞരെല്ലാം ട്രംപിന്‍റെ വാചാടോപത്തിനു മുന്നില്‍ നിശബ്ദരായി.

ജർമനി റഷ്യയുടെ തടവിലാണെന്ന പ്രകോപനപരമായ ആരോപണം ഉന്നയിച്ചുകൊണ്ടാണ് ഡൊണാൾഡ് ട്രംപ് തുടങ്ങിയത്. സഖ്യകക്ഷികള്‍ തങ്ങളുടെ പ്രധിരോധ ചിലവില്‍ കൃത്യവിലോപം വരുത്തുന്നുണ്ടെന്നും അതുകൊണ്ട് എത്രയും പെട്ടന്നുതന്നെ അംഗ രാജ്യങ്ങള്‍ പ്രതിരോധ ചെലവ് വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു മുതിര്‍ന്ന യൂറോപ്യന്‍ നയതന്ത്രജ്ഞന്‍ സി എന്‍ എനിന്നോട് പറഞ്ഞത്, "ഈ രാവിലെ ലോകത്തിന് കിറുക്ക് പിടിച്ചത് പോലെയായി"

ട്രംപാണ് പ്രസിഡന്‍റ് എന്ന വസ്തുത നിലനില്‍ക്കെതന്നെ അമേരിക്കയേയും ഈ നിലപാടുകള്‍ അന്ധാളിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും നേര്‍ത്ത അധികാര സമവാക്യങ്ങളിൽ പോലും നാശം വിതയ്‌ക്കുന്ന കാര്യത്തില്‍ മാത്രമാണ് ട്രംപിന് എന്തെങ്കിലും ഒരു കൃത്യതയുള്ളത്. നിലവിലെ എല്ലാ സമാധാന സമവാക്യങ്ങളേയും അയാള്‍ പൊളിച്ചടുക്കുകയാണ്. അടുത്ത സഖ്യശക്തികളെയെല്ലാം അസ്വസ്ഥരാക്കുന്നു. ചൈനയെ തുടർച്ചയായി വെല്ലുവിളിക്കുന്നു. ഇറാനുമായുള്ള സഹകരണമടക്കം വിദേശനയത്തില്‍ ഒബാമ ഭരണകൂടം കൈവരിച്ചിരുന്ന സുപ്രധാനമായ എല്ലാ നേട്ടങ്ങളും പിന്‍വലിക്കുന്നു. എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും ഇല്ലാതെ ഉത്തരകൊറിയയുമായി ഇടപാടുകള്‍ ഉണ്ടാക്കുന്നു.

മാത്രവുമല്ല, അമേരിക്കയുമായും ചൈനയുമായും മറ്റു പാശ്ചാത്യ രാഷ്ട്രങ്ങളുമായുമെല്ലാം നല്ല ബന്ധം പുലര്‍ത്തുന്നതോടൊപ്പം തന്നെ ഇറാൻ പോലുള്ള രാജ്യങ്ങളുമായി പരമ്പരാഗതവും സാംസ്കാരികവുമായ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന, ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ സങ്കീർണ്ണവും വിഷമകരവുമായ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുകയാണ് ട്രംപ്.

ഉത്തമമായ ലോകമല്ലിത്. ഒരു സഖ്യവും അനുകമ്പയുള്ളതല്ല. യുഎൻ ദുർബലമാണ്. ഇറാൻ, വടക്കൻ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ അത്ര നല്ലവരൊന്നുമല്ല. അമേരിക്ക ഒരു കുറ്റമറ്റ രാഷ്ട്രമല്ല. ഈ യാഥാർത്ഥ്യങ്ങളൊക്കെ നിലനില്‍ക്കെതന്നെ, ലോകത്തെ മൊത്തത്തില്‍ ഒരു കലാപ ഭൂമിയാക്കാതെ നിലനിറുത്തുന്നത് ഡബ്ല്യുടിഒ അടക്കമുള്ള വിവിധ സഖ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളാണെന്നത് ഒരു വസ്തുതയാണ്. രണ്ടാം ലോകമഹായുദ്ധത്തിന്‍റെയും, കോളനിവാഴ്ചയുടേയും ശീതയുദ്ധത്തിന്‍റെയുമെല്ലാം അടയാളങ്ങള്‍ വേഗത്തില്‍ തുടച്ചുനീക്കപ്പെടുകയോ ചുരുങ്ങിയത് നിയന്ത്രിക്കപ്പെടുകയോ ഒക്കെ ചെയ്തത് ഈ സഖ്യങ്ങള്‍കൊണ്ടൊക്കെയാണ്. അതുകൊണ്ട് ഇത്തരം സഖ്യങ്ങളും ബന്ധങ്ങളുമൊക്കെയാണ് ലോകത്തെ സമാധാനത്തോടെ ഉറങ്ങാൻ സഹായിക്കുന്നത് എന്ന് സാരം.

ട്രംപിന്‍റെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തികള്‍ വിവിധ മേഖലകളില്‍ പല വിധത്തില്‍ ഇന്ത്യയെ ബാധിക്കും. ചൈനയുമായുള്ള ബന്ധത്തെ ഇതിനകം തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. റഷ്യൻ പ്രതിരോധ വ്യവസായത്തില്‍ അമേരിക്കൻ ഉപരോധം തുടരുന്നതിനാല്‍ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ സൈനിക ഇറക്കുമതികള്‍ അനിശ്ചിതത്വത്തിലാക്കി. ഇറാനുമായുള്ള ബന്ധത്തിന് പുതിയൊരു മാനം കൈവന്നു. നവംബര്‍ നാലോടെ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചില്ലെങ്കില്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നു. ഇറാനുമായുള്ള ആണവകരാറിൽ നിന്നും അമേരിക്ക പിന്മാറിയതിനു ശേഷം ഇറാനെതിരെയുള്ള ഉപരോധം അവര്‍ പുനസ്ഥാപിച്ചു.

തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിൽ നിക്ഷേപം നടത്തുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ നിന്നും പിന്നോട്ട് പോകുന്ന ഇന്ത്യയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ഇറാന്‍, അവിടെ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുകയാണെങ്കില്‍ നല്‍കിവരുന്ന എല്ലാ വിശേഷാധികാരങ്ങളും തങ്ങള്‍ പിന്‍വലിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിരിക്കുന്നു. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ച് പകരം സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുഎസ്, തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാനാണ് ഇന്ത്യയുടെ പദ്ധതിയെങ്കില്‍ ഇറാൻ ഇന്ത്യക്ക് നൽകിവരുന്ന എല്ലാ ആനുകൂല്യങ്ങളും അവസാനിപ്പിക്കുമെന്ന് ഇറാന്‍റെ ഡെപ്യൂട്ടി അംബാസഡറായ മസ്സൂദ് രിസ്വാനിയന്‍ രഹാഗി വ്യക്തമാക്കി. ഇന്ത്യക്കും ഇറാനും അഫ്ഗാനിസ്ഥാനും മധ്യ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം നടത്തുന്നതില്‍ സുവര്‍ണാവസരങ്ങള്‍ തുറക്കുന്ന കവാടമാണ് ചാബഹാര്‍ തുറമുഖം. പാകിസ്താനിലൂടെ ഇന്ത്യ ചരക്കുകടത്തിന് അവസരം ചോദിച്ചിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ്‌ ഇറാനെ സമീപിച്ചതും ചാബഹാര്‍ തുറമുഖം വികസിപ്പിക്കുന്ന കരാറില്‍ ഒപ്പുവച്ചതും.

മേയ് 2016ലാണ് ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് മൂന്നു രാജ്യങ്ങള്‍ക്കുമിടയ്ക്കുള്ള വ്യാപാരം സുഗമമാക്കുന്നതിന് ട്രാൻസിറ്റ് ആൻഡ് ട്രാൻസ്പോർട്ട് കോറിഡോർ സ്ഥാപിക്കുന്ന കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയുടെ വിശ്വസ്തരായ ഊര്‍ജ പങ്കാളിയാണ് ഇറാനെന്നും ന്യായവിലയ്ക്ക് ഇന്ത്യക്ക് എണ്ണ നല്‍കുന്നതിലൂടെ ഇരുകൂട്ടരുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തണമെന്ന യുഎസ് നിലപാടിനോട് പ്രതികരിക്കവേ രഹാഗി പറഞ്ഞിരുന്നു. ഇറാഖും സൗദി അറേബ്യയും കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇറാൻ. 2017-18 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ 10 മാസങ്ങളില്‍ 18.4 ദശലക്ഷം ടൺ ക്രൂഡ് ഓയിലാണ് ഇറാൻ ഇന്ത്യയിലേക്ക് വിതരണം ചെയ്തത്.

2015ല്‍ ഒബാമ ഭരണകൂടം ഇറാനുമായി ഒപ്പുവെച്ച ആണവ കരാറില്‍ നിന്നും പിന്മാറുന്നതായി അടുത്തിടെയാണ് ട്രംപ് പ്രഖ്യാപിച്ചത്. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ ആണവ ഇടപെടലുകള്‍ പരിമിതപ്പെടുത്താമെന്നും സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതിന് പകരമായി അന്താരാഷ്ട്ര നിരീക്ഷകരെ പരിശോധനയ്ക്ക് അനുവദിക്കാമെന്നും ടെഹറാന്‍ അംഗീകരിച്ചിരുന്നു.


Next Story

Related Stories