മുൻ റഷ്യൻ ചാരനേയും മകളേയും ബ്രിട്ടണിൽ വച്ച് വധിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് റഷ്യൻ വംശജര്‍ കുറ്റക്കാരാണെന്ന് ബ്രിട്ടണ്. ഇവര്‍ റഷ്യൻ ഭരണകൂടത്തിന്റെ ഉന്നതങ്ങളില്‍നിന്നും ലഭിക്കുന്ന ഉത്തരവുകൾക്കനുസൃതമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണെന്ന് ബ്രിട്ടണ് ആരോപിക്കുന്നു. സെര്‍ജി സ്ക്രിപാലിനെ വധിക്കാനായി മാർച്ചിൽ ബ്രിട്ടണിലേയ്ക്ക് കയറിയ രണ്ട് പേരുടെ ചിത്രങ്ങൾ ബ്രിട്ടീഷ് പോലീസ് പുറത്തുവിട്ടു എന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നെര്‍വ് ഏജന്റ് എന്നപേരില്‍ അറിയപ്പെടുന്ന നൊവിചോക്ക് എന്ന നാഡീവിഷം ഉപയോഗിച്ചാണ് തെക്കന്‍ ഇംഗ്ലണ്ടിലെ സാലിസ്ബെറി നഗരത്തില്‍ വെച്ച് വധശ്രമം നടന്നത്. സ്ക്രിപാലിന്റെ മകള്‍ ലൂയിയക്ക് നേരെയും വിഷപ്രയോഗം നടത്തിയിരുന്നു. അലക്സാണ്ടർ പെട്രോവ്, റസ്ലൻ ബോഷിയോരോവ് എന്നിവരാണ് യഥാർഥ പാസ്പോർട്ടുകളിൽ എത്തി വധശ്രമം നടത്തിയ റഷ്യൻ പൗരന്മാരെന്ന് ബ്രിട്ടീഷ് അധികൃതർ തിരിച്ചറിഞ്ഞു. റഷ്യൻ മിലിട്ടറി ഇൻറലിജൻസ് സര്‍വീസായ ജിആര്‍യു-വിലെ ഉദ്യോഗസ്ഥരാണ് അവരെന്ന് പ്രധാനമന്ത്രി തെരേസ മേയ് പാർലമെൻറില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.
മാര്‍ച്ച് നാലിനാണ് യൂലിയയ്ക്കും പിതാവ് സെര്‍ജി സ്ക്രിപാലിനും നേരേ സാലിസ്ബറിയിലെ ഒരു റെസ്റ്റോറന്റിനു മുന്നില്‍ വച്ച് രാസവിഷ പ്രയോഗം ഉണ്ടാകുന്നത്. റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരിക്കെ ബ്രിട്ടീഷ് ചാരസംഘടനയായ എം16ന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് സെര്‍ജി സ്ക്രിപാലിനു നേരേയുള്ള ആരോപണം. ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്നും കൂടാതെ ബ്രിട്ടണെതിരേ നടത്തുന്ന നേരിട്ടുള്ള ആക്രമണിതെന്നും ബ്രിട്ടണ് സംഭവത്തെ വിശേഷിപ്പിച്ചിരുന്നു. എന്നാൽ, ആക്രമണത്തിൽ യാതൊരു പങ്കുമില്ലെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന മോസ്കോ, ആ പേരുകൾ ഒന്നും അര്‍ത്ഥമാക്കുന്നില്ലെന്നും വ്യക്തമാക്കി.
വിഷരാസ പ്രയോഗം ബ്രിട്ടന്-റഷ്യ നയതന്ത്ര യുദ്ധത്തിലേക്കു നയിച്ചിരുന്നു. കൂടാതെ ബ്രിട്ടന്റെ സഖ്യരാജ്യങ്ങള്‍ റഷ്യക്കെതിരേ കടുത്ത ഉപരോധവും ഏര്‍പ്പെടുത്തി. അമേരിക്കയും മറ്റു നാറ്റോ കക്ഷികളും ബ്രിട്ടനെ പിന്തുണച്ചു രംഗത്തെത്തി. ഇതോടെ ഇരു കക്ഷികളും പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു. ഉക്രെയിൻ, സിറിയ തുടങ്ങിയ പ്രശ്നങ്ങൾക്കു പുറമേ ഈ സംഭവം കൂടിയായപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യൻ ബന്ധം കൂടുതല്‍ വഷളാവുകയാണ് ചെയ്തത്.
പുതിയ സംഭവവികാസങ്ങളെകുറിച്ച് ചൊവ്വാഴ്ച വൈകുന്നേരം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി സംസാരിച്ചു വെന്ന് തരേസാ മേയ്യുടെ വക്താവ് പറഞ്ഞു. വ്യാഴാഴ്ച ചേരുന്ന യു.എൻ. സെക്യൂരിറ്റി കൌൺസിൽ യോഗത്തില്‍ ബ്രിട്ടണ് പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിക്കും.
ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന കുറ്റാരോപിതര്‍ മോസ്കോയിൽനിന്ന് മാർച്ച് രണ്ടിനാണ് ലണ്ടനിലേക്ക് വിമാനമാര്‍ഗ്ഗം എത്തിയതെന്നും, ഈസ്റ്റ് ലണ്ടണ്‍ ഹോട്ടലില്‍ രണ്ടുരാത്രി തങ്ങിയ അവര്‍ രണ്ടുതവണ സാലിസ്ബറി സന്ദര്‍ശിച്ചതായും പോലീസ് രേഖകള്‍ വ്യക്തമാക്കുന്നു. ആദ്യ സന്ദര്‍ശനം സങ്കേതപരിശോധനക്കു വേണ്ടിയും രണ്ടാമത്തെത് വധിക്കാനുമായിരുന്നു. മാര്‍ച്ച് 4-ന് കൃത്യം നടത്തി മണിക്കൂറുകള്‍ക്കകംതന്നെ ഇരുവരും മോസ്കോയിലേക്ക് പറന്നതായി പോലീസ് വ്യക്തമാക്കി. കൃത്യം നടന്ന ദിവസം ഇരുവരും സ്ക്രിപാലിന്റെ വീടിനു മുന്പില് എത്തിയതായി സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതായും, കൂടാതെ, അവര്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍നിന്നും നൊവിചോക്കിന്റെ അംശങ്ങള്‍ കണ്ടെത്തിയതായും ബ്രിട്ടിഷ് പോലീസ് പറയുന്നു.
https://www.azhimukham.com/foreign-stories-behind-murder-attempt-former-russian-spy/