UPDATES

തോല്‍വി അംഗീകരിക്കാന്‍ മോദി തയ്യാറാകുന്നില്ല, അപ്രിയ വസ്തുതകള്‍ മറയ്ക്കുന്നു: ഗാര്‍ഡിയന്‍ എഡിറ്റോറിയല്‍

ജനാധിപത്യ ഗവണ്‍മെന്റുകള്‍ തിരഞ്ഞെടുപ്പിനെ നേരിടുകയും പൊതുജനങ്ങളുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയുമെല്ലാം വേണ്ടി വരും. എന്നാല്‍ മിസ്റ്റര്‍ മോദി അദ്ദേഹത്തിന്റേതായ ചില യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അനുസൃതമായാണ് പ്രചാരണം നടത്തുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമടങ്ങുന്ന മുഖപ്രസംഗവുമായി ബ്രിട്ടീഷ് ദിനപത്രം ദ ഗാര്‍ഡിയന്‍. മോദി അപ്രിയ സത്യങ്ങങ്ങളെ മറയ്ക്കാനും ഇഷ്ടമില്ലാത്ത വസ്തുതകളെ ഒതുക്കാനുമാണ് ശ്രമിക്കുന്നത് എന്ന് ഗാര്‍ഡിയന്‍ കുറ്റപ്പെടുത്തി.

2014ലെ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നഷ്ടമായ വിശ്വാസ്യതയും രാജ്യത്തിന്റെ വലിയ സാമ്പത്തിക തകര്‍ച്ചയുമാണ് നിര്‍ണായകമായത്. ഒരു വര്‍ഷം ഒരു കോടി തൊഴില്‍ സൃഷ്ടിക്കുമെന്നാണ് മോദി വാഗ്ദാനം ചെയ്തത്. 135 കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് വരുന്ന യുവാക്കളെ ഈ വാഗ്ദാനം കാര്യമായി ആകര്‍ഷിച്ചു. പക്ഷെ വാഗ്ദാനത്തോട് നീതി പുലര്‍ത്തുംവിധം ആവശ്യമായ തൊഴില്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞില്ല. എന്നാല്‍ ഇത് അംഗീകരിക്കുന്നതിന് പകരം മോദി സര്‍ക്കാര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടാതെ മറച്ചുവച്ചു. ഇതേതുടര്‍ന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ട് അംഗങ്ങള്‍ രാജി വച്ചു.

45 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച കരട് റിപ്പോര്‍ട്ട് ചോര്‍ന്നു. ആറിലൊന്ന് ഗ്രാമീണ യുവാക്കളും തൊഴില്‍രഹിതരാണ് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതില്‍ ആര്‍ക്കും അദ്ഭുതം തോന്നേണ്ട കാര്യമില്ല. കഴിഞ്ഞ വര്‍ഷം 62 സര്‍ക്കാര്‍ ക്ലര്‍ക്ക് തസ്തികയിലേയ്ക്ക് അപേക്ഷിച്ചത് 93,000 പേരാണ്. സമഗ്രമായ ഒരു ക്ഷേമ പദ്ധതി സംവിധാനമില്ലാത്തതിനാല്‍ ജോലി ചെയ്യാതെ ജീവിക്കാന്‍ ചുരുക്കം ചില ഇന്ത്യക്കാര്‍ക്കേ കഴിയൂ. ഭൂരിഭാഗം പേരും അതിജീവനത്തിനായി സ്വയം തൊഴിലുകളില്‍ ഏര്‍പ്പെടുകയും അസംഘടിത മേഖലയില്‍ തൊഴിലെടുക്കുകയും ചെയ്യുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും പരാജയങ്ങളും തെറ്റുകളും സമ്മതിച്ച് അത് തിരുത്തുന്ന നടപടികളുമായി മുന്നോട്ടുപോകാന്‍ മോദി ഗവണ്‍മെന്റ് തയ്യാറായിട്ടില്ല. ഇതിന് പകരം വസ്തുതകള്‍ മറച്ചുവയ്ക്കാനാണ് ശ്രമിച്ചത്. റിപ്പോര്‍ട്ടിന്റെ ആധികാരികതയും വിശ്വാസ്യതയും ഗവണ്‍മെന്റ് ചോദ്യം ചെയ്തു. പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോദിയുടെ ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ജനപ്രിയ വാഗ്ദാനങ്ങള്‍ നിറച്ച് കീഴ് വഴക്കം ലംഘിക്കുന്നതായി. 12 കോടിയോളം വരുന്ന ദരിദ്ര കര്‍ഷകര്‍ക്ക് സഹായങ്ങള്‍, മധ്യവര്‍ഗത്തിന് ആദായ നികുതി ഇളവ്, പെന്‍ഷനുകള്‍ എന്നിവയെല്ലാം അടങ്ങുന്നതായിരുന്നു വാഗ്ദാനങ്ങള്‍.

നരേന്ദ്ര മോദി ഇന്ത്യയില്‍ നേരിടുന്നത് ലോകത്തിന് പരിചിതമായ പ്രശ്‌നങ്ങള്‍ തന്നെയാണ്. പതിറ്റാണ്ടുകളായി ഭേദപ്പെട്ട സാമ്പത്തിക വളര്‍ച്ചാനിരക്കുകള്‍ കൈവരിക്കാന്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടും ഇതിന്റെ ഗുണഫലം സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കാന്‍ കഴിയാത്ത അവസ്ഥ. ലോകത്ത് ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ എന്നാണ് മോദി പെരുമ്പറയടിച്ച് നടക്കുന്നത്. വളരെ കുറച്ച് തൊഴിലവസരങ്ങള്‍ മാത്രമേ സൃഷ്ടിക്കാനായിട്ടുള്ളൂ എന്ന വസ്തുത മോദി തമസ്‌കരിക്കുന്നു. ഇന്ത്യയിലെ അതിതീവ്രമായ സാമൂഹ്യ അസമത്വങ്ങള്‍ കണക്കിലെടുത്ത് വിശാലമായ കാഴ്ചപ്പാടോട് കൂടിയ വികസന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കാന്‍ മോദി ശ്രമിക്കേണ്ടതാണ്. മോദി ഗവണ്‍മെന്റ് സാര്‍വത്രികമായി നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ മോദി ഗവണ്‍മെന്റ് കാര്യമായി ഒന്നും ചെയ്തിട്ടില്ല. ലോകത്തെ മൂന്നിലൊന്ന് നിരക്ഷരരും ഇന്ത്യയിലാണുള്ളത്. ഇത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ വലിയ പരാജയമാണ്. ബൃഹത്തായ ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഇന്ത്യ ഗവണ്‍മെന്റ് ആവിഷ്‌കരിച്ചു. എന്നാല്‍ ഇതിന് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് ചെറിയ തുക മാത്രമാണ്. അതേസമയം പുനരുജ്ജീവനം കിട്ടിയ കോണ്‍ഗ്രസ് ദരിദ്രര്‍ക്ക് മിനിമം വരുമാനം ഉറപ്പ് നല്‍കുമെന്ന വാഗ്ദാനത്തിലൂടെ കയ്യടി നേടി.

ജനാധിപത്യ ഗവണ്‍മെന്റുകള്‍ തിരഞ്ഞെടുപ്പിനെ നേരിടുകയും പൊതുജനങ്ങളുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയുമെല്ലാം വേണ്ടി വരും. ജനങ്ങളോടുള്ള പ്രബദ്ധതയ്ക്ക് അവര്‍ ബാധ്യസ്ഥരാണ്. എന്നാല്‍ മിസ്റ്റര്‍ മോദി അദ്ദേഹത്തിന്റേതായ ചില യാഥാര്‍ത്ഥ്യങ്ങള്‍ക്ക് അനുസൃതമായാണ് പ്രചാരണം നടത്തുന്നത്. ഇന്ത്യന്‍ രാഷ്ട്രീയ പാരമ്പര്യത്തിന് അനുയോജ്യമായ തരത്തില്‍ വാര്‍ത്താസമ്മളനങ്ങള്‍ മോദി ഒരിക്കലും നടത്തിയല്ല. കേന്ദ്ര ബാങ്കുമായുള്ള മോദിയുടെ സംഘര്‍ഷങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സ്വതന്ത്ര സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങളാണ് വ്യക്തമാക്കുന്നത്. മോദി ഭരണകൂടം അപ്രിയ സത്യങ്ങളേയും വസ്തുതകളേയും അടിച്ചമര്‍ത്തുകയാണ്.

2014 മുതല്‍ ദാരിദ്ര്യം സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. സാമ്പത്തിക വളര്‍ച്ചാനേട്ടങ്ങള്‍ പ്രധാനമായും ഉയര്‍ത്തി കാട്ടി മോദി തിരഞ്ഞെടുപ്പിനെ നേരിടും എന്ന് കരുതാനാവില്ല. വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കുന്ന തീവ്ര ഹിന്ദുത്വ പ്രചാരണങ്ങളിലേയ്്ക്ക് മോദി തിരിച്ചുപോയേക്കുമെന്നാണ് സൂചന. മോദി അധികാരത്തില്‍ വന്ന ശേഷം വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടായി. മുസ്ലീം സമുദായത്തില്‍ പെട്ടവരടക്കം നിരവധി പേര്‍ ആള്‍ക്കൂട്ട കൊലകള്‍ക്ക് ഇരയാക്കപ്പെട്ടു. ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍