ബാസ്കറ്റ് ബോളിനെ പ്രണയിക്കുന്ന ഇടതുപക്ഷ ദേശീയവാദി, അഴിമതി തുടച്ചുനീക്കാന്‍ പ്രതിജ്ഞ ചെയ്തയാള്‍, മയക്കുമരുന്ന് മാഫിയയുടെ കുപ്രസിദ്ധ കേന്ദ്രമായ മെക്സിക്കോയില്‍ ഈ മാഫിയകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നയാള്‍ - ഇങ്ങനെയൊക്കെയാണ് മെക്സിക്കോയുടെ പുതിയ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രേഡറിനെ ഗാര്ഡിയന് വിശേഷിപ്പിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആംലോയ്ക്ക് 53 ശതമാനം വോട്ട് കിട്ടിയപ്പോള്‍ തൊട്ടടുത്ത എതിരാളിയായ നാഷണല്‍ ആക്ഷന്‍ പാര്‍ട്ടിയുടെ റിക്കാര്‍ഡോ അനായയ്ക്ക് 22 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ.
ആംലോയുടെ വിജയം മെക്സിക്കോയുടെ മാത്രമല്ല, മുഴുവന്‍ ലാറ്റിനമേരിക്കയുടേയും വിജയ്മാണെന്ന് ബ്രസീല്‍ മുന്‍ പ്രസിഡന്റ് ദില്‍മ റൂസഫ് അഭിപ്രായപ്പെട്ടു. ഇതേ അഭിപ്രായം തന്നെ അര്‍ജന്റീന മുന്‍ പ്രസിഡന്റ് ക്രിസ്റ്റീന കിച്ച്നറും മുന്നോട്ടുവച്ചു. 64കാരനായ ആന്‍ഡ്രസ് മാനുവല്‍ ലോപ്പസിനെ ആംലോ എന്നാണ് മെക്സിക്കോക്കാര്‍ സ്നേഹപൂര്‍വം ചുരുക്കി വിളിക്കുന്നത്. ബ്രിട്ടനിലെ ഇടതുപക്ഷക്കാരനായ ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്ബിനുമായാണ് നാഷണല്‍ റീജനറേഷന്‍ മൂവ്മെന്റ് എന്ന പാര്‍ട്ടിയുടെ നേതാവായ ആംലോ ജനകീയതയില്‍ താരതമ്യം ചെയ്യപ്പെടുന്നത്.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ഇന്‍സ്റ്റിറ്റിയൂഷണല്‍ റെവലൂഷണറി പാര്‍ട്ടിയുടെ നേതാവുമായ ഹോസെ അന്റോണിയോ മിയാഡെ 16 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തെത്തി. ഞാന്‍ നിങ്ങളെ തോല്‍പ്പിക്കില്ല, നിങ്ങളെ നിരാശപ്പെടുത്തില്ല, ഞാന്‍ നിങ്ങളെ വഞ്ചിക്കില്ല - തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആംലോ പറഞ്ഞു. വര്‍ഗ, ലിംഗ ഭേദമന്യേ എല്ലാവര്ക്കും വേണ്ടിയുള്ളതായിരിക്കും തന്റെ സര്‍ക്കാരെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്കി. ഞങ്ങള്‍ എല്ലാവരേയും കേള്‍ക്കും. എല്ലാവരേയും പരിഗണിക്കും. എന്നാല്‍ പരിഗണന കൂടുതല്‍ ആവശ്യമുള്ളവരെ, ഇതുവരെ ഒരു പരിഗണനയും കിട്ടാത്തവരെ ആദ്യം പരിഗണിക്കും - ആംലോ പറഞ്ഞു.
ലോകകപ്പില്‍ മെക്സിക്കോ നടത്തുന്ന മികച്ച പ്രകടനം ആഘോഷമാക്കുന്ന മെക്സിക്കോ സിറ്റിയിലെ ജനങ്ങള്‍ക്ക് ആംലോയുടെ വിജയം ഏറ്റവും വലിയ സന്തോഷമായി മാറിയിരിക്കുകയാണ്. നഗരത്തിലെ പ്രധാന കേന്ദ്രമായ സൊക്കാലോയില് ആയിരക്കണക്കിന് അനുയായികളാണ് തടിച്ചുകൂടിയത്. ഇവിടെ ആംലോ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. കഴിഞ്ഞ 12 വര്‍ഷമായി ഞങ്ങള്‍ കാത്തിരുന്ന നിമിഷം എന്നാണ് വലതുപക്ഷ ഭരണം അവസാനിപ്പിച്ച ആംലോയുടെ വിജയത്തെ ചലച്ചിത്ര സംവിധായകന് ഒലിവര്‍ ഇസ്ക്വിര്‍ഡോ വിശേഷിപ്പത്. അവസാനം ജനാധിപത്യം മെക്സിക്കോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നാണ് ഗാര്‍ഡിയനോട് ഒലിവര്‍ ഇസ്ക്വിഡെറോ പറഞ്ഞത്. 2000വരെ ഒറ്റ പാര്‍ട്ടി മാത്രം തുടര്‍ച്ചയായി ഭരിച്ചിരുന്ന മെക്സിക്കോ പിന്നീട് കണ്ടത് രണ്ട് പാര്‍ട്ടികള്‍ മാറി മാറി ഭരണത്തില്‍ വന്നതാണ്. ദാരിദ്ര്യവും അക്രമവും കൊണ്ട് പൊറുതി മുട്ടിയ മെക്സിക്കന്‍ കൂട്ടമായി പോളിംഗ് ബൂത്തിലെത്തിയാണ് ഇത്തവണ മാറ്റം കൊണ്ടുവന്നിരിക്കുന്നത്.
മയക്കുമരുന്നിനെതിരായ സൈനിക നടപടികള്‍ മെക്സിക്കോയെ കഴിഞ്ഞ 11 വര്‍ഷം രക്തരൂഷിതമാക്കിയിരുന്നു. രണ്ട് ലക്ഷം പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. ഈ ചോരക്കളി അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ആംലോയില് നിന്ന് മെക്സിക്കന്‍ ജനത പ്രതീക്ഷിക്കുന്നുണ്ട്്. മെക്സിക്കോയില്‍ നിന്ന് യുഎസിലേയ്ക്കുള്ള കുടിയേറ്റം തടയുന്നതിനുള്ള വിവാദമായ സീറോ ടോളറന്‍സ് പോളിസിക്കും കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തുന്ന പ്രസിഡന്റ് ട്രംപിന്റെ ഫാമിലി സെപ്പറേഷന്‍ പരിപാടിക്കുമെല്ലാം എതിരെ രൂക്ഷ വിമര്‍ശനവുമായി ആംലോ രംഗത്തെത്തിയിരുന്നു. ക്രൂരവും വംശീയവും ധാര്‍ഷ്ട്യം നിറഞ്ഞതും മനുഷ്യത്വവിരുദ്ധവുമായ നടപടികളാണ് ട്രംപിന്റേതെന്ന് ആംലോ കുറ്റപ്പെടുത്തിയിരുന്നു. യുഎസുമായുള്ള മെക്സിക്കോയുടെ ബന്ധം ഇനി എങ്ങനെയായിരിക്കും എന്നത് കൗതുകകരമാണ്.
2002ല്‍ ബ്രസീലില്‍ ഇടതുപക്ഷ പ്രസിഡന്റ് ലുല ഡ സില്‍വ കൊണ്ടുവന്നത് പോലെയുള്ള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളും വലിയ തോതില്‍ ഫലമുണ്ടാക്കുന്ന സാമൂഹ്യക്ഷേമ, അടിസ്ഥാന വികസ പദ്ധതികളും ആംലോ കൊണ്ടുവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം ആംലോയുടെ രാഷ്ട്രീയ സഖ്യം ബഹുസ്വരവും വിചിത്രവുമാണ്. മുന്‍ കമ്മ്യൂണിസ്റ്റുകാര്‍, തീവ്ര യാഥാസ്ഥിതികര്‍, മധ്യകക്ഷികള് എന്നിവ സഖ്യത്തിലുണ്ട്.