TopTop
Begin typing your search above and press return to search.

നവാസ് ഷരീഫ് ഇന്ന് പാകിസ്ഥാനില്‍, ജയിലിലടയ്ക്കപ്പെട്ടേക്കും; ലൈവ് കൊടുക്കരുതെന്ന് ചാനലുകള്‍ക്ക് നിര്‍ദ്ദേശം

നവാസ് ഷരീഫ് ഇന്ന് പാകിസ്ഥാനില്‍, ജയിലിലടയ്ക്കപ്പെട്ടേക്കും; ലൈവ് കൊടുക്കരുതെന്ന് ചാനലുകള്‍ക്ക് നിര്‍ദ്ദേശം

മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും മകള്‍ മറിയം നവാസും ഇന്ന് പാകിസ്ഥാനില്‍ മടങ്ങിയെത്തും. ഇന്ന് രാവിലെ തന്നെ ഇവര്‍ ലണ്ടനില്‍ നിന്ന് നാട്ടിലേയ്ക്ക് പുറപ്പെട്ടതായി പാകിസ്ഥാനിലെ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ലാഹോറിലെ അല്ലാമ ഇഖ്ബാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വൈകീട്ട് 6.15ന് ഇവരുടെ വിമാനം ലാന്‍ഡ് ചെയ്യും. ലണ്ടനില്‍ നിന്ന് അബു ദാബിയിലെത്തി, അവിടെ നിന്ന് എതിഹാദ് എയര്‍വേയ്‌സ് വിമാനത്തിലാണ് നവാസും മകളുമെത്തുക. നാട്ടിലേയ്ക്ക് മടങ്ങുന്നതിന്റെ ചിത്രങ്ങള്‍ മറിയം ട്വീറ്റ് ചെയ്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നവാസിന് 10 വര്‍ഷവും മറിയത്തിന് ഏഴ് വര്‍ഷവും തടവുശിക്ഷ കോടതി വിധിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇരുവരേയും വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്‌തേക്കും. ഹെലികോപ്റ്ററില്‍ ഇസ്ലാമബാദിലേയ്ക്ക് കൊണ്ടുപോയി, അവിടെ നിന്ന് ആദിയാല ജയിലിലേയ്ക്ക് മാറ്റാനാണ് സാധ്യതയെന്നും ഡോണ്‍ പറയുന്നു.

ലണ്ടനിലെ അവന്‍ഫീല്‍ഡ് അപ്പാര്‍ട്ട്‌മെന്റ്‌സുമായി ബന്ധപ്പെട്ട കേസില്‍ ഇസ്ലാമബാദിലെ അക്കൗണ്ടബിളിറ്റി കോര്‍ട്ട് ആണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്റ്റന്‍ സഫ്ദറിനേയും ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. നാഷണല്‍ അക്കൗണ്ടബിളിറ്റി ബ്യൂറോയുടെ അന്വേഷണവുമായി സഹകരിക്കാത്തതിനും കൂടി ചേര്‍ത്താണ് എല്ലാവര്‍ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. പാകിസ്ഥാനില്‍ തിരിച്ചെത്തി ജയില്‍ ശിക്ഷ ഏറ്റുവാങ്ങി ജനങ്ങളില്‍ നിന്ന് അനുതാപം തേടാമെന്ന് ലക്ഷ്യമാണ് പാകിസ്ഥാന്‍ മുസ്ലീം ലീഗ് (പിഎംഎല്‍ നവാസ്) നേതാവിനുള്ളത് എന്ന സൂചനയാണ് ലണ്ടനില്‍ ഏറെ വൈകാരികമായ പ്രതികരണത്തിലൂടെ അദ്ദേഹം നല്‍കുന്നത്. പാകിസ്ഥാനില്‍ മറ്റൊരു കുടുംബവും തന്റേത് പോലെ വേട്ടയാടപ്പെട്ടിട്ടുണ്ടാകില്ലെന്ന് നവാസ് പറഞ്ഞു. നവാസിന്റെ ഭാര്യ കുല്‍സൂം ലണ്ടന്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്. ജൂലായ് 25ന് പാകിസ്ഥാനില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണ്.

അതേസമയം നവാസ് ഷരീഫ് വരുന്നതിന് മുന്നോടിയായി പാകിസ്ഥാനില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ശക്തമാക്കി. ഷരീഫ് അടക്കമുള്ള നേതാക്കളുടെ വാര്‍ത്താസമ്മേളനം അടക്കമുള്ളവ ലൈവ് ആയി സംപ്രേഷണം ചെയ്യരുതെന്നാണ് മീഡിയ റെഗുലേറ്റര്‍ ഇറക്കിയിരിക്കുന്ന നിര്‍ദ്ദേശം. എഡിറ്റ് ചെയ്ത ഫൂട്ടേജുകള്‍ മാത്രമേ കൊടുക്കാന്‍ പാടൂ എന്നാണ് മീഡിയ റെഗുലേറ്ററിന്റെ തീട്ടൂരം. ജുഡീഷ്യറിക്കോ സൈന്യത്തിനോ ഗവണ്‍മെന്റിനോ എതിരെ രാഷ്ട്രീയ നേതാക്കള്‍ പറയുന്നതൊന്നും ചാനലുകള്‍ കൊടുക്കാന്‍ പാടില്ല എന്ന് പറഞ്ഞാണ് ലൈവ് ടെലികാസ്റ്റിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പ്രധാന ലക്ഷ്യം നവാസ് ഷരീഫ് തന്നെയാണ് എന്നത് വ്യക്തം. സൈന്യവും ഐഎസ്‌ഐയുമെല്ലാം തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നവാസ് ഷെരീഫ് കുറ്റപ്പെടുത്തിയിരുന്നു. നേരത്തെ പനാമ പേപ്പേര്‍സ് പുറത്തുവിട്ട അനധികൃത വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ടുള്ള തെളിവുകളെ തുടര്‍ന്ന് സുപ്രീം കോടതി അയോഗ്യനാക്കിയതിനാലാണ് നവാസ് ഷരീഫിന് പ്രധാനമന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത്.


Next Story

Related Stories