TopTop
Begin typing your search above and press return to search.

യു എസ് ഇടക്കാല തിരഞ്ഞെടുപ്പ്; ട്രംപ് ഭരണത്തിന്റെ വിലയിരുത്തലാകും

യു എസ് ഇടക്കാല തിരഞ്ഞെടുപ്പ്; ട്രംപ് ഭരണത്തിന്റെ വിലയിരുത്തലാകും

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കരുതുന്ന ഇടക്കാല തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോവുകയാണ് അമേരിക്കന്‍ ജനത നാളെ. പാർലമെന്റിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ അടുത്ത രണ്ടു വര്‍ഷത്തെ അദ്ദേഹത്തിന്‍റെ ഭരണം ജനങ്ങള്‍ എങ്ങിനെ സ്വീകരിക്കുമെന്ന് കണ്ടറിയേണ്ടിവരും. ഹൗസിലും സംസ്ഥാന തലസ്ഥാനങ്ങളിലും അപകടം പ്രതീക്ഷിക്കുന്ന റിപ്പബ്ലിക്കൻസ് ട്രംപിന് കൂടുതല്‍ ജനപ്രീതിയുള്ള മേഖലകളില്‍ അപ്രമാദിത്വം ഉറപ്പിച്ച് സെനറ്റില്‍ ഭൂരിപക്ഷം കാക്കും എന്നാണ് കരുതപ്പെടുന്നത്. വോട്ടിംഗ് ശതമാനത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇന്ത്യാന, ഫ്ലോറിഡ എന്നിവിടങ്ങളിലെ സെനറ്റ് സീറ്റുകൾ ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ട്രംപ്. അതേസമയം ഡെമോക്രാറ്റുകളും ലിബറൽ ആക്ടിവിസ്റ്റുകളും പെൻസില്‍വാനിയ മുതല്‍ വാഷിംഗ്‌ടണ്‍ വരെ ശക്തമായ പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ട്രംപും ബരാക്ക് ഒബാമയും ഇന്നലെയും ഇന്നും പ്രചരണത്തില്‍ സജീവമായിരുന്നു.

ഈ തെരഞ്ഞെടുപ്പ് പ്രസിഡന്റിന്‍റെ കാലാവധിയെ ബാധിക്കില്ല എങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞ് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ സൂചനയായി അത് വിലയിരുത്തപ്പെടും. സെനറ്റിലോ കോണ്‍ഗ്രസിലോ ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ ട്രംപിന് അത് കൂടുതല്‍ ബുദ്ധിമുട്ടാകും.

പല സംസ്ഥാനങ്ങളിലും തൊഴിലാളിവർഗ വൈറ്റ് വോട്ടർമാരുടെ ഇടയില്‍ ട്രംപിന് ശക്തമായ സ്വാധീനമുണ്ടെങ്കിലും കുടിയേറ്റക്കാർക്കെതിരായ അദ്ദേഹത്തിന്‍റെ നിലപാടുകളടക്കം അസ്ഥിരമാണെന്നത് ഇതിനകം തന്നെ തെളിയിക്കപ്പെട്ടതാണ്. ഇത് ട്രംപിനും പാര്‍ട്ടിക്കും കൂടുതല്‍ സ്വാധീനമുള്ള, സമ്പന്നരായ വെള്ളക്കാരും മിതവാദികളും കൂടുതലുള്ള, മെട്രോപ്പൊളിറ്റൻ പ്രദേശങ്ങളിൽ തിരിച്ചടിയായേക്കാം. അങ്ങിനെ സംഭവിച്ചാല്‍ ഹൌസില്‍ ട്രംപിന് ഭൂരിപക്ഷം നിലനിര്‍ത്താന്‍ പ്രയാസമാകും.

ഹൌസിലെ മേധാവിത്വം തുടരുന്നത് സംബന്ധിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അശുഭപ്രതീക്ഷയിലാണ്. വിജയ സാധ്യതയുടെ കാര്യത്തില്‍ നിലവിലെ പല അംഗങ്ങളും അമ്പത് ശതമാനത്തിലധികം താഴെയാണ് നില്‍ക്കുന്നത്. യാഥാസ്ഥിതിക മേഖലയിലും ചിലര്‍ കടുത്ത മത്സരമാണ് നേരിടുന്നത്.

ജനപ്രതിനിധിസഭയിലെ 435 സീറ്റിലേക്കും സെനറ്റിലെ 35 സീറ്റിലേക്കും 36 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രമേഖലകളിലെയും ഗവർണർ പദവിയിലേക്കുമാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. കേവലഭൂരിപക്ഷത്തിനു വേണ്ടത് 218 സീറ്റ് ആണെന്നിരിക്കെ നിലവില്‍ 194 സീറ്റുകളുള്ള ഡമോക്രാറ്റുകൾക്കു കേവലം 24 സീറ്റ് അധികം നേടിയാൽ ഹൗസിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാം.

ടെക്സസ്, ഫ്ളോറിഡ, അരിസോണ തുടങ്ങിയ സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കൻസ് പ്രതിരോധത്തിന്‍റെ ശക്തി കുറഞ്ഞുവരുന്നതായി വിലയിരുത്തപ്പെടുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന് വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായകമായ, റിപ്പബ്ലിക്കന്മാർക്ക് ശക്തമായ പിന്തുണ നല്‍കിയ പെൻസിൽവാനിയ, മിഷിഗൺ, വിസ്കോൻസിൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഡമോക്രാറ്റുകള്‍ ഗവർണർഷിപ്പ് പിടിച്ചടക്കാനുള്ള സാധ്യത കൂടുതലാണ്.

ആശങ്കാഭരിതമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ചില റിപ്പബ്ലിക്കൻ നേതാക്കള്‍ ശുഭാപ്തിവിശ്വാസത്തില്‍ തന്നെയാണ്. പാർട്ടി ഭൂരിപക്ഷം നിലനിർത്തുമെന്ന് ഹൗസ് കാമ്പയിൻ കമ്മിറ്റി പ്രവചിക്കുന്നു. സെനറ്റിലെ സാധ്യതകളെക്കുറിച്ചും അവര്‍ കൂടുതൽ ആത്മവിശ്വാസത്തിലാണ്. നോർത്ത് ഡക്കോട്ട, മിസ്സൗറി, ഇൻഡ്യാന ഉൾപ്പെടെയുള്ള ഏറ്റവും പ്രധാനപ്പെട്ട എല്ലാ പ്രദേശങ്ങളിലും വിജയക്കൊടി പാറിക്കുമെന്ന് അവര്‍ കരുതുന്നു. കാരണം 2016-ൽ ഡെമോക്രാറ്റുകള്‍ ശക്തമായ മുന്നേറ്റം നടത്തിയിട്ടും കുറഞ്ഞ മാര്‍ജിനിലെങ്കിലും ട്രംപ് ജയിച്ചു കയറിയ സ്ഥലങ്ങളാണത്.

മധ്യ അമേരിക്കന്‍ നാടുകളില്‍ നിന്നുള്ള അനധികൃത കുടിയേറ്റം, കുടിയേറ്റക്കാരുടെ മക്കള്‍ക്ക് പൗരത്വം തടയുമെന്നുള്ള പ്രഖ്യാപനം, ഇറാനടക്കമുള്ള മദ്ധ്യേഷ്യന്‍ രാജ്യങ്ങളുമായുള്ള നയസമീപനം തുടങ്ങിയവയെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കുടിയേറ്റ വിഷയം യുവാക്കളുടെ ഇടയിലും മിതവാദികളുടെ ഇടയിലും ന്യൂനപക്ഷങ്ങളുടെ ഇടയിലും സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ഡെമോക്രാറ്റ്സ് കരുതുന്നത്. നിയമവിരുദ്ധ കുടിയേറ്റകാര്‍ക്കെതിരെ ട്രംപ് എടുക്കുന്ന ശക്തമായ നിലപാടിലാണ് റിപ്പബ്ലിക്കന്‍സിന്റെ പ്രതീക്ഷ.

നിലവില്‍ 34.7 ദശലക്ഷം ആളുകള്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു എന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. വോട്ടെടുപ്പ് നാളെ പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014ല്‍ 27.5 ദശലക്ഷം മാത്രമായിരുന്നു ആകെ രേഖപ്പെടുത്തിയ വോട്ട്.


Next Story

Related Stories