TopTop
Begin typing your search above and press return to search.

ഗ്രീസില്‍ ഇടതുപക്ഷത്തിന് തിരിച്ചടി; മധ്യ-വലത് പാര്‍ട്ടി അധികാരത്തിലേക്ക്

ഗ്രീസില്‍ ഇടതുപക്ഷത്തിന് തിരിച്ചടി; മധ്യ-വലത് പാര്‍ട്ടി അധികാരത്തിലേക്ക്
ഗ്രീസിലെ പൊതുതെരഞ്ഞെടുപ്പിൽ മധ്യ-വലത് പക്ഷ പാർട്ടിയായ ന്യൂ ഡെമോക്രസി വിജയിച്ചു. മിക്ക ജില്ലകളിലും വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് തന്റെ എതിരാളിയായ കിറിയാക്കോസ് മിത്സോട്ടാകിസിനോട് തോൽവി സമ്മതിച്ച നിലയിലാണ്.

ന്യൂ ഡെമോക്രസിക്ക് ഇതുവരെ 39.8% വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. 31.6% വോട്ടു നേടിയ സിപ്രാസിന്‍റെ ഇടതുപക്ഷ സിരിസ പാർട്ടി രണ്ടാം സ്ഥാനത്താണ്. പാർലമെന്റിൽ 50 അധിക സീറ്റുകൾ കൂടെ നേടാനായതോടെ ന്യൂ ഡെമോക്രസി അധികാരത്തില്‍ വരുമെന്നാണ് എല്ലാ പ്രവചനങ്ങളും സാക്ഷ്യപ്പെടുത്തുന്നത്. ഇതുവരെ 91% വോട്ടുകളും എണ്ണിക്കഴിഞ്ഞിട്ടുണ്ട്.

51 കാരനായ കിറിയാക്കോസ് ഹാർവാർഡില്‍ നിന്നും വിദ്യാഭ്യാസം നേടിയ മുൻ ബാങ്കറാണ്. ‘ഇത് എല്ലാവരുടെയും വിജയമാണെന്നും, രാഷ്ട്രീയ ഭേദമന്യേ വോട്ടു ചെയ്തവരോട് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും’ പുതിയ നേതാവെന്ന നിലയിലുള്ള കന്നിപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ‘രാജ്യം അഭിമാനത്തോടെ വീണ്ടും തല ഉയർത്തി നില്‍ക്കുകയാണ്. നമ്മള്‍ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് സമൂഹം ആഗ്രഹിക്കുന്നു. ഭിന്നിപ്പുണ്ടാകാൻ ശ്രമിക്കുന്നവരെ മാറ്റി നിര്‍ത്തുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. ഞാന്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വേണ്ടിയാണ് പ്രസിഡന്‍റ് ആകുന്നത്’
- തലസ്ഥാനമായ ഏഥൻസില്‍ ഒത്തുകൂടിയ അനുയായികളോട് കിറിയാക്കോസ് പറഞ്ഞു.

ഇപ്പോള്‍തന്നെ ന്യൂ ഡെമോക്രസിക്ക് ഗ്രീക്ക് പാർലമെന്റിൽ 158 സീറ്റുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചിട്ടുള്ളത്. നിലവില്‍ ഉള്ളതിനേക്കാള്‍ ഇരട്ടി സീറ്റുകള്‍. മൊത്തം 300 സീറ്റുകളാണ് പാര്‍ലമെന്‍റില്‍ ഉള്ളത്. സെന്റർ-ലെഫ്റ്റ് മൂവ്‌മെന്റ് ഫോർ ചേഞ്ച് 7.9 ശതമാനവും കമ്മ്യൂണിസ്റ്റ് പാർട്ടി 5.4 ശതമാനവും വോട്ടുകളാണ് നേടിയത്. അതേസമയം വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ഇരച്ചു കയറിയ അജ്ഞാത സംഘം ബാലറ്റ് ബോക്സുകള്‍ മോഷ്ടിച്ചതായി ഗ്രീക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2015-ൽ മാറ്റത്തിന്‍റെ പ്രതിരൂപമായി അവതരിച്ച നേതാവാണ്‌ അലക്സിസ് സിപ്രാസ്. ചെലവുചിരുക്കല്‍ നടപടികള്‍ പിന്‍വലിക്കും എന്നതുള്‍പ്പടെ വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ്‌ അദ്ദേഹം അധികാരത്തില്‍ എത്തിയത്. യൂറോപ്യൻ യൂണിയന്‍റെ സമ്മർദത്തെത്തുടർന്ന് രാജ്യത്തെ ബാങ്കുകളില്‍ ശക്തമായ മൂലധന നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ‘ഗ്രെക്സിറ്റ്’ (ഇ.യു-വില്‍നിന്നും പുറത്തുപോകല്‍) ഭീഷണിയുടെ നിഴലിലായി. അദ്ദേഹം കൂടുതല്‍ ചെലവു ചുരുക്കല്‍ നടപടികളിലേക്ക് കടന്നു. അതോടെ ജനപിന്തുണയും തകര്‍ന്നു.

ന്യൂ ഡെമോക്രസി ഈ വിജയത്തെ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്. പലരും ഇത് കിറിയാക്കോസിന്‍റെ വ്യക്തിപരമായ വിജയമാണെന്നാണ് പറയുന്നത്. ഒരു പരിഷ്കരണവാദിയായി പാര്‍ട്ടിയില്‍ എത്തുകയും യൂറോപ്പിലെ ഏറ്റവും യാഥാസ്ഥിതിക പാർട്ടികളിലൊന്നായ ന്യൂ ഡെമോക്രസിയെ നവീകരിക്കാന്‍ ശ്രമിക്കുകയും ചെയ്ത ആളാണ്‌ അദ്ദേഹം.

Read More: നെടുങ്കണ്ടം കസ്റ്റഡി മരണം: ശാലിനിയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലെ പൊരുത്തക്കേടുകള്‍, രാജ് കുമാറിന് നാസറിനെ നേരത്തെ അറിയാമായിരുന്നു

Next Story

Related Stories