TopTop
Begin typing your search above and press return to search.

വെനിസ്വേലയില്‍ നിന്ന് ഇന്ത്യക്ക് പഠിക്കാനുള്ളത്

വെനിസ്വേലയില്‍ നിന്ന് ഇന്ത്യക്ക് പഠിക്കാനുള്ളത്
മിക്ക മലയാളികള്‍ക്കും വെനസ്വേലയെ കുറിച്ച് ഒരു കാല്‍പനിക സങ്കല്‍പ്പമാവും ഉണ്ടാവുക. എന്നാല്‍ ആഗോള ചരിത്രത്തില്‍ നിന്നും യാഥാര്‍ത്ഥ്യങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം, ജനാധിപത്യത്തെ കുറിച്ച് വലിയ രീതിയില്‍ മനസിലാക്കുന്നതിനും ഇന്ത്യയെ എന്തായിരിക്കാം കാത്തിരിക്കുന്നത് എന്നതിനെ കുറിച്ച് തിരിച്ചറിയുന്നതിനുമുള്ള പ്രധാന ഇടമായി വെനിസ്വേല മാറുന്നു. ഒരിക്കല്‍ ജനാധിപത്യത്തിന്റെ അഭയസ്ഥാനമായിരുന്നു വെനിസ്വേല. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ അതിന്റെ മുന്നോട്ടുള്ള യാത്രയില്‍ വിചിത്രമായ വ്യതിയാനങ്ങള്‍ സംഭവിക്കുകയും ഇപ്പോള്‍ കപട ജനാധിപത്യം മാത്രം നിലനില്‍ക്കുന്ന ഏകാധിപത്യ രാജ്യമായി മാറുകയും ചെയ്തിരിക്കുന്നു. വെനിസ്വേലയുടെ അത്തരം യാഥാര്‍ത്ഥ്യങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ നമുക്കിടയില്‍ വളരെ പ്രകടമാണ് എന്ന് മാത്രമല്ല, ആ വിദൂരസ്ഥ ലാറ്റിനമേരിക്കന്‍ രാജ്യത്തില്‍ നിന്നും ഉയരുന്ന ശബ്ദഘോഷങ്ങള്‍ നമുക്ക് വളരെ പരിചിതവുമായിരിക്കുന്നു.

1960കളിലെ ഏകാധിപത്യഭരണവും അഴിമതിയും വളരെ ചെറിയകാലത്തേക്ക് ജനാധിപത്യത്തില്‍ വിശ്വസിച്ചിരുന്ന പ്രസിഡന്റുമാരായ റോമുലു ബെന്റാകോര്‍ട്ട്, റൗള്‍ ലിയോണി, റാഫേല്‍ ക്ലഡേറ എന്നിവരുടെ കൈകളില്‍ എത്തുകയും പൊതുസമ്പത്തിന്റെ പരിപാലനം വളരെ സുതാര്യമായി തീരുകയും ചെയ്തു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ലാറ്റിന്‍ അമേരിക്കയില്‍ പരീക്ഷിക്കപെടേണ്ട ഒരു രാഷ്ട്രീയ മാതൃകയായി വെനസ്വേലന്‍ ജനാധിപത്യം മാറുകയും ലാറ്റിന്‍ അമേരിക്കയിലെ ആയിരക്കണക്കിന് രാഷ്ട്രീയ അഭയാര്‍ത്ഥികള്‍ തങ്ങളുടെ പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇന്ധനസമ്പന്നമായ ആ രാജ്യത്ത് എത്തുകയും ചെയ്തു. എന്നാല്‍ എണ്ണ വിലക്കയറ്റം രാജ്യത്തിന് വലിയ ദുരന്തമായാണ് കലാശിച്ചത്. പെട്ടെന്നുണ്ടായ ലാഭം രാജ്യത്തിന്റെ ധനവരുമാനം വര്‍ദ്ധിപ്പിച്ചു. സര്‍ക്കാരിന്റെ ചുമതലയുണ്ടായിരുന്ന സാധാരണ മനുഷ്യര്‍ അനിതരസാധാരണമായ പ്രലോഭനങ്ങളിലേക്ക് തുറന്നുവിടപ്പെട്ടു. പെട്ടെന്നുണ്ടായ ഈ സമ്പന്നതയുടെ പശ്ചാത്തലത്തില്‍ 'ദ ഗ്രേറ്റ് വെനിസ്വേല' എന്നൊരു പരിപാടിക്ക് പ്രസിഡന്റ് കാര്‍ലോസ് പെരെസ് തുടക്കമിട്ടു. വലിയ സാമ്പത്തിക, സാമൂഹിക ദുരന്തങ്ങള്‍ക്ക് കാരണമാക്കിക്കൊണ്ട് ചൈനയില്‍ മാവോ സേ തുങ് നടപ്പിലാക്കിയ 'മഹത്തായ കുതിച്ചുചാട്ടത്തിന്' (great leap forward) സമാനമായിരുന്നു പെരെസിന്റെ പരിപാടിയും. 1980 ആയപ്പോഴേക്കും രാജ്യം അന്താരാഷ്ട്ര ബാങ്കുകളുടെ കടക്കെണിയില്‍ വീണു.

1980 മുതല്‍ വെനസ്വേലയില്‍ അഴിമതി ഉയര്‍ന്ന തോതില്‍ നടമാടാന്‍ തുടങ്ങി. ദുര്‍ബലമായ രാഷ്ട്രീയ സ്ഥാപനങ്ങള്‍, ഭരണപരമായ നിയന്ത്രണങ്ങളുടെ അഭാവം, സര്‍ക്കാരിന്റെ സാമ്പത്തിക സംവിധാനങ്ങളില്‍ അമിതമായ നാണയചാക്രികത, എല്ലാത്തിലും ഉപരിയായി കഠിനാദ്ധ്വാനവും സാമൂഹിക അച്ചടക്കവും പ്രോത്സാഹിപ്പിക്കാന്‍ മടിക്കുന്ന, ക്ഷേമരാഷ്ട്രത്തെ പ്രോത്സാഹിപ്പിക്കാനുള്ള ജനപ്രിയ നേതാക്കളുടെ ശ്രമങ്ങള്‍ ഈ ഘടകങ്ങളെല്ലാം അഴിമതിയുടെ വര്‍ദ്ധനയ്ക്ക് സംഭാവന ചെയ്തു.
20-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും, നിര്‍ണായകമായ രാഷ്ട്രീയ മാറ്റത്തിന് വെനിസ്വേല പാകമായി കഴിഞ്ഞിരുന്നു.പാരാട്രൂപ്പര്‍ ആയിരുന്ന ഹ്യൂഗോ ഷാവേസ് ആയിരുന്നു 1998ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രധാന പോരാളി. തങ്ങളെ പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഹ്യൂഗോ ഷാവേസിന് തങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രതിനിധാനം ചെയ്യാന്‍ സാധിക്കുമെന്ന് വെനസ്വേലക്കാര്‍ സങ്കല്‍പിച്ചു. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഭൂരിപക്ഷത്തിന്റെ വോട്ട് നേടുന്നതില്‍ നിര്‍ണായകമായി. സാമൂഹികമോ സാമ്പത്തികമോ ആയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുമ്പ് 'രാഷ്ട്രീയ വിപ്ലവത്തിന്' 1999 ജനുവരിയില്‍ തന്റെ സ്ഥാനാരോഹണ പ്രസംഗത്തില്‍ ഷാവേസ് ആഹ്വാനം ചെയ്തു. തന്റെ ജയത്തെ തുടര്‍ന്നുണ്ടായ ജനങ്ങളുടെ വീകാരത്തള്ളല്‍ മുതലെടുത്തുകൊണ്ട്, നിലവിലുള്ള ഭരണഘടന ലംഘിച്ചുകൊണ്ട് പുതിയ ഭരണഘടന എഴുതിയുണ്ടാക്കുന്നതിനും 'രാജ്യത്തെ പുനര്‍നിര്‍വചിക്കുന്നതിനും' സമ്പൂര്‍ണ അധികാരം നല്‍കികൊണ്ട് ഒരു ഭരണഘടനാ അസംബ്ലിക്ക് അദ്ദേഹം രൂപംനല്‍കി. അദ്ദേഹത്തിന്റെ അനുയായികളെ കുത്തിനിറച്ച ഈ അംസബ്ലി, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പിരിച്ചുവിടുകയും സുപ്രീം കോടതിയിലെ മുഴുവന്‍ അംഗങ്ങളെയും അറ്റോര്‍ണി ജനറലിനെയും കംപ്‌ട്രോളര്‍ ജനറലിനെയും രാജ്യത്തെ ജഡ്ജിമാരില്‍ ഭൂരിപക്ഷത്തിനെയും പിരിച്ചുവിടുകയും പ്രസിഡന്റിനോട് കൂറുപുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ തല്‍സ്ഥാനങ്ങളില്‍ പ്രതിഷ്ടിക്കുകയും ചെയ്തു 'രാജ്യകാര്യങ്ങളുടെ പരിപാലനത്തില്‍ പ്രസിഡന്റിന് സവിശേഷ അധികാരങ്ങള്‍' ഉണ്ടെന്ന് ഷാവേസ് പ്രഖ്യാപിച്ചു. അങ്ങനെ ഷാവേസ് നിയമത്തിന് മുകളില്‍ സ്വയം കയറി ഇരിപ്പുറപ്പിച്ചു.

ഏറ്റവും ഒടുവിലത്തെ തരികിട
വെനസ്വേലയിലെ ഒടുവിലത്തെ തിരഞ്ഞെടുപ്പ് നടന്നത് ഞായറാഴ്ചയാണ്. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അനുയായികളെ മാത്രം കുത്തിനിറച്ചുകൊണ്ട് ഒരു പുതിയ നിയമനിര്‍മ്മാണ സഭയ്ക്ക് രൂപം നല്‍കുന്നതിന് ഈ തിരഞ്ഞെടുപ്പ് സാക്ഷിയായി. ഷാവേസിന്റെ മരണത്തെ തുടര്‍ന്നാണ് മഡൂറോ അധികാരത്തിലെത്തിയത്. വ്യാജവും ജനാധിപത്യത്തിന് നേരെയുള്ള ആക്രമണവും എന്ന് ലോകത്തില്‍ ഭൂരിപക്ഷവും അദ്ദേഹത്തിന്റെ പൗരന്മാരില്‍ നല്ലൊരു ശതമാനവും വിശേഷിപ്പിച്ച തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവശ്യമായ വോട്ട് നേടിയതായി മഡൂറോ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് ശേഷം നിലവിലുള്ള നിയമനിര്‍മ്മാണ സഭയായ ദേശീയ അസംബ്ലിക്ക് പകരം അദ്ദേഹത്തിന്റെ ഭരണകൂടം നാമനിര്‍ദ്ദേശം ചെയ്ത 545 അംഗ ഭരണഘടനാ അസംബ്ലി നിലവില്‍ വന്നു. മഡൂറോയ്ക്ക് അനുകൂലമായ പുതിയ സഭയ്ക്ക് വെനസ്വേലയുടെ ഭരണഘടന തിരുത്തിയെഴുതാനുള്ള അധികാരമുണ്ട്.

'നമുക്കൊരു ഭരണഘടനാ അസംബ്ലി ഉണ്ട്. പ്രളയമോ നരകമോ വരട്ടെയെന്ന് ഞാന്‍ പറഞ്ഞു, - പ്രളയവും നരകവും വന്നു - എന്നാലും ജനങ്ങളുടെ കൈയില്‍ നിന്നും അവരുടെ മനസാക്ഷിയില്‍ നിന്നുമാണ് ഭരണഘടന അസംബ്ലി വന്നിരിക്കുന്നത്,' എന്ന് മഡൂറോ പറഞ്ഞു. അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശിയും മുന്‍ഗാമിയുമായ ഹ്യൂഗോ ഷാവേസ് സ്ഥാപിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിന് കീഴില്‍ സര്‍ക്കാരിന്റെ എല്ലാ ശാഖകളും തകര്‍ന്നടിഞ്ഞ് പൂര്‍ണമായും ധ്രൂവീകൃതമായ ഒരു രാജ്യത്ത് സമാധാനം കൊണ്ടുവരാന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ കൂടി അംഗമായ ഭരണഘടനാ സഭയ്ക്ക് സാധിക്കും എന്നാണ് മഡൂറോ അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പ് കൃത്രിമമാണെന്നും ഭരണഘടന സഭ ജനാധിപത്യത്തെ തകര്‍ക്കുമെന്നും ആരോപിച്ചുകൊണ്ട് പ്രതിപക്ഷം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് എച്ച്ആര്‍ മക്മാസ്റ്റര്‍ വായിച്ച ഒരു സന്ദേശത്തില്‍ പ്രസിഡന്റ് ട്രംപ് ഇങ്ങനെ പറഞ്ഞു: 'മഡൂറോ ഒരു മോശം നേതാവ് മാത്രമല്ല. ഇപ്പോള്‍ അദ്ദേഹം ഒരു ഏകാധിപതിയും കൂടി ആയിരിക്കുന്നു.' ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ സാന്നിധ്യം 15 ശതമാനത്തില്‍ താഴെ മാത്രമായിരുന്നുവെന്ന് പ്രതിപക്ഷത്തെ പ്രമുഖ നേതാവും മിറാണ്ട സംസ്ഥാനത്തിന്റെ ഗവര്‍ണറുമായ ഹെന്റിക്യൂ കാപ്രില്ലെസ് ആരോപിച്ചു. മഡൂറോയുടെ നിര്‍ദ്ദിഷ്ട ഭരണഘടന സഭയ്‌ക്കെതിരെ പ്രതിപക്ഷം രണ്ടാഴ്ച മുമ്പ് നടത്തിയ നിയന്ത്രണരഹിത ഹിതപരിശോധനയില്‍ ഇതിന്റെ മൂന്നിരട്ടി ജനപങ്കാളിത്തം ഉണ്ടായിരുന്നതായി അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്ത് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന തെരുവ് പ്രതിഷേധങ്ങളില്‍ ഇതുവരെ 150 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. സമ്പന്നമായിക്കൊണ്ടിരിക്കുന്ന ഒരു ജനാധിപത്യം എങ്ങനെ ഒരു സ്വേച്ഛാധിപത്യമായി അധഃപ്പതിക്കാം എന്നുള്ളതിന്റെ നല്ലൊരു സൂചകമാണ് വെനീസ്വലയിലെ മലക്കംമറിച്ചിലുകള്‍. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഗൗരവതരമായ മുന്നറിയിപ്പ് മാത്രമല്ല, ഭീഷണമായ സാധ്യതകൂടിയാണ്.

Next Story

Related Stories