യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പല രീതിയിലും ഭയപ്പെടുത്തുന്നുണ്ട്. പക്ഷേ ഏറ്റവും ഭീകരമായേക്കാവുന്ന അയാളുടെ മണ്ടത്തരം ഒരു പുതിയ കൊറിയന്‍ യുദ്ധം തുടങ്ങിവെച്ചേക്കും എന്നാണ്. വടക്കന്‍ കൊറിയക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ചൈനയെ ആശ്രയിക്കുന്നത് വിജയിക്കാന്‍ ഇടയില്ലാത്തതിനാല്‍ പ്രത്യേകിച്ചും. തന്റെ പൊള്ളയായ ഭീഷണികളില്‍ ജനം മുറുമുറുക്കുമ്പോള്‍ ട്രംപ് അസ്വസ്ഥനാകും.
ഒരു സമയത്ത് ഒരു വടക്കന്‍ കൊറിയന്‍ മിസൈല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നത് യു എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടുപിടിക്കും. തന്റെ ബലം കാണിക്കാന്‍ വീര്‍പ്പുമുട്ടുന്ന ഒരു തെമ്മാടി പ്രസിഡണ്ടിനു അത് ധാരാളം മതി. എങ്ങനെയാകും അബദ്ധത്തില്‍ ട്രംപ് ഒരു യുദ്ധത്തിലേക്ക് എടുത്തുചാടുക എന്നു ഫോറിന് അഫയേഴ്സ് മാഗസിനില്‍ ഫിലിപ് ഗോര്‍ഡണ്‍ എഴുതുന്നുണ്ട്.
“ട്രംപിന് ഒന്നും ചെയ്യാനാവില്ല. ചിലപ്പോള്‍ അത് മുഖം നഷ്ടപ്പെടുത്തുകയും വടക്കന്‍ കൊറിയക്ക് കൂടുതല്‍ ധൈര്യം നല്‍കുകയും ചെയ്യും. അല്ലെങ്കില്‍ പരീക്ഷണ മിസൈലിനെ ക്രൂയിസ് മിസൈലുകള്‍കൊണ്ട് അതിന്റെ വിക്ഷേപണ കേന്ദ്രത്തില്‍ തകര്‍ക്കാം, പ്യോങ്യാങ്ങിന്റെ ആണവായുധ ശ്രമങ്ങള്‍ തകര്‍ക്കാം, ലോകത്തിന് അയാളുടെ കര്‍ക്കശ സന്ദേശം നല്‍കാം.”
പക്ഷേ വടക്കന്‍ കൊറിയയുടെ സ്വയം നിയന്ത്രണത്തിന് മേല്‍ വാതുവെക്കാന്‍ ആരും ധൈര്യപ്പെടില്ല. 25 ദശലക്ഷം ജനങ്ങളുള്ള നഗരമായ സിയോളിന് നേരെ വെടിയുതിര്ത്തായിരിക്കും ആ രാജ്യം തിരിച്ചടിക്കുക.
വടക്കന്‍ കൊറിയയിലെ ഭരണകൂടം തകരുക എന്നതായിരിക്കും യുദ്ധത്തിന്റെ ഫലം. പക്ഷേ ലോകത്തെ നാലാമത്തെ വലിയ സൈന്യം ആ രാജ്യത്തിനുണ്ട്. 21,000 വെടിക്കോപ്പുകള്‍ മിക്കവയും തെക്കന്‍ കൊറിയന്‍ തലസ്ഥാനം സിയോളിന് നേരെ തിരിച്ചുവെച്ചവ. ആയിരക്കണക്കിന് ടണ്‍ രാസായുധങ്ങള്‍. ജപ്പാന് തലസ്ഥാനവും മറ്റൊരു നിര്‍ണായക ഏഷ്യന്‍ നഗരവുമായ ടോക്കിയോ വരെ എത്താവുന്ന മിസൈലുകള്‍. ജപ്പാനും തെക്കന്‍ കൊറിയയും യു എസിന്റെ ഉടമ്പടിപ്രകാരമുള്ള സഖ്യകക്ഷികളാണ്.
ഇനിയൊരു കൊറിയന്‍ യുദ്ധം പത്തുലക്ഷം മരണങ്ങളും ഒരു ട്രില്ല്യന്‍ ഡോളര്‍ നാശനഷ്ടവും ഉണ്ടാക്കുമെന്ന് തെക്കന്‍ കൊറിയയിലെ മുന്‍ യു എസ് കമാണ്ടര്‍ ജെനറല്‍ ഗാരി ലക് പറയുന്നു.
“ദുരന്തസമാനമായ സാധ്യതകളില്ലാത്ത സൈനിക ദൌത്യം അസാധ്യമാണെന്ന് ഞാന്‍ കരുതുന്നു.” വാഷിംഗ്ടണിലെ ഏഷ്യ ഗ്രൂപ് അധ്യക്ഷനും മുന്‍ കിഴക്കന്‍ ഏഷ്യ അസിസ്റ്റന്റ് സെക്രട്ടറിയുമായ കൂര്‍ട് കാംപ്ബെല്‍ മുന്നറിയിപ്പു നല്കുന്നു.
യു എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന് ഇതെല്ലാമറിയാം. അദ്ദേഹവും ട്രംപ് സര്‍ക്കാരിലെ മറ്റ് മുതിര്‍ന്നവരുമെല്ലാം ആദ്യം കേറിയടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കും. 31 അമേരിക്കക്കാരുമായി പോയ യുഎസ് വിമാനം വടക്കന്‍ കൊറിയ വെടിവെച്ചുവീഴ്ത്തിയപ്പോള് 1969-ല്‍ റിച്ചാര്‍ഡ് നിക്സണ് ഒരു സൈനികാക്രമണം ഒഴിവാക്കിയത് വടക്കന്‍ കൊറിയയുടെ തിരിച്ചടിയെക്കുറിച്ച് ആശങ്കപ്പെട്ടാണ്. ലക്ഷ്മണ രേഖകള്‍ ഒന്നൊന്നായി മറികടന്നപ്പോഴും ആക്രമണത്തില്‍ നിന്നും മുന്‍ പ്രസിഡണ്ടുമാര്‍ പിന്തിരിഞ്ഞത് ഈ വടക്കന്‍ കൊറിയന്‍ പ്രതികരണം എന്തായിരിക്കും എന്നു കരുതിയാണ്. യു എസ് നൂറു ഡോളര്‍ വ്യാജ നോട്ട് അടിച്ചതു മുതല്‍ ആണവായുധ പദ്ധതി വരെ.
ബരാക് ഒബാമയുടെ തുടര്‍ച്ചയായ ഇപ്പോഴത്തെ യു എസ് വടക്കന്‍ കൊറിയന്‍ നയത്തിന്റെ കാലാവധി തീരുകയാണ്. വടക്കന്‍ കൊറിയന്‍ വിഷയത്തില്‍ കഴിഞ്ഞ കാലങ്ങളിലെ യുഎസ് തെക്കന്‍ കൊറിയന്‍ നയങ്ങളെല്ലാം പരാജയപ്പെട്ടു. മിസൈലുകള്‍ തൊടുക്കാന്‍ ട്രംപിന് താത്പര്യം തോന്നാം.
വടക്കന്‍ കൊറിയയെക്കുറിച്ച് “തന്ത്രപരമായ ക്ഷമയുടെ കാലം കഴിഞ്ഞു” എന്ന് വൈസ് പ്രസിഡണ്ട് മൈക് പെന്‍സ് പറയുമ്പോള്‍ അതിലൊരു കാര്യമുണ്ട്. ക്ഷമ തീര്‍ന്നിരിക്കുന്നു. 1980-കളില്‍ വടക്കന്‍ കൊറിയക്ക് ആണവായുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഇരുപതോളം എണ്ണമുണ്ട്. കൂടുതല്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
തീര്‍ന്നില്ല, ലോസ് ഏഞ്ചലസ് വരെ എത്താവുന്ന ഭൂഘണ്ഡാന്തര മിസൈലില്‍ ആണവായുധം ഘടിപ്പിക്കാനുള്ള ശേഷിയും വടക്കന്‍ കൊറിയ അടുത്തുതന്നെ നേടും. യു എസിന്റെ സൈബര്‍ യുദ്ധം വടക്കന്‍ കൊറിയന്‍ ശ്രമങ്ങളെ പതുക്കെയാക്കിയേക്കാം. അപ്പോഴും ഭീഷണി നിലനില്ക്കുന്നു. ഒരു സൈനികാക്രമണം അചിന്ത്യമാണെങ്കില്, അങ്ങനെ ഒന്നും ചെയ്യാനില്ലെങ്കില്‍ പിന്നെ വടക്കന്‍ കൊറിയക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ചൈനയെ നിര്‍ബന്ധിക്കുന്ന ട്രംപ് പദ്ധതി എന്താണ്?
അത് നടക്കുമെന്ന് തോന്നുന്നില്ല. അമേരിക്കക്കാര്‍ കരുതുംപോലെ അടുത്ത ബന്ധമല്ല ചൈനക്ക് വടക്കന്‍ കൊറിയയുമായി ഉള്ളത്.
പ്രസിഡണ്ട് ക്സി ജിന്‍പിങ് സമ്മര്‍ദ്ദം കൂട്ടിയേക്കാം. അത് നല്ലതുമാണ്-വടക്കന്‍ കൊറിയന്‍ മിസൈലുകള്‍ പലപ്പോഴും ഉപയോഗിക്കുന്നത് ചൈനീസ് ഭാഗങ്ങളാണ്. പക്ഷേ കിം ജോങ് ഉന്‍ അയാളുടെ ആണവായുധങ്ങള്‍ കളയുമെന്ന് കരുതാന്‍ വയ്യ. 1990-കളില്‍ ഭക്ഷ്യക്ഷാമം ജനസംഖ്യയുടെ ഏതാണ്ട് 10%-ത്തിനെയും ഇല്ലാതാക്കിയ കാലത്തും ആണവപദ്ധതി തുടര്‍ന്നവരാണ് വടക്കന്‍ കൊറിയ. അപ്പോള്‍ മറ്റ് നിയന്ത്രണങ്ങള്‍ ഇപ്പോള്‍ വിജയിക്കുമെന്ന് കരുതുക വയ്യ.
‘North Korea’s Hidden Revolution” എന്ന പുസ്തകമെഴുതിയ ജ്യൂന്‍ ബയെക് പറയൂന്നത്, “വടക്കന്‍ കൊറിയ ഒരു കാലത്തും ആണവായുധങ്ങള്‍ കൈവിട്ടുകളയില്ല” എന്നാണ്. ഉപരോധം അവരെ ശ്വാസം മുട്ടിച്ചേക്കാം, പക്ഷേ അവരെ പിന്തിരിപ്പിക്കില്ല.
ചൈനയുമൊത്ത് സമ്മര്‍ദ്ദം കൂട്ടുകയും ആണവായുധങ്ങള്‍ ഉപേക്ഷിക്കാതെ ആണവ, മിസൈല്‍ പദ്ധതികള്‍ നിര്‍ത്തിവെക്കാനും പകരം നിയന്ത്രണങ്ങളില്‍ അയവു വരുത്താനുമുള്ള ഒരു ധാരണയ്ക്ക് വടക്കന്‍ കൊറിയയെ പ്രേരിപ്പിക്കുകയുമാണ് ഏക വഴി. ഇതൊരു നടക്കാത്ത പരിഹാരമാകാം. അല്ലെങ്കില്‍ ഒരു അയഞ്ഞ പരിഹാരമോ തട്ടിക്കൂട്ടലോ മാത്രമാകും. പക്ഷേ ബാക്കിയെല്ലാം ഇതിനേക്കാള്‍ മോശമാണ്.