UPDATES

വിദേശം

ജൂത മതാശയങ്ങള്‍ക്ക് ഇത് ക്ഷതമേല്‍പ്പിക്കും; 1938ല്‍ ഐന്‍സ്റ്റീന്‍ എഴുതി; ഇസ്രായേലിനെ ജൂത രാഷ്ട്രമാക്കി നെതന്യാഹു അത് തെളിയിക്കുന്നു

ജൂത രാഷ്ട്രം എന്നു പ്രഖ്യാപിക്കുന്നതോടെ, ഒരു ആധുനിക ജനാധിപത്യ രാജ്യമാണെന്ന ഇസ്രായേൽ അവകാശവാദം ഇല്ലാതാകുന്നു.

1948 മെയ് 14ന് വൈകുന്നേരം, ബെൻ ഗുറിയോന്റെ നേതൃത്വത്തിലുള്ള ഇസ്രായേലിലെ താല്‍ക്കാലിക സർക്കാർ പുറപ്പെടുവിച്ച  ഇസ്രായേൽ രാഷ്ട്ര പ്രഖ്യാപനത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിയ്ക്കുന്നു: ‘ഇസ്രായേൽ പ്രവാചകന്മാർ വിഭാവനം ചെയ്ത രീതിയിൽ സ്വാതന്ത്ര്യം, നീതി, സമാധാനം എന്നിവയിൽ അധിഷ്ഠിതമായ രാജ്യമായിരിക്കുമിത്; മത, രാഷ്ട്രീയ, ലിംഗ ഭേദമന്യേ മുഴുവൻ ഇസ്രായേൽ നിവാസികൾക്കും സാമൂഹികവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യം ഉറപ്പു വരുത്തും; മതം, വിശ്വാസം, ഭാഷ വിദ്യാഭ്യാസം എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം ഉറപ്പു നല്കുന്നതോടൊപ്പം എല്ലാ മതവിശ്വാസങ്ങളുടെയും ആരാധനാലയങ്ങളും സംരക്ഷിക്കുമെന്നും ഐക്യരാഷ്ട്ര സഭാ ചാർട്ടറിലെ തത്വങ്ങളോട് പൂർണ്ണമായും കൂറു കാണിക്കുമെന്നും പ്രഖ്യാപിക്കുന്നു’.

എഴുപത് വർഷങ്ങൾക്കിപ്പുറം ഇസ്രായേൽ പാർലമെന്റിൽ ജൂതരാഷ്ട്രമായി ഇസ്രായേലിനെ പ്രഖ്യാപിക്കുന്ന നിയമം പാസ്സാകുമ്പോൾ രാഷ്ട്രപ്രഖ്യാപനത്തിലെ ആശയങ്ങളെല്ലാം പൂർണ്ണമായും റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. ഇസ്രായേൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹുവിന്‍റെ വാക്കുകളിൽ, സിയോണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഇസ്രായേലിന്റെയും ചരിത്രത്തിലെ നിർണ്ണായക നിമിഷമായി അതു മാറുന്നു. രാഷ്ട്രപ്രഖ്യാപനത്തിലെ ഭൂരിഭാഗം വാഗ്ദാനങ്ങളും വിവിധ ഘട്ടങ്ങളിലായി ഇസ്രായേൽ ലംഘിക്കുകയോ അട്ടിമറിക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും, ജൂതരാഷ്ട്ര പ്രഖ്യാപനത്തിലൂടെ അതിനു ഔദ്യോഗിക അംഗീകാരം കൈവരുന്നു.

പലസ്തിൻ – ഇസ്രായേൽ സമാധാന പ്രക്രിയയിൽ വലിയ തടസ്സം സൃഷ്ടിക്കുകയും ഇസ്രായേൽ ജനസംഖ്യയുടെ ഇരുപത് ശതമാനം വരുന്ന അറബ് – മുസ്ലീം വംശജരെ രണ്ടാംകിട പൗരന്മാരാക്കി മാറ്റുകയും ചെയ്യുന്ന തീരുമാനമാണ് ഇസ്രായേലിന്റെ ദേശ-രാഷ്ട്ര പ്രഖ്യാപനം. ‘ജനാധിപത്യത്തിന്റെ അന്ത്യവും ഫാസിസത്തിന്റെയും വംശീയ വിവേചനത്തിന്റെയും ആരംഭവുമെന്നാണ്’ ഇസ്രായേൽ പ്രതിപക്ഷം ഈ നടപടിയെ വിശേഷിപ്പിച്ചത്. ജൂത രാഷ്ട്രം എന്നു പ്രഖ്യാപിക്കുന്നതോടെ, ഒരു ആധുനിക ജനാധിപത്യ രാജ്യമാണെന്ന ഇസ്രായേൽ അവകാശവാദം ഇല്ലാതാകുന്നു. ആധുനിക കാലഘട്ടത്തിൽ ഒരു രാഷ്ട്രത്തിനും ഒരു മതത്തിനെയോ വംശീയതയോ അടിസ്ഥാനമാക്കി നിലനില്‍പ്പില്ലെന്ന കാര്യം വിസ്മരിക്കപ്പെടുന്നു.

ജൂത രാഷ്ട്രമെന്ന ആശയം ബൽഫർ പ്രഖ്യാപനത്തിന്റെ ഭാഗമായി വരുന്നതല്ല എന്ന കാര്യം 1946 ലെ ആംഗ്ലോ-അമേരിക്കൻ അന്വേഷണ കമ്മീഷൻ അടിവരയിട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. സിയോണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കന്മാർ പോലും ജൂതന്മാരുടെ ജന്മഭൂമി എന്നല്ലാതെ ജൂത രാഷ്ട്രം എന്ന ആവശ്യം ഉയർത്തിയിരുന്നില്ല.

അഞ്ചുവർഷത്തിനുള്ളിൽ പാലസ്തീൻ രാഷ്ട്രം രൂപീകരിക്കുമെന്ന ഓസ്‌ലോ ഉടമ്പടിയുടെ (1993) അടിസ്ഥാത്തിൽ ഇസ്രായേൽ എന്ന രാഷ്ട്രത്തെ പാലസ്തീനും അംഗീകരിച്ചിരുന്നതാണ്. അതുകൊണ്ടു തന്നെ  ധാർമ്മികമായും യുക്തിപരവുമായി യാതൊരു സാധുതയുമില്ലാത്തതാണ് ജൂതരാഷ്ട്ര പ്രഖ്യാപനം. മാത്രവുമല്ല സാമൂഹികവും ചരിത്രപരവും നിയമപരവും മതപരവുമായ നിരവധി പ്രത്യാഘാതങ്ങൾക്ക് ഈ തീരുമാനം ഇടയാക്കുകയും ചെയ്യും.

ഇസ്രായേലിന്റെ അധികാരം പൂർണ്ണമായും ജൂത കേന്ദ്രീകൃതമാക്കുന്ന 11 വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. ഇസ്രായേൽ ഭരണഘടനയ്ക്കു സമാനമായ അടിസ്ഥാന നിയമങ്ങളിൽ 14-ാമത്തേതായി ഈ നിയമം മാറും. ഏകീകൃതവും പൂർണ്ണവുമായ ജെറുസലേമിനെ ഇസ്രായേൽ തലസ്ഥാനമായി പുതിയ നിയമം വിഭാവനം ചെയ്യുന്നു. 240 കോടിയിലധികം വരുന്ന ക്രൈസ്തവരുടെയും 160 കോടിയിലധികം വരുന്ന ഇസ്‌ലാം മതവിശ്വാസികളുടെയും (ലോക ജനസംഖ്യയുടെ 55 ശതമാനത്തിലധികം വരുമിത് ) മതവിശ്വാസത്തിൽ അതിപ്രാധാന്യമർഹിക്കുന്ന ഒരു ഭൂപ്രദേശത്തെയാണ്, ഏകപക്ഷീയമായി ഒരു പ്രത്യേക മതവിഭാഗത്തിന്റെ രാഷ്ട്രത്തിന്റെ തലസ്ഥാനമായി ഇസ്രായേൽ സങ്കല്പിക്കുന്നത്. അങ്ങേയറ്റം ചരിത്രവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഈ തീരുമാനത്തിലേയ്ക്ക് നയിക്കുന്നതാവട്ടെ, ഇസ്രായേലിലെ അതി യാഥാസ്ഥികരായ ദേശീയ വാദികളെ പ്രീണിപ്പിക്കുക വഴി അധികാരത്തിൽ തുടരാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ ശ്രമങ്ങളാണ്. നിരവധിയായ അഴിമതിയാരോപണങ്ങൾ തനിക്കെതിരെ ഉയർന്നുവന്ന സന്ദർഭത്തിലാണ് അതിദേശീയവാദത്തെ താലോലിക്കുന്ന നിയമവുമായി നെതന്യാഹു രംഗത്തു വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അമേരിക്കൻ എംബസ്സി ജെറുസലേമിലേയ്ക്ക് മാറ്റിക്കൊണ്ട്, യു.എസ് ഈ നയത്തിന് ആദ്യമേ പിന്തുണ അറിയിച്ചു കഴിഞ്ഞു.

ജൂതസമൂഹത്തെ പടുത്തുയർത്തുകയെന്നത് ദേശീയമായ മൂല്യമായി പുതിയ നിയമം വിഭാവനം ചെയ്യുന്നു. വംശീയതയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾ ഇതോടു കൂടി നിയമവിധേയമാക്കപ്പെടുന്നു. ജൂതരൊഴികെയുള്ള ഏതു വംശീയ വിഭാഗങ്ങൾക്കും നല്കപ്പെടുന്ന ഭൂമിയടക്കമുള്ള വിഭവങ്ങൾക്കു മേൽ നിയന്ത്രണമേർപ്പെടുത്താൻ ഇതുവഴി ഭരണകൂടത്തിനു സാധിക്കും. അതിർത്തി പ്രദേശങ്ങളിൽ ജനവാസകേന്ദ്രങ്ങൾ നിർമ്മിച്ചുകൊണ്ട് ഇസ്രായേൽ നടത്തുന്ന അധിനിവേശ പ്രവർത്തനങ്ങളും ഇനി മുതൽ നിയമവിധേയമാണെന്നു വാദിക്കാൻ ഇസ്രായേലിനു സാധിക്കും. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാൻ ശേഷിയുള്ളതാണ് ഈ വ്യവസ്ഥയും.

നിയമത്തിലെ മറ്റൊരു വ്യവസ്ഥ അറബിക് ഭാഷയെ സംബന്ധിക്കുന്നതാണ്. ഔദ്യോഗിക ഭാഷാ പദവിയുണ്ടായിരുന്ന അറബിക്കിനെ തരംതാഴ്ത്തി പ്രത്യേകപദവി നല്കുകയും ഹീബ്രുവിനെ ഔദ്യോഗിക ഭാഷാ പദവിയിലേക്കുയർത്തുകയും ചെയ്യുന്നു. ഒമ്പത് ദശലക്ഷത്തിലധികം വരുന്ന അറബ് വംശജരെയാണ് ഈ തീരുമാനം ലക്ഷ്യം വെയ്ക്കുന്നത്. ഔദ്യോഗിക സേവനങ്ങൾക്കായി അറബിക് ലഭ്യമാകുമെങ്കിലും കാലക്രമേണ അറബിക് പൂർണ്ണമായും അവഗണിക്കപ്പെട്ടേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നു.

ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്രസ്വഭാവമുള്ള രാഷ്ട്രീയ കക്ഷികൾ ചേർന്ന സഖ്യമാണ് രാജ്യം ഭരിക്കുന്നത്. അതിദേശീയവാദികളും മതാതിഷ്ഠിത കക്ഷികളും ചേർന്ന ഈ ഭരണകൂടം ഇസ്രായേലിനെ ഒരു മതരാഷ്ട്രമായി മാറ്റിയെടുക്കുന്നതിൽ വിജയിച്ചിരിക്കുന്നു. ഇസ്രായേലിന്റെ ജനാധിപത്യ സ്വഭാവം നിരവധിയായ കോടതി വിധികളിലൂടെ നീതിപീഠങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, നെസറ്റ് പാസ്സാക്കിയ നിയമം ഇതിനെയെല്ലാം അട്ടിമറിക്കുന്നു. അന്തർദേശീയ തലത്തിൽ തന്നെ നിരവധി പ്രത്യാഘാതങ്ങൾക്ക് ഈ തീരുമാനം ഇടയാക്കും. ജൂതവംശജർക്കും അറബ് വംശജർക്കുമിടയിൽ നിലനില്‍ക്കുന്ന അതിദുർബലമായ സന്തുലനങ്ങൾ അട്ടിമറിക്കപ്പെടുകയും സ്വന്തം രാജ്യത്തിൽ അപരവല്‍ക്കരിക്കപ്പെടുന്നുവെന്ന ചിന്ത അറബ് വംശജർക്കിടയിൽ വളരുന്നതിനുമാണ് ഈ നിയമം വഴിയൊരുക്കുന്നത്.

ജൂതരാഷ്ട്രമെന്ന ആശയത്തെ എതിർത്തു കൊണ്ട് ആൽബർട്ട് ഐൻസ്റ്റീൻ ഇങ്ങനെ എഴുതി: ‘താല്ക്കാലികമായ അധികാരലബ്ധിക്കായി, അതിർത്തിയും പട്ടാളവുമെല്ലാമുള്ള ഒരു ജൂതരാഷ്ട്രം സൃഷ്ടിക്കുകയെന്ന ആശയത്തെ എതിർക്കാൻ,  ജൂതമതാശയങ്ങൾ സംബന്ധിച്ച ബോധ്യങ്ങൾ എന്നെ പ്രേരിപ്പിക്കുന്നു. ജൂതമതാശയങ്ങൾക്ക് ഇത് ആന്തരിക ക്ഷതമേൽപ്പിക്കുമെന്നും ഞാൻ ഭയപ്പെടുന്നു’ (1938). ഐൻസ്റ്റീന്റെ ആശങ്കകൾ അസ്ഥാനത്തായിരുന്നില്ലെന്ന് ഇസ്രായേലിന്റെ 70 വർഷത്തെ ചരിത്രവും വർത്തമാനവും വ്യക്തമാക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എന്താണ് ഇസ്രായേല്‍-പലസ്തീന്‍ പോരാട്ടം? എന്താണ് സയണിസം?

പലസ്തീന്‍ ബീജങ്ങള്‍ ഇസ്രായേല്‍ ജയില്‍ ചാടുന്നു

ഉണ്ണികൃഷ്ണന്‍ കളമുള്ളതില്‍

ഉണ്ണികൃഷ്ണന്‍ കളമുള്ളതില്‍

വടക്കാഞ്ചേരി ശ്രീവ്യാസ എൻ. എസ്. എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍