UPDATES

വിദേശം

ഫാദര്‍ ഫ്രാൻസിസ് എവിടെ? ഒപ്പം കീഴടങ്ങിയ 360 പേരും? ശ്രീലങ്കയില്‍ ഈ ചോദ്യങ്ങള്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്

വർഷങ്ങളായി തുടരുന്ന രാജ്യാന്തര സമ്മർദ്ദങ്ങളുടെ ഭാഗമായി 2017-ൽ ശ്രീലങ്കന്‍ സർക്കാർ കാണാതായവരെ കുറിച്ച് അന്വേഷണം നടത്താമെന്ന് സമ്മതിച്ചു

2009 മേയ് 18. ശ്രീലങ്കയിലെ മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന ക്രൂരമായ സംഘർഷം അവസാനിക്കുകയാണ്. കുറഞ്ഞത് 100,000 ആളുകള്‍ക്കെങ്കിലും ജീവൻ നഷ്ടമായി കഴിഞ്ഞിരുന്നു അപ്പോഴേക്കും. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും എവിടെയെന്ന് ആര്‍ക്കുമറിയില്ല.

പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ വേലുപ്പിള്ള പ്രഭാകരന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച സായുധ സംഘമാണ് തമിഴ് പുലികള്‍ എന്നറിയപ്പെടുന്ന ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം. ശ്രീലങ്കൻ സൈന്യവും തമിഴ് പുലികളും തമ്മില്‍ രക്തരൂക്ഷിതമായ ഏറ്റുമുട്ടലും ആക്രമണങ്ങളും നടന്നു. ഒരുപാട് സാധാരണക്കാര്‍ ബലിയാടുകളായി.

പോരാട്ടത്തിന്‍റെ അവസാന ദിവസം. തമിഴ് പുലികളും കുട്ടികളും ഉൾപ്പെടെ 360 ആളുകള്‍ ഒരു തമിഴ് കത്തോലിക് പുരോഹിതന്‍റെ അഭ്യര്‍ത്ഥന മാനിച്ച് കീഴടങ്ങാന്‍ തയ്യാറായി. പട്ടാളം അവരെ ബസ്സുകളില്‍ കയറ്റിക്കൊണ്ടുപോയി. പിന്നീടിതുവരെ അവരെയാരും കണ്ടിട്ടില്ല.

ഫാദര്‍ ഫ്രാൻസിസ് തമിഴ് വംശജരുടെ സ്വാതന്ത്ര്യം എന്ന ആവശ്യത്തെ ശക്തമായി അനുകൂലിച്ചിരുന്നു. പക്ഷെ, അദ്ദേഹം ഒരിക്കലും ആയുധം കയ്യിലെടുത്തിരുന്നില്ല. വാക്കായിരുന്നു അദ്ദേഹത്തിന്‍റെ ഒരേയൊരു ആയുധം.

യുദ്ധം അവസാനിക്കുന്നതിനു എട്ട് ദിവസം മുൻപ് അദ്ദേഹം വത്തിക്കാന്‍റെ സഹായം തേടി പോപ്പിന് കത്തയച്ചിരുന്നു. അധികം വൈകാതെ പ്രഭാകരന്‍ കൊല്ലപ്പെട്ടു. തമിഴ് പുലികള്‍ക്കുമേല്‍ സൈന്യം ആധിപത്യം സ്ഥാപിച്ചു. ശ്രീലങ്കയുടെ വടക്കുകിഴക്കൻ പ്രദേശത്തുള്ള വട്ടുവഗൽ പാലത്തിലൂടെ ആയിരക്കണക്കിന് തമിഴ് സ്ത്രീകളേയും കുട്ടികളേയും കൂട്ടി ഫാദര്‍ ഫ്രാന്‍സിസ് പലായനം ചെയ്യുകയായിരുന്നു. താഴേക്കു നോക്കിയാല്‍ ചോരപ്പുഴയില്‍ മുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ കാണാമായിരുന്നു എന്ന് ദൃസ്സാക്ഷികള്‍ പറയുന്നു.

ഫാദർ ഫ്രാൻസിസിന്‍റെ സുഹൃത്തുക്കളും മുൻ സഹപ്രവർത്തകരും ഉൾപ്പെടെയുള്ള ആയിരക്കണക്കിന് മനുഷ്യര്‍, കാണാതായവര്‍ എവിടെയെന്ന ചോദ്യവുമായി വടക്കൻ ശ്രീലങ്കയിലെ തെരുവുകളിലൂടെ പതിവായി നടക്കാറുണ്ട്.

ഫ്രാൻസിസ് എവിടെയെന്ന് കണ്ടെത്തെണമെന്ന അഭ്യര്‍ത്ഥനയുമായി ഇപ്പോഴും നടക്കുന്ന ഒരു വൃദ്ധനുണ്ട്. മോസസ് അരുളനന്ദൻ. ഫ്രാൻസിസിന്‍റെ ഏറ്റവും അടുത്ത ബന്ധുവാണ് അദ്ദേഹം. ലോക്കല്‍ കോടതിയിലും ഐക്യരാഷ്ട്ര സംഘടനയിലും അദ്ദേഹം പരാതി നല്‍കിയിരുന്നു. പക്ഷെ, ഒന്നും എവിടെയും എത്തിയില്ല.

വടക്കൻ ലങ്കയിലേക്ക് ഒരു സ്കൂൾ വിദ്യാർത്ഥി ആയാണ് ഫ്രാൻസിസ് വരുന്നത്. ജാഫ്നയിലെ സെന്റ് പാട്രിക്സ് കോളജിൽ പ്രാഥമിക വിദ്യാഭ്യാസം. കത്തോലിക്കാ പുരോഹിതനായി നിയമിതനായ ശേഷം അതേ കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തു. പിന്നീട് സ്കൂൾ പ്രിൻസിപ്പാളായി. ജീവിതത്തിന്‍റെ നല്ലൊരു ഭാഗവും ക്ലാസ് റൂമുകളിലും ആരാധനാലയത്തിലുമായി ചിലവഴിച്ചു.

ലങ്കന്‍ സേന നടത്തിയിരുന്ന ആക്രമണങ്ങളെ ശക്തിയുക്തം എതിര്‍ത്തിരുന്ന ഫ്രാന്‍സിസ് തമിഴ് വിമത സേന നടത്തിയിരുന്ന ആക്രമണങ്ങള്‍ക്കെതിരെ മൌനം പാലിച്ചിരുന്നു.

തമിഴ് പുലികളുടെ ഒരു പ്രധാന അംഗത്തിന്‍റെ ഭാര്യയായിരുന്ന ജയകുമാരി കൃഷ്ണകുമാറും അന്ന് കീഴടങ്ങിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. കീഴടങ്ങിയ എല്ലാവരുടെയും പേരുകള്‍ പുരോഹിതൻ എഴുതിതയ്യാറാക്കിയിരുന്നു എന്ന് അവര്‍ ഓര്‍മ്മിക്കുന്നു. അദ്ദേഹത്തിന്‍റെ പുരോഹിത വസ്ത്രത്തെ പട്ടാളം ബഹുമാനിക്കും എന്നാണു അദ്ദേഹം കണക്കുകൂട്ടിയത്. പക്ഷെ, അതുണ്ടായില്ല. അദ്ദേഹത്തിന്‍റെ കൂടെ പോയാല്‍ സുരക്ഷിതരായിക്കുമെന്നാണ് മറ്റുള്ളവര്‍ കരുതിയിരുന്നത്.

ശ്രീലങ്കൻ സേനയുടെ കീഴില്‍ നിന്നും ഇത്രയധികം ആളുകള്‍ ഒരുമിച്ച് അപ്രത്യക്ഷമായത് ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു എന്ന് ശ്രീലങ്കയിലേക്ക് നിയമിക്കപ്പെട്ട യുഎൻ വിദഗ്ദ്ധ സംഘത്തിലെ അംഗമായിരുന്ന യസ്മിൻ സൂക്ക പറയുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവര്‍ ഇന്നും നീതി തേടി അലയുകയാണ്. കീഴടങ്ങിയവരെല്ലാം സുരക്ഷിതരാണെന്ന് പട്ടാളം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഒരാളെപ്പോലും ഇന്ന് തടവില്‍ പാര്‍പിച്ചതായി കാണില്ല. അണ്ടര്‍ഗ്രൌണ്ട് ക്യാമ്പുകള്‍ ഉണ്ടോ എന്നുവരേ യുഎന്‍ പരിശോധിച്ചു. ഒന്നും കണ്ടെത്തിയില്ല.

കലാപത്തിന്‍റെ അവാസാന മാസത്തില്‍ മാത്രം 40000 പേരാണ് കൊലചെയ്യപ്പെട്ടതെന്ന് യു.എന്‍ പറയുന്നു. ഗുരുതരമായ പരിക്കുകള്‍ പറ്റിയവര്‍ അതിലേറെയുണ്ടാകും. കീഴടങ്ങിയ ഒരാള്‍പോലും കൊലചെയ്യപ്പെട്ടിട്ടില്ലെന്ന് ശ്രീലങ്കന്‍ പട്ടാളം ഇപ്പോഴും ആവര്‍ത്തിക്കാറുണ്ട്.

പക്ഷെ, ഫാദര്‍ ഫ്രാൻസിസ് എവിടെ?

വർഷങ്ങളായി തുടരുന്ന രാജ്യാന്തര സമ്മർദ്ദങ്ങളുടെ ഭാഗമായി 2017-ൽ ശ്രീലങ്കന്‍ സർക്കാർ കാണാതായവരേ കുറിച്ച് അന്വേഷണം നടത്താമെന്ന് സമ്മതിച്ചു. ഇതുവരെ ഒരാളെപ്പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ, ശ്രമം തുടരുകയാണെന്ന് അവര്‍ പറയുന്നു.

അപ്രത്യക്ഷമായവരുടെ കുടുംബങ്ങൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ ഇപ്പോഴും കാത്തിരിക്കുകയാണ്. കാണാതായവരുടെ ഭാര്യമാർ ഇപ്പോഴും അവരുടെ നെറ്റിയിൽ ചുവന്ന സിന്ദൂരക്കുറി ചാര്‍ത്താറുണ്ട്. അച്ഛനും അമ്മയും വരുമെന്ന പ്രതീക്ഷയില്‍ ഇരിക്കുന്ന അസംഖ്യം മക്കളുണ്ട്. ഫാദർ ഫ്രാൻസിസിനെയും കണ്ടെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

‘സത്യം ഒരുനാള്‍ പുറത്തു വരും’, അരുളനന്ദൻ പറയുന്നു.

Read More: ശവമടക്കണമെങ്കിൽ സെമിത്തേരിക്ക് മതിൽ വേണം; കെട്ടാനനുവദിക്കില്ലെന്ന് ബിജെപി; മരിച്ച് 5 ദിവസം പിന്നിട്ടിട്ടും ദളിത് ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം മോർച്ചറിയിൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍