UPDATES

വിദേശം

ലോകകപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത്; ആരാണ് മൈതാനത്തിലേക്ക് ഇരച്ചുകയറിയ ആ നാലു പേര്‍?

റഷ്യന്‍ ലോകകപ്പിനിടെ കേട്ട ഏക രാഷ്ട്രീയ ശബ്ദം പുസി റയറ്റിന്‍റേതായിരുന്നു

കളിയുടെ അന്‍പത്തി രണ്ടാം മിനുട്ടിലാണ് അത് സംഭവിച്ചത്. പോലീസ് യൂണിഫോം ധരിച്ച നാലു പേര്‍ മൈതാനത്തിലേക്ക് ഇരച്ചുകയറി. മോസ്കോയിലെ ലൂസ്നിക് സ്റ്റേഡിയത്തില്‍ കളിക്കാരെയും കാണികളെയും സംഘാടകരെയും അമ്പരപ്പിച്ചുകൊണ്ട് അവര്‍ കളി അല്‍പ്പ സമയം തടസ്സപ്പെടുത്തി. റഷ്യന്‍ വിമത-കലാ സംഘമായ പുസ്സി റയറ്റ് (Pussy Riot) അംഗങ്ങളായിരുന്നു അവര്‍.

പുസ്സി റയറ്റ് പങ്ക് ഗ്രൂപ്പ് ആയാണ് പൊതുവേ തെറ്റിദ്ധരിക്കപ്പെട്ടിരുന്നത്. എന്നാല്‍ അത് അവരുടെ നിരവധി വേഷങ്ങളില്‍ ഒന്നു മാത്രമാണ്. 2011ലാണ് ആര്‍ക്കും അംഗങ്ങളായി ചേരാവുന്ന സംഘം രൂപീകരിക്കപ്പെട്ടത്. ‘നാടകങ്ങള്‍’(actions) അവതരിപ്പിക്കുകയും അത് വീഡിയോയില്‍ പകര്‍ത്തി അതിനൊപ്പം തങ്ങള്‍ എന്തിന് ഇത് ചെയ്തു എന്ന പ്രസ്താവന ഇറക്കുകയും ചെയ്യുകയാണ് അവരുടെ പ്രവര്‍ത്തനം. മോസ്കോയിലെ ക്രൈസ്റ്റ് ദി സേവ്യര്‍ കത്തീഡ്രലില്‍ 2012ലെ റഷ്യന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ രാഷ്ട്രീയ പ്രാര്‍ഥനയാണ് ഈ അടുത്ത കാലത്ത് അവര്‍ നടത്തിയ ‘നാടക’ങ്ങളില്‍ ഒന്ന്. പള്ളിയും ഭരണകൂടവും തമ്മിലുള്ള ഒത്തുകളിയില്‍ പ്രതിഷേധിച്ചായിരുന്നു ഈ പ്രാര്‍ത്ഥന. ഇതേ തുടര്‍ന്ന് ഈ സംഘത്തിന്റെ സ്ഥാപക അംഗങ്ങളില്‍ രണ്ടു പേര്‍ 22 മാസമാണ് തടവിലടക്കപ്പെട്ടത്.

ലോകകപ്പിനിടയില്‍ നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തം പുസ്സി റയറ്റ് ഏറ്റെടുത്തിട്ടുണ്ട്. റഷ്യന്‍ കവി ദിമിത്രി ആലേക്സാന്ദ്രോവിച്ച് പ്രിഗോവിനെ ഉദ്ധരിച്ചുകൊണ്ടാണ് അവര്‍ ട്വിറ്ററില്‍ പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഇന്ന് പ്രിഗോവിന്റെ പതിനൊന്നാം ചരമ വാര്‍ഷിക ദിനമാണ്.

പ്രിഗോവിന്റെ കവിതയില്‍ പറയുന്ന ആരാണ് ആദര്‍ശാത്മക പോലീസുകാരന്‍ എന്നതിനെ വിശദീകരിക്കാനാണ് ഇന്നലത്തെ ഇടപെടലിലൂടെ സംഘം ശ്രമിച്ചത്. “സ്വര്‍ഗ്ഗത്തിലെ പോലീസുകാരന്‍ ഉറങ്ങുന്ന കുഞ്ഞിനെ സംരക്ഷിക്കും. എന്നാല്‍ ഭൂമിയിലെ പോലീസുകാര്‍ രാഷ്ട്രീയ തടവുകാരെ ശിക്ഷിക്കുകയും നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവരെയും ലൈക്ക് ചെയ്യുന്നവരെയും തടവിലിടുകയും ചെയ്യും.” അവരുടെ സന്ദേശം ഇങ്ങനെ പറയുന്നു.

സന്ദേശം പറയാന്‍ ശ്രമിക്കുന്നത് മറ്റൊന്നുമല്ല. വ്ലാഡിമിര്‍ പുടിന്റെ റഷ്യയില്‍ നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിനും ലൈക്ക് ചെയ്തതിന് നിരവധി പേരാണ് ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്നത്. 2014 സോച്ചിയിലെ ഒളിംപിക്സില്‍ നിന്നും ഭിന്നമായി ലോകകപ്പിനിടയില്‍ വലിയ രാഷ്ട്രീയ വിമര്‍ശനങ്ങളൊന്നും ഉയര്‍ത്തപ്പെടുകയുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. മാധ്യമങ്ങളില്‍ പോലും ഒന്നും പ്രത്യക്ഷപ്പെട്ടില്ല. യാതൊരു കുഴപ്പവുമില്ലാതെ ‘സ്വര്‍ഗ്ഗത്തിലെ പോലീസുകാര്‍’ കാവല്‍ നില്‍ക്കുന്ന സ്വപ്നതുല്യമായ ഒരു മേളയായി ഇത് നടന്നു പോവുകയായിരുന്നു.

പുസി റയറ്റിന്റെ പ്രസ്താവന അവസാനിക്കുന്നത് ചില ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ്.

1. എല്ലാ രാഷ്ട്രീയ തടവുകരെയും സ്വതന്ത്രരാക്കുക.
2. നവമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ലൈക്ക് ചെയ്തതിന് ആളുകളെ തടവിലിടുന്നത് അവസാനിപ്പിക്കുക
3. പ്രതിഷേധക്കാരെ നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കുക.
4. രാഷ്ട്രീയ മത്സരങ്ങള്‍ അനുവദിക്കുക.
5. ക്രിമിനല്‍ കേസുകള്‍ കെട്ടിച്ചമച്ച് ജനങ്ങളെ ജയിലില്‍ അടയ്ക്കുന്നത് അവസാനിപ്പിക്കുക.
6. ഭൂമിയിലെ പൊലീസുകാരെ സ്വര്‍ഗ്ഗീയ പോലീസുകാരാക്കുക

റഷ്യന്‍ ലോകകപ്പിനിടെ കേട്ട ഏക രാഷ്ട്രീയ ശബ്ദം പുസി റയറ്റിന്‍റേതായിരുന്നു.

കൂടുതല്‍ വായിക്കാന്‍: ന്യൂയോര്‍ക്കര്‍

ഒറ്റ ലക്ഷ്യം എന്ന ദെഷാംപ്‌സ് തിയറി ക്രോയേഷ്യയെ വീഴ്ത്തിയതെങ്ങനെ?

20 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് കിരീടം വീണ്ടും ഫ്രാന്‍സിലേക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍