TopTop

ആധുനിക വിൻസ്റ്റൺ ചർച്ചിലാകാനാണ് ആഗ്രഹം, പക്ഷേ ട്രംപാകാനാണ് സാധ്യതയെന്ന് വിമര്‍ശകര്‍; ആരാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍?

ആധുനിക വിൻസ്റ്റൺ ചർച്ചിലാകാനാണ് ആഗ്രഹം, പക്ഷേ ട്രംപാകാനാണ് സാധ്യതയെന്ന് വിമര്‍ശകര്‍; ആരാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍?
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ ചുമതലയേല്‍ക്കുകയാണ്. ആധുനിക വിൻസ്റ്റൺ ചർച്ചിലാകാനാണ് ആദ്ദേഹം ആഗ്രഹിക്കുന്നതെങ്കിലും ബ്രിട്ടീഷ് ഡൊണാൾഡ് ട്രംപാകാനുള്ള സാധ്യതയാണ് വിമർശകർ ഭയപ്പെടുന്നത്‌. വലതുപക്ഷക്കാരനും തീവ്ര വംശീയ വാദിയുമാണ് ബോറിസ്. മുൻ ലണ്ടൻ മേയറും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന അദ്ദേഹം ബ്രെക്സിറ്റ് കാമ്പയിൻ അനുകൂലിയാണ്.

തെരേസ മേയ് രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ നടത്തിയ വോട്ടെടുപ്പില്‍ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെയാണ് 66% വോട്ടുകള്‍ നേടിക്കൊണ്ട് ബോറിസ് പരാജയപ്പെടുത്തിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടണ്‍ നേരിട്ട രാഷ്ട്രീയ പ്രതിസന്ധികളെ സമര്‍ത്ഥമായി തരണം ചെയ്ത ചർച്ചിലിനെപ്പോലെ, നിലവിലെ പ്രതികൂല സാഹചര്യത്തില്‍ നിന്നും (ബ്രെക്സിറ്റ്) രാജ്യത്തെ കരകയറ്റുകയെന്നതാണ് അദ്ദേഹത്തിന്‍റെ പ്രധാന ദൌത്യം. ചിലപ്പോഴൊക്കെ ഒരു സെലിബ്രിറ്റിയായും, മറ്റു ചിലപ്പോള്‍ വെറും 'കോമാളി'യായും, പ്രകോപനപരമായി സംസാരിച്ചും, സത്യത്തെ വളച്ചൊടിച്ചുമെല്ലാമാണ് അദ്ദേഹം ട്രംപുമായി താദാത്മ്യം പ്രാപിക്കുന്നത്. ‘അദ്ദേഹം വളരെ വ്യത്യസ്തനായ ആളാണ്‌, ഞാനും. ഞങ്ങള്‍ തമ്മില്‍ നന്നായി ചേരും’ എന്നാണ് സാക്ഷാല്‍ ട്രംപുതന്നെ കുറച്ചുനാള്‍ മുന്‍പ് ബോറിസിനെ കുറിച്ച് പറഞ്ഞത്.

ഏതു നിമിഷവും നിറം മാറിയേക്കാവുന്ന ട്രംപുമായി ശക്തമായ ബന്ധം നിലനിർത്തുകയെന്നത് പുതിയ നേതാവിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാകും. കരാറുകളില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുക എന്നതാണ് ബോറിസിന്‍റെ നയം. എന്നാല്‍ അതും ഏത്രത്തോളം സാധ്യമാകുമെന്നതും അദ്ദേഹത്തിന് എത്രത്തോളം അവസരത്തിനൊത്ത് ഉയരാനും താഴാനും കഴിയുമെന്നതും കണ്ടറിയേണ്ടതാണ്. സ്വര്‍ണ്ണത്തലമുടിയും നീലക്കണ്ണുകളുമുള്ള, എപ്പോഴും ഉത്സാഹിയും സരസനുമായ ജോൺസൺ ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയക്കാരിൽ ഒരാളാണെങ്കിലും പല തരത്തിൽ അദ്ദേഹത്തിന്‍റെ ജീവിതം ദുരൂഹവുമാണ്.

കടുത്ത വലതുപക്ഷക്കാരനായ ബോറിസ് ജോണ്‍സന്‍റെ ബ്രെക്‌സിറ്റ് നയങ്ങളോട് പാര്‍ട്ടിയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. കരാറോടെയോ അല്ലാതെയോ ഒക്ടോബര്‍ 31-നു മുന്‍പ് ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ധനമന്ത്രി ഫിലിപ്പ് ഹാമന്‍ഡ് അടക്കമുള്ളവര്‍ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ജോണ്‍സന്റെ കടുത്ത വിമര്‍ശകനും വിദേശകാര്യ സഹ മന്ത്രിയുമായ അലന്‍ ഡങ്കന്‍ രാജിവച്ചുകഴിഞ്ഞു. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെ വീഴ്ത്താന്‍ പോലും മടിക്കില്ലെന്നാണ് ഹാമന്‍ഡ് പറഞ്ഞത്. പാര്‍ട്ടിയിലെ പലരുടേയും അഭിപ്രായം അതാണ്‌ എന്നതാണ് പ്രധാനം.

1964-ൽ ന്യൂയോർക്ക് സിറ്റിയിലാണ് ബോറിസ് ജോൺസൺ ജനിച്ചത്. ഓക്‌സ്ഫഡിലടക്കം പഠനം പൂര്‍ത്തീകരിച്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടൈംസിലും, ദി ഡെയ് ലി ടെലിഗ്രാഫിലും ജോലിചെയ്തു. ബ്രിട്ടീഷ് വലതുപക്ഷത്തെ വികാരംകൊള്ളിക്കുന്ന ലേഖനങ്ങളെഴുതി പേരെടുത്തു. അതിനിടെയാണ് 2001-ൽ ഹെൻലിയിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2008 മുതൽ 2016 വരെ ലണ്ടൻ മേയറായി. 2018 വരെ വിദേശകാര്യ സെക്രട്ടറിയായും സേവനമനുഷ്ടിച്ചു. ഇതിനിടയിലെല്ലാം അദ്ദേഹത്തിന്‍റെ തീവ്ര വലതുപക്ഷ വംശീയ നിലപാടുകളും പ്രസ്ഥാവനകളും ചൂടന്‍ ചര്‍ച്ചയായി.

ബ്രെക്‌സിറ്റ് വിഷയത്തില്‍ പലവട്ടം കാലിടറിയാണ് തെരേസ മേയ്ക്ക് രാജിവെക്കേണ്ടി വന്നത്. അതുകൊണ്ടുതന്നെ ബ്രെക്സിറ്റ് യാഥാർഥ്യമാക്കുക എന്ന വെല്ലുവിളി തന്നെയാണ് ബോറിസ് ജോൺസന് മുന്നിലുമുള്ളത്. ബ്രിട്ടന്‍ അപമാനിക്കപ്പെടാന്‍ പോകുകയാണ് എന്നാണ് ബോറിസ് പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ഡേവിഡ് ഗൗക്കെ അഭിപ്രായപ്പെട്ടത്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകണമെങ്കില്‍ ചര്‍ച്ചില്‍ ആയാല്‍ മാത്രം മതിയാവില്ലെന്ന് ചുരുക്കം.

Next Story

Related Stories