Top

ചൈനയല്ല, ആദ്യം ഇന്ത്യ; മാലിദ്വീപില്‍ നിന്നും ശുഭവാര്‍ത്ത

ചൈനയല്ല, ആദ്യം ഇന്ത്യ; മാലിദ്വീപില്‍ നിന്നും ശുഭവാര്‍ത്ത
മാലി ദ്വീപില്‍ പ്രസിഡണ്ട് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ മാലിദ്വീപും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശരിയാകുന്നതിനുള്ള വഴി വീണ്ടും തെളിയുന്നുണ്ട് എന്നു കരുതാം. പ്രസിഡണ്ട് സോലിഹിന്റെ അധികാരമേറ്റെടുക്കല്‍ ചടങ്ങിന് ക്ഷണിക്കപ്പെട്ട ഏക വിദേശ രാഷ്ട്രനേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു എന്നും അതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സോലിഹ് കൂടിക്കാഴ്ച്ച നടത്തിയെന്നതും മാലിദ്വീപിലെ പുതിയ നേതൃത്വത്തിന്റെ താല്‍പര്യം എങ്ങോട്ടാണെന്ന് വ്യക്തമായി കാണിക്കുന്നു.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സമാധാനത്തിനും ഭദ്രതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഇരുവിഭാഗങ്ങളുടെയും ആശങ്കകളും ആഗ്രഹങ്ങളും കണക്കിലെടുക്കാന്‍ രണ്ടു രാജ്യങ്ങളും സമ്മതിച്ചു. മാലിദ്വീപ് അഭിമുഖീകരിക്കുന്ന 'കടുത്ത സാമ്പത്തിക സാഹചര്യത്തെക്കുറിച്ചു' പ്രസിഡന്റ് സോലിഹ് പറഞ്ഞപ്പോള്‍, 'സാധ്യമായ എല്ലാ മാര്‍ഗങ്ങളും ദ്വീപസമൂഹത്തെ സഹായിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പും നല്‍കി.

അധികാരമേറ്റെടുക്കുന്നതിന് മുമ്പുതന്നെ 'ആദ്യം ഇന്ത്യ' എന്ന നയം സോലിഹ് വ്യക്തമാക്കിയിരുന്നു. തന്റെ സ്വേച്ഛാധിപത്യ ഭരണത്തിന് നേരെയുള്ള അന്താരാഷ്ട്ര എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പിന്തുണയ്ക്കും പടുകൂറ്റന്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായുള്ള സാമ്പത്തിക പിന്തുണയ്ക്കായും ചൈനയുമായി വളരെ അടുത്തിരുന്ന തന്റെ മുന്‍ഗാമി അബ്ദുല്ല യമീനിന്റെ നയത്തില്‍ നിന്നുള്ള മാറ്റം കൂടിയാണിത്.

ഈ പദ്ധതികള്‍ക്കൊപ്പം വന്ന ചൈനയോടുള്ള വലിയ കടബാധ്യതയാണ്-1.5 ബില്യന്‍ ഡോളര്‍ മുതല്‍ 3 ബില്യണ്‍ ഡോളര്‍ വരെയുണ്ട് ഇതെന്നാണ് ചില കണക്കുകള്‍ കാണിക്കുന്നത്. അതായത് രാജ്യത്തിന്റെ ജി ഡി പിയുടെ പകുതിയോളം- സോലിഹ് നേരിടുന്ന ആദ്യത്തെ വെല്ലുവിളി. മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്തുക എന്നതും വലിയ വെല്ലുവിളിയാണ്.

സോലിഹിന്, മുന്‍ പ്രസിഡണ്ട് മുഹമ്മദ് നഷീദിന്റെ പിന്തുണയുണ്ടെങ്കിലും സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ യമീന് 42% വോട്ടു കിട്ടിയെന്നതും ഗണ്യമായ പിന്തുണ ഇപ്പോഴുമുണ്ടെന്നതും വിസ്മരിക്കാനാകില്ല. സിറിയയിലും ഇറാഖിലുമുള്ള വിദേശ ഇസ്ലാമിക തീവ്രവാദി പോരാളികളുടെ എണ്ണമെടുത്താല്‍ പ്രതിശീര്‍ഷ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ളത് മാലിദ്വീപില്‍ നിന്നാണ് എന്നതിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാമിക തീവ്രവാദവും മാലിദ്വീപ് നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്.

യമീനിന്റെ ചൈന അനുകൂല നയം മൂലം നഷ്ടമായ സാന്നിധ്യം കുറച്ചെങ്കിലും തിരിച്ചുപിടിക്കാന്‍ കഴിയുന്നതില്‍ ഇന്ത്യക്ക് വ്യക്തമായ സന്തോഷമുണ്ട്. യാമീന്‍ മടക്കി അയക്കണം എന്ന നിലപാടെടുത്ത രണ്ടു സൈനിക ഹെലികോപ്ടറുകളുടെയും സൈനികരുടെയും സാന്നിധ്യം, കഴിഞ്ഞ മാസങ്ങളില്‍ നൂറുകണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ നിഷേധിച്ചത് തുടങ്ങിയ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യാന്‍ ഇരുരാഷ്ട്രങ്ങള്‍ക്കും ഒരവസരം ഉണ്ടാകും. മാലിദ്വീപിലെ സോലിഹിന്റെ സര്‍ക്കാരിനെയും ജനാധിപത്യ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്താന്‍ അവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഇന്ത്യ മുന്‍കൈ എടുക്കണം.

Next Story

Related Stories