TopTop

ട്രംപിനെതിരെയുള്ള ലൈംഗികാരോപണങ്ങളും മീടൂവും; യു എസ് തിരഞ്ഞെടുപ്പില്‍ ചരിത്രം രചിച്ച് വനിതകള്‍

ട്രംപിനെതിരെയുള്ള ലൈംഗികാരോപണങ്ങളും മീടൂവും; യു എസ് തിരഞ്ഞെടുപ്പില്‍ ചരിത്രം രചിച്ച് വനിതകള്‍
അമേരിക്കയില്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വീറുംവാശിയും നിറഞ്ഞ പോരാട്ടമായപ്പോള്‍ അതിന്‍റെ മുന്നില്‍ നിന്നു നയിക്കുന്ന സ്ത്രീകളുടെ എണ്ണവും ചരിത്രമാകുകയാണ്. 118 സ്ത്രീകൾ യു എസ് കോണ്‍ഗ്രസ്സിലേക്ക് ജയിച്ചുകയറി. 2016ലെ 105 അംഗബലമാണ് പഴങ്കഥയാകുന്നത്. 98 പേരാണ് ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ 22 ശതമാനം സ്ത്രീ പ്രതിനിധികളായിരിക്കും എന്നു വ്യക്തമായി.

പ്രസിഡണ്ട് ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി സ്ത്രീകള്‍ രംഗത്ത് വന്നതും മീടൂ പ്രസ്ഥാനവും ഈ വിജയത്തിനു ആക്കം കൂട്ടി എന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുക്കപ്പെട്ട വനിതകളില്‍ ഭൂരിഭാഗവും ഡെമോക്രാറ്റുകളാണ് എന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വ്യത്യസ്ഥ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ അണിനിരത്തി വൈവിധ്യം ഉണ്ടാക്കാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സാധിച്ചു എന്നുള്ളതാണ് ഈ വിജയം തെളിയിക്കുന്നത്.

കറുത്ത വര്‍ഗ്ഗക്കാര്‍, ലാറ്റിനകള്‍, നാറ്റീവ് അമേരിക്കൻസ് തുടങ്ങി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ത്രീകൾ തികച്ചും വ്യത്യസ്തരാണ്. ന്യൂയോർക്കില്‍ നിന്നും മത്സരിച്ച അലക്സാണ്ട്രിയ ഒകസീയോ-കോർട്ടസ് എന്ന ലാറ്റിന യുവതി പരാജയപ്പെടുത്തിയത് ജോസഫ് ക്രൗലിയെയാണ്. 29കാരിയായ കോർട്ടസ് ആണ് ജനപ്രതിനിധി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി.

ന്യൂ മെക്സിക്കോയില്‍ നിന്നും വിജയിച്ച ഡെമോക്രാറ്റായ ഡെബ് ഹാലാൻഡ്, കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ നാറ്റീവ് അമേരിക്കൻ വനിതയാകും. വിർജീനിയയിൽ ഡെമോക്രാറ്റ് നേതാവ് ജെന്നിഫർ വെക്സ്റ്റൺ റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ നിലവിലെ സെനറ്ററായ ബാർബറ കോംസ്റ്റോക്കിനെ പരാജയപ്പെടുത്തി.

ചരിത്രത്തിലാദ്യമായി അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക്​ മുസ്ലിം വനിതകൾ തെരഞ്ഞെടുക്കപ്പെട്ടു എന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ഫലസ്​തീൻ വംശജയായ റാഷിദ തായിബും ​സോമാലിയൻ വംശജയായ ഇഹാൻ ഒമറുമാണ്​ ജനപ്രതിധിനിധി സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്. തായിബ് മിഷിഗണിൽ നിന്നും, ഒമർ മിനിസോട്ടയിൽ നിന്നുമാണ് ജയിച്ചു കയറിയത്.

ഫലസ്​തീൻ സ്വദേശികളുടെ മകളാണ്​ തായിബ്​. 2008 മിഷിഗണിൽ നിന്ന്​ വിജയിച്ച്​ അവർ ചരിത്രം കുറിച്ചിരുന്നു. മിനിമം വേതനം, മെഡികെയർ ഉൾപ്പടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ റദ്ദാക്കുന്ന ട്രംപ്​ ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ അവർ രംഗത്തെത്തിയിരുന്നു. വൻകിട കോർപ്പറേഷനുകൾക്ക്​ നികുതിയിളവ്​ നൽകുന്നതിനെതിരെയും തായിബ്​ എതിരായിരുന്നു.

ആഭ്യന്തര യുദ്ധത്തെ തുടർന്ന്​ സോമാലിയയിൽ നിന്ന്​ 14ാം വയസിലാണ്​ ഒമർ യു.എസിലെത്തുന്നത്​.ഡെമോക്രാറ്റിക്​ ഫാർമർ ലേബർ പാർട്ടിയിലുടെയാണ്​ അവർ രാഷ്​ട്രീയത്തിലെത്തിയത്​​. സാമൂഹിക സുരക്ഷ പദ്ധതികൾ ആവശ്യമാണെന്ന്​ നിലപാടെടുത്ത വനിതയാണ്​ ഒമറും.

എല്ലാ അമേരിക്കക്കാര്‍ക്കും മെച്ചപ്പെട്ട ആരോഗ്യ പരിചരണം ലഭ്യമാക്കേണ്ട ആവശ്യകതയില്‍ ഊന്നിയായിരുന്നു വിജയിച്ചവരില്‍ പലരും തെരഞ്ഞെടുപ്പിനെ നേരിട്ടത്. വൈവിധ്യമാർന്ന തൊഴില്‍ പശ്ചാത്തലങ്ങളില്‍ നിന്നാണ് അവർ വരുന്നത് – സൈനികര്‍, അധ്യാപകര്‍ തുടങ്ങി ഇതുവരെ ഒരു ജോലിയും ചെയ്യാത്തവര്‍ വരെ അക്കൂട്ടത്തിലുണ്ട്.

റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കൻസാസ്, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ത്രീകള്‍ക്ക് വലിയ നേട്ടമൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍, കഴിഞ്ഞ മാസം കൻസാസിൽ ട്രംപ് പ്രചാരണം നടത്തിയിട്ടും ഡെമോക്രാറ്റിക് സെനറ്ററായ ലോറ കെല്ലി റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ ക്രിസ് കോബച്ചിനെ പരാജയപ്പെടുത്തി. മിഷിഗണില്‍ നിന്നുള്ള മുൻ സംസ്ഥാന സെനറ്ററായ ഗ്രെച്ചൻ വിറ്റ്മെർ സംസ്ഥാനത്തെ റോഡുകള്‍ നന്നാക്കുമെന്നും, കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പാക്കുമെന്നും, കുറഞ്ഞ വരുമാനമുള്ള മുതിർന്നവർക്കായി മെഡിക്കെയര്‍ വർദ്ധിപ്പിക്കുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ്‌ വിജയിച്ചിരിക്കുന്നത്.

ഗവർണർ, യു എസ് സെനറ്റർ, അറ്റോർണി ജനറൽ, സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ ഓഫീസുകളിലേക്കും മിഷിഗണിലെ ഡെമോക്രാറ്റുകള്‍ ഒരു സ്ത്രീയെയെങ്കിലും തെരഞ്ഞെടുത്തുവന്നതും ശ്രദ്ധേയമാണ്. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പിന്തുണയോടെ മത്സരിച്ച് വിജയിച്ച ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്റ്റസെസി അബ്രാംസ് രാജ്യത്തെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായ ഗവർണറായേക്കും.

https://www.azhimukham.com/world-new-york-primary-winner-alexandria-ocasio-cortez/

https://www.azhimukham.com/explainer-implications-of-us-midterm-elections-to-trump-and-the-world/

https://www.azhimukham.com/ant-trump-protests-to-strengthen-democracy-pankaj-mishra/

https://www.azhimukham.com/nasty-political-rhetoric-undermining-world-s-biggest-democracies-pankaj-mishra/

Next Story

Related Stories