TopTop
Begin typing your search above and press return to search.

മെക്സിക്കോ സൈന്യത്തിന്റെ മയക്കുമരുന്ന് വേട്ട, 2006 ന് ശേഷം കാണാതായത് 62,000 ആളുകളെയെന്ന് അധികൃതർ

മെക്സിക്കോ സൈന്യത്തിന്റെ മയക്കുമരുന്ന് വേട്ട, 2006 ന് ശേഷം കാണാതായത് 62,000 ആളുകളെയെന്ന് അധികൃതർ

മെക്സിക്കോ സൈന്യം 2006 മുതൽ ആരംഭിച്ച മയക്കുമരുന്നിനെതിരായ നടപടിക്ക് പിന്നാലെ രാജ്യത്ത് നിന്നും 62,000 ആളുകൾ അപ്രത്യക്ഷമായതായി അധികൃതർ. നേരത്തെ, 40,000 ആളുകളെയാണ് കാണാതായത് എന്ന നിഗമനത്തിലയിരുന്നു. മെക്സിക്കോയുടെ ഇടതുപക്ഷ പ്രസിഡന്‍റിനെ വലിയതോതില്‍ പ്രതിസന്ധിയിലാക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.

മയക്കുമരുന്ന് മാഫിയയുടെ കുപ്രസിദ്ധ കേന്ദ്രമായ മെക്‌സിക്കോയില്‍ ഈ മാഫിയകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നയാള്‍ എന്ന നിലയില്‍ ഈ ചോരക്കളി അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതിജ്ഞയെടുത്താണ് 2018 ഡിസംബറിൽ ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രേഡര്‍ പ്രസിഡന്‍റായി അധികാരമേറ്റത്.

എന്നാല്‍ അദ്ദേഹം അധികാരമേറ്റതിനു ശേഷം കൊലപാതകങ്ങളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 31,000 ത്തിലധികം ജീവനുകളാണ് നഷ്ടപ്പെട്ടത്. മയക്കുമരുന്ന് പോലുള്ള പ്രശ്നങ്ങളെ അതിന്‍റെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുവേണം പരിഹരിക്കാന്‍ എന്നും, ബുള്ളറ്റുകളല്ല അതിനുള്ള മറുപടി എന്നുമൊക്കെയാണ് ഇടതുപക്ഷ നേതാവായ മാനുവല്‍ ലോപ്പസ് കരുതുന്നത്. അതിനെതിരെയാണ് ഈ കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്.

മാനുവല്‍ ലോപ്പസ് അധികാരമേറ്റതിനുശേഷം 873 രഹസ്യ ശ്മശാന സ്ഥലങ്ങൾ കണ്ടെത്തിയാതായും, അവിടെ നിന്നും 1,124 മൃതദേഹങ്ങൾ പുറത്തെടുത്തതായും മെക്സിക്കോയിലെ മനുഷ്യാവകാശ അണ്ടർസെക്രട്ടറി അലജാൻഡ്രോ എൻ‌സിനാസ് റോഡ്രിഗസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതില്‍ 395 പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. 243 പേരെ അവരുടെ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുത്തു. സിനലോവ, ജാലിസ്കോ, കോളിമ, സോനോറ, ചിവാവുവ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് മൃതദേഹങ്ങളില്‍ മുക്കാൽ ഭാഗവും കണ്ടെത്തിയത്. ഇവയെല്ലാം മയക്കുമരുന്ന് കുറ്റകൃത്യങ്ങളുടെ പേരിൽ കുപ്രസിദ്ധമായ സ്ഥലങ്ങളാണ്. ഇതേ കാലയളവിൽ 5,184 പേരെ കാണാതായതായി എൻ‌സിനാസ് പറയുന്നു.

മയക്കുമരുന്നിനെതിരായ സൈനിക നടപടികള്‍ മെക്‌സിക്കോയെ കഴിഞ്ഞ 11 വര്‍ഷം രക്ത രൂഷിതമാക്കിയിരുന്നു. രണ്ട് ലക്ഷം പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. ഈ ചോരക്കളി അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ മാനുവല്‍ ലോപ്പസില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.


Next Story

Related Stories