TopTop
Begin typing your search above and press return to search.

കൊറോണ: ന്യൂയോർക്കിൽ അടിയന്തിരാവസ്ഥ; ആളുകൾ കൂടുന്ന എല്ലാ പരിപാടികളും റദ്ദ് ചെയ്ത് യുഎസ്

കൊറോണ: ന്യൂയോർക്കിൽ അടിയന്തിരാവസ്ഥ; ആളുകൾ കൂടുന്ന എല്ലാ പരിപാടികളും റദ്ദ് ചെയ്ത് യുഎസ്

യുഎസ്സിലെ വാഷിങ്ടൺ സംസ്ഥാനത്ത് രണ്ടുപേര്‍ കൂടി കൊറോണ ബാധിച്ച് മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കൊറോണ മരണങ്ങളുടെ എണ്ണം 19 ആയി ഉയർന്നു. ന്യൂയോർക്കിൽ മാത്രം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 89 ആയി ഉയർന്നിട്ടുണ്ട്. സാൻ ഫ്രാൻസിസ്കോയിൽ ഒരു ആഡംബരക്കപ്പൽ പിടിച്ചിട്ടിട്ടുമുണ്ട്. ഇതിൽ കൊറോണ ബാധിതരുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഗ്രാൻഡ് പ്രിന്‍സസ് എന്ന ഈ കപ്പലിൽ 2400 യാത്രക്കാരുണ്ട്. 1100 ജീവനക്കാരും കപ്പലിലുണ്ട്. ഇവരെ കപ്പലിൽ തന്നെ പാർപ്പിക്കാനാണ് തീരുമാനമെന്ന് ട്രംപ് അറിയിച്ചു.

യുഎസ്സിലെ പകുതിയിലധികം സംസ്ഥാനങ്ങളിലും കൊറോണ സ്ഥിരീകരിച്ചു കഴിഞ്ഞു. രാജ്യത്ത് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ഇത് സാരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ആളുകൾ കൂടുന്ന എല്ലാ പരിപാടികളും യുഎസ്ലിൽ റദ്ദാക്കിയിരിക്കുകയാണ്. സർവ്വകലാശാലകൾ വിദ്യാർത്ഥികളോട് വീട്ടിൽ തന്നെ തുടരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഓൺലൈനായി ക്ലാസുകളിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞമാസം നടന്ന കൺസർവ്വേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ പങ്കെടുത്തവരിലൊരാൾക്ക് കൊറോണ ബാധിച്ചതായി സംഘാടകർ അറിയിക്കുന്നുണ്ട്. ഈ പരിപാടിയിൽ ഡൊണാൾഡ് ട്രംപ് അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നെങ്കിലും രോഗബാധിതനായ വ്യക്തിയുമായി അദ്ദേഹത്തിന് ഇടപെടേണ്ടി വന്നിട്ടില്ലെന്നാണ് വിവരം.

ശനിയാഴ്ച മാത്രം 13 പേർക്കാണ് ന്യൂയോർക്കിൽ കൊറോണ ബാധയുണ്ടായത്. ഇതിനു പിന്നാലെ ഗവർണർ ആൻഡ്ര്യൂ കോമോ സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

കൻസാസ്, മിസ്സോറി, വാഷിങ്ടൺ ഡിസി എന്നിവിടങ്ങളിൽ ആദ്യ കൊറോണ കേസുകൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.


Next Story

Related Stories