അമേരിക്കന്‍ തിരഞ്ഞെടുപ്പിനുമുമ്പായി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും 22 ലക്ഷം പരസ്യങ്ങള്‍ നിരസിച്ചതായി ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് നിക് ക്ലെഗ് അറിയിച്ചു. ഫേസ്ബുക്കില്‍നിന്ന് 1,20,000 പോസ്റ്റുകള്‍ നീക്കി. കൂടാതെ, തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുന്ന കോടിക്കണക്കിന് പോസ്റ്റുകളില്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ ചേര്‍ത്തിരുന്നതായും ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രി കൂടിയായ നിക് ക്ലെഗ് ഫ്രഞ്ച് വാരിക ഡു ഡിമാഞ്ചെയ്ക്കു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനെയും വോട്ടിങ്ങിനെയും തടസ്സപ്പെടുത്തുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന കുറിപ്പുകള്‍ക്കും ചിത്രങ്ങള്ക്കുമെതിരെയാണ് ഫേസ്ബുക്ക് നടപടി സ്വീകരിച്ചത്.
2016ലെ തെരഞ്ഞെടുപ്പില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകള് വ്യാപകമായി ഉപയോഗപ്പെടുത്തിയെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ ഇക്കുറി അധികൃതര്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അന്ന് റഷ്യയില്‍ നിന്നായിരുന്നു വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന, കൃത്രിമ വിവരങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിച്ചത്. യൂറോപ്യന്‍ യൂണിയന് വിടാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ 2016ല്‍ ജനഹിത പരിശോധന നടത്തുന്നതിനു മുന്നോടിയായും സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അതിനാല്‍ ഇക്കുറി യുഎസ് തെരഞ്ഞെടുപ്പിനു മുമ്പായി ഫേസ്ബുക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കുകയും കര്‍ശന ജാഗ്രത പാലിക്കാന്‍ പ്രത്യേകം ജീവനക്കാരെ തയ്യാറാക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളുടെ സുരക്ഷ ഉറപ്പാക്കാനും തെരഞ്ഞെടുപ്പ് സംബന്ധിയായ ശരിയായ വിവരങ്ങള്‍ ലഭ്യമാക്കാനുമായി 35,000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. വിവരങ്ങളുടെ വസ്തുത പരിശോധിക്കാന്‍ എഎഫ്പിയോ പോലെ ഫ്രാന്‍സിലെ അഞ്ച് മാധ്യമങ്ങള്‍ ഉള്‍പ്പെടെ 70ഓളം സ്പെഷലൈസ്ഡ് മാധ്യമങ്ങളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരുന്നു. ഉപയോക്താക്കള്‍ വിവരം പോസ്റ്റ് ചെയ്യുമ്പോള്‍ തന്നെ അവ റിപ്പോര്‍ട്ട് ചെയ്യുകയും വ്യാജ അക്കൗണ്ടുകള്‍ക്ക് കടിഞ്ഞാണിടാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായകമായി. സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരസ്യങ്ങള്‍, അവരുടെ ഫണ്ടിംഗ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഏഴ് വര്‍ഷത്തേക്ക് സൂക്ഷിച്ചുവെക്കുമെന്നും ഫേസ്ബുക്കിലെ ആഗോള കാര്യങ്ങളുടെയും ആശയവിനിമയങ്ങളുടെയും ചുമതല കൂടിയുള്ള നിക് ക്ലെഗ് പറഞ്ഞു.