Top

കമ്മ്യൂണിസത്തിന്റെ പതനത്തിന് 30 വര്‍ഷത്തിന് ശേഷം കിഴക്കന്‍ യൂറോപ്പ് ഖേദിക്കുന്നു

കമ്മ്യൂണിസത്തിന്റെ പതനത്തിന് 30 വര്‍ഷത്തിന് ശേഷം കിഴക്കന്‍ യൂറോപ്പ് ഖേദിക്കുന്നു

മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം, കമ്മ്യൂണിസത്തിന്റെ പതനത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മാറ്റത്തില്‍ ഖേദിക്കുന്നതായി കിഴക്കന്‍ യൂറോപ്പുകാര്‍. അതേസമയം, കുറച്ചുപേര്‍ ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ സംതൃപ്തരാണ്. ഭാവിയെക്കുറിച്ച് ആശങ്കാകുലരാകുന്നവരും ഉണ്ട്. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് ഈക്കാര്യം വെളിപ്പെട്ടത്. 14 യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ ഉള്‍പ്പെടെ 17 രാജ്യങ്ങളിലാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ സര്‍വേ നടത്തിയത്.

മധ്യ കിഴക്കന്‍ യൂറോപ്പിലെ ഭൂരിഭാഗം ആളുകളും പൊതുവെ ജനാധിപത്യത്തെയും വിപണി സമ്പദ് വ്യവസ്ഥയെയും സ്വീകരിക്കുന്നവരാണ്. പോളണ്ട്, കിഴക്കന്‍ ജര്‍മ്മനി, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളില്‍ 85 ശതമാനം ആളുകള്‍ ഈ മാറ്റം അംഗീകരിക്കുന്നു. എന്നാല്‍ ബള്‍ഗേറിയ, ഉക്രെയ്ന്‍, റഷ്യ എന്നിവിടങ്ങളില്‍ അത് 55 ശതമാനത്തില്‍ താഴെ മാത്രമാണ്.

സോവിയറ്റ് യൂണിയന്‍ തകരുകയും സോവിയറ്റ് നിയന്ത്രണത്തിലായിരുന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കമ്യൂണസത്തിന്റെ പുറംതോടു പൊട്ടിച്ച് പുറത്തുചാടുകയും ചെയ്തത് 1989-91 കാലത്തായിരുന്നു. അതിനുശേഷം ഓരോ സ്വതന്ത്ര രാഷ്ട്രങ്ങളും പുരോഗമിച്ചുവെന്നതിന്റെ വ്യത്യസ്തമായ ധാരണകളെ വിശാലമായി പ്രതിഫലിപ്പിക്കുന്ന ഫലമാണ് സര്‍വേ തരുന്നത്.

ചെക്കുകളും, ലിത്വാനിയക്കാരും, 40% ഹംഗേറിയക്കാരും സ്ലൊവാക്യരുമെല്ലാം തങ്ങളുടെ രാജ്യം 30 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ മികച്ചതായി എന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ റഷ്യ, ഉക്രെയ്ന്‍, ബള്‍ഗേറിയ എന്നിവിടങ്ങളിലുള്ള പകുതിയിലധികം പേരും കാര്യങ്ങള്‍ മോശമായി എന്നും വിലയിരുത്തുന്നു.

തങ്ങളുടെ രാജ്യങ്ങള്‍ എത്രത്തോളം മുന്നേറിയിട്ടുണ്ടെന്ന ചോദ്യത്തിന് വിദ്യാഭ്യാസം (65%), ജീവിത നിലവാരം (61%), ദേശീയ അഭിമാനം (58%) എന്നിങ്ങനെയാണ് മധ്യ കിഴക്കന്‍ യൂറോപ്യന്മാര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ക്രമസമാധാന പാലനത്തില്‍ (44%) അവര്‍ സന്തുഷ്ടരല്ല. കമ്യൂണിസ്റ്റാനന്തര കാലഘട്ടത്തില്‍ ആരോഗ്യ സംരക്ഷണം തൃപ്തികരമല്ലെന്ന് 53% പേരും, കുടുംബ മൂല്യങ്ങള്‍ക്ക് ഇടിവുണ്ടായെന്ന് 41% പേരും അഭിപ്രായപ്പെടുന്നു.

സര്‍വേയില്‍ പങ്കെടുത്ത എല്ലാ മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നുന്നുള്ള ഭൂരിപക്ഷം പേര്‍ക്കും അവരവരുടെ രാഷ്ട്രങ്ങളിലെ 'രാഷ്ട്രീയ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും തൊഴില്‍, അസമത്വം തുടങ്ങിയ പ്രത്യേക സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചും അശുഭാപ്തിവിശ്വാമുണ്ട്' എന്നാണ് സര്‍വേയുടെ രചയിതാക്കള്‍ പറയുന്നത്.

തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയ പ്രമാണിമാര്‍ പൗരന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്ന് വിശ്വസിക്കുന്നവരാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ ഭൂരിപക്ഷം പേരും. സാധാരണക്കാരന്റെ പ്രശ്‌നങ്ങളെകുറിച്ച് അവര്‍ ബോധാവന്മാര്‍ അല്ലെന്ന് 69% ആളുകളും കരുതുന്നു. റഷ്യയിലേയും ഉക്രെയ്‌നിലേയും ഭൂരിപക്ഷം ജനങ്ങളും സമാന ചിന്താഗതിക്കാരാണ്.

കമ്യൂണിസത്തിന്റെ പതനത്തോടെ രാഷ്ട്രീയക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുമാണ് കൂടുതല്‍ പ്രയോജനം ലഭിച്ചതെന്നും, 'സാധാരണക്കാരുടെ' കഷ്ടപ്പാടുകള്‍ തുടരുകതന്നെയാണെന്നുമാണ് മധ്യ-കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ മനസ്സിലാക്കുന്നത്.


Next Story

Related Stories