TopTop
Begin typing your search above and press return to search.

താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ മുന്‍ 'മാര്‍ക്‌സിസ്റ്റ്' പ്രസിഡന്റ് നജീബുള്ളയുടെ ശവകുടീരം അഫ്ഗാന്‍ സുരക്ഷ ഉപദേഷ്ടാവ് സന്ദര്‍ശിച്ചതെന്തിന്?

താലിബാന്‍ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയ മുന്‍ മാര്‍ക്‌സിസ്റ്റ് പ്രസിഡന്റ് നജീബുള്ളയുടെ ശവകുടീരം അഫ്ഗാന്‍ സുരക്ഷ ഉപദേഷ്ടാവ് സന്ദര്‍ശിച്ചതെന്തിന്?

അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ പ്രമുഖ ശക്തികള്‍ക്കൊന്നും താത്പര്യമുള്ള പേരല്ല ഡോ മുഹമ്മദ് നജീബുള്ളയുടെത്. 1987 മുതല്‍ 1992 വരെ അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റായിരുന്ന മുഹമ്മദ് നജീബുള്ള സോവിയറ്റ് അനുകൂലിയായിരുന്നു. മാര്‍ക്‌സിസ്റ്റ് എന്ന പ്രതിച്ഛായയില്‍നിന്ന് അഫ്ഗാന്‍ ദേശീയവാദിയായി അവതരിച്ചെങ്കിലും അതില്‍ അദ്ദേഹം പൂര്‍ണമായി വിജയിച്ചില്ല. ഒടുവില്‍ അദ്ദേഹം കൊടുക്രൂരമായി കൊല ചെയ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ പേര് പിന്നിട് അഫ്ഗാനിസ്ഥാനിലെ സ്വാധീന ശക്തികള്‍ അധികം പറഞ്ഞു കേട്ടിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഈദ് ദിനത്തില്‍ അദ്ദേഹത്തിന്റെ ശവകുടീരം അഫ്ഗാനിസ്ഥാനിലെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സന്ദര്‍ശിച്ചു. ഹംദുള്ള മൊഹിബാണ് നജീബുള്ളയുടെ ശവകൂടിരം സന്ദര്‍ശിച്ചത്. ഇതോടെ എന്താണ് അതിനുപിന്നിലെ താത്പര്യമെന്ന ചര്‍ച്ചകളും സജീവമായി.

മുന്‍കൂട്ടി നിശ്ചയിച്ചുറിപ്പിച്ച കാര്യങ്ങള്‍ മറികടന്ന് സഹിഷ്ണുതയോടെ പെരുമാറുകയെന്നതാണ് സമാധാനം കൊണ്ടുവരാനുള്ള ഉപാധിയെന്നാണ് സുരക്ഷാ ഉപദേഷ്ടാവ് സന്ദര്‍ശനത്തെ കുറിച്ച് പ്രതികരിച്ചത്. അഫ്ഗാന്‍ ഭരണകൂടത്തിലെ പ്രബലനാണ് ഹംദുള്ള ഹബീബ്. അല്‍ ഖ്വയ്ദയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഹമ്മദ് ഷാ മസൂദിന്റെ ശവകൂടീരവും അദ്ദേഹം സന്ദര്‍ശിച്ചതായി സൂചനയുണ്ട്. ഹബീബിന്റെ സന്ദര്‍ശനം താലിബാനും പാകിസ്താനുമുള്ള സന്ദേശമാണെന്ന കരുതുന്നവരുമുണ്ട്. അമേരിക്കയുടെ സേനാ പിന്മാറ്റത്തിന് താലിബാനുമായി സര്‍ക്കാര്‍ നേരത്ത് കരാറില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ അതിനു ശേഷം ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്തത്. അതേസമയം, കഴിഞ്ഞ ദിവസം താലിബാന്‍ പ്രവര്‍ത്തകരെ ജയിലില്‍ നിന്ന് മോചിപ്പിച്ചതോടെ സ്ഥിതിഗതികളില്‍ വ്യത്യാസമുണ്ടായിട്ടുണ്ട്. ദേശീയ അനുനയത്തിന്റെ പാതയില്‍ മുന്നോട്ടുപോകാനുളള താല്‍പര്യത്തില്‍ എല്ലാവരെയും യോജിപ്പിച്ചു നിര്‍ത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് കരുതുന്നത്. ഇത് താലിബാനിലൂടെ പരോക്ഷമായി അഫ്ഗാനില്‍ കൂടുതല്‍ സ്വാധീനം നേടാന്‍ കഴിയുമെന്ന കരുതുന്ന പാകിസ്താനെയും സന്തോഷിപ്പിക്കില്ലെന്ന കാര്യം ഉറപ്പാണ്.

അഫ്ഗാനിസ്ഥാനിലെ നിര്‍ണായക വിഭാഗം ഇപ്പോഴും താലിബാനുമായുണ്ടാക്കിയ കരാറിനെ അംഗീകരിക്കുന്നില്ല. അഫ്ഗാനിസ്ഥാനെ താലിബാന് വീണ്ടും ഏല്‍പ്പിച്ചുകൊടുക്കുന്നതിന് സമാനമാണ് ഈ സ്ഥിതിയെന്നാണ് ഒരു വലിയ വിഭാഗം കരുതുന്നത്. ഈ ഘട്ടത്തില്‍ നജീബുള്ളയെ ഓര്‍ക്കുന്നതിന് പിന്നില്‍ ചില താത്പര്യങ്ങളുണ്ടെന്നാണ് കരുതുന്നത്. അഫ്ഗാന്‍ ദേശീയതയെന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളെ ഒന്നിച്ചു നിര്‍ത്താന്‍ നജീബുള്ള അവസാന ഘട്ടത്തില്‍ ശ്രമിച്ചിരുന്നു. ആ ചരിത്രം ഓര്‍മ്മിപ്പിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. എന്ന് മാത്രമല്ല നജീബുള്ളയുടെ ശവകുടീരം സന്ദര്‍ശിച്ച ഹംദുള്ള ഹബീബ് അമേരിക്കയുമായി നല്ല സൗഹൃദത്തിലുമല്ല. ഇതിന് പുറമെ, ഈ സന്ദര്‍ശനത്തിലൂടെ താലിബാന്‍ അധികാരം സ്ഥാപിച്ചെടുക്കാന്‍ നടത്തിയ ക്രൂരകൃത്യങ്ങളെക്കുറിച്ചും ഓര്‍മ്മിപ്പിക്കല്‍ കൂടിയാവാമെന്നും നിരീക്ഷകര്‍ കരുതുന്നു.

കാബൂള്‍ സര്‍വകാലാശാലയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പിപ്പീള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി എന്ന സോവിയറ്റ് അനുകൂല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗമായിരുന്നു നജീബുള്ള. 1978-ല്‍ പാര്‍ട്ടി അധികാരം പിടിച്ചെടുത്തു. 1979 ല്‍ സോവിയറ്റ് അധിനിവേശത്തിന് ശേഷമാണ് നജീബുള്ള നേതൃ സ്ഥാനത്തേക്ക് വരുന്നത്. 1987-ലാണ് സോവിയറ്റ് യൂണിയന്റെ മുന്‍കൈയില്‍ നജീബുള്ള പ്രസിഡന്റാവുന്നത്. സോവിയറ്റ് യൂണിയനില്‍ ഗ്ലാസ്‌നോസ്റ്റ് നടപ്പിലാക്കി തുടങ്ങിയതു മുതല്‍ അഫ്ഗാനിസ്ഥാന്‍ ദേശീയത എന്ന ആശയത്തിലേക്ക് മാറാന്‍ നജീബുള്ള ശ്രമിച്ചു. ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നതുമാറ്റി റിപ്പബ്ലിക്ക് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന പേരിലേക്ക് രാജ്യത്തെ മടക്കിക്കൊണ്ടുവന്നു. ഇസ്ലാമിനെ രാജ്യത്തെ ഔദ്യോഗിക മതമാക്കി. സ്വന്തം പാര്‍ട്ടിയുടെ പേര് മാറ്റി ഹെസ്ബ് ഇ വതാന്‍ പാര്‍ട്ടി എന്നാക്കി. എന്നാല്‍ ഇതുകൈാണ്ടൊന്നും മതമൗലിക വര്‍ഗീയവാദികളെ അനുനയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. മുജാഹിദ്ദിന്‍ അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായപ്പോള്‍ അദ്ദേഹം രാജിവെച്ചു. ഇന്ത്യയിലേക്ക് നജീബുള്ളയെ കൊണ്ടുവരാന്‍ ഇവിടുത്തെ സര്‍ക്കാര്‍ ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെട്ടു. ഇന്ത്യയിലേക്ക് രക്ഷപെട്ട അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും ഡല്‍ഹിയിലാണ് താമസം. 1986 സെപ്റ്റംബറില്‍ പാക്കിസ്ഥാന്‍ പിന്തുണയുള്ള താലിബാന്‍ കാബൂളില്‍ പ്രവേശിച്ചു. നജീബുള്ള യുഎന്‍ കേന്ദ്രത്തില്‍ അഭയം തേടിയെങ്കിലും അദ്ദേഹത്തെ പിടികൂടി മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. തലയറുത്ത് പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ സമീപത്തെ പോസ്റ്റില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. ലോകം മുഴുവന്‍ അപലപിച്ച സംഭവമായിരുന്നു അത്. അതിന് ശേഷം അധികാരത്തില്‍ വന്ന ശക്തികള്‍ നജീബുള്ളയെ ഓര്‍ത്തില്ല. ഇപ്പോള്‍ അഫ്ഗാന്‍ നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് നജീബുള്ള വീണ്ടും ചര്‍ച്ചയാകുന്നത്. അമേരിക്ക ഒഴിഞ്ഞു പോകുന്ന അഫ്ഗാനിസ്ഥാനില്‍ നജീബുള്ളയുടെ ഓര്‍മകള്‍ക്കും അന്നത്തെ സമീപനങ്ങള്‍ക്കും എന്ത് ചെയ്യാന്‍ കഴിയുമെന്നത് മറ്റൊരു കാര്യം.


Next Story

Related Stories