TopTop
Begin typing your search above and press return to search.

ആമസോൺ കാടുകളിലെ 'കോൾനിസ കൂട്ടക്കൊല'യിൽ ഇറച്ചി കമ്പനികൾക്ക് പങ്കെന്ന് റിപ്പോർട്ട്

ആമസോൺ കാടുകളിലെ കോൾനിസ കൂട്ടക്കൊലയിൽ ഇറച്ചി കമ്പനികൾക്ക് പങ്കെന്ന് റിപ്പോർട്ട്

ഏറ്റവും വലിയ ഇറച്ചി കമ്പനികളായ ജെ‌ബി‌എസിനും മാർ‌ഫ്രിഗിനും സമീപകാല ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആമസോണിയൻ കൂട്ടക്കൊലകളില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. 2017 ഏപ്രിൽ 19-നാണ് 'കോൾനിസ കൂട്ടക്കൊല' എന്നറിയപ്പെടുന്ന സംഭവം നടന്നത്. മാട്ടോ ഗ്രോസോ സംസ്ഥാനത്തിലെ വിദൂര വന മേഖലയില്‍ വെച്ചാണ് ഒന്‍പതുപേര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ചിലരെ വെടിവെച്ചും, ചിലരെ കഴുത്തറത്തും കൊല്ലുകയായിരുന്നു.

മാറ്റോ ഗ്രോസോയിലെ സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ സമർപ്പിച്ച കുറ്റപത്രമനുസരിച്ച് കൂട്ടക്കൊല നടത്തിയത് 'ഹൂഡട്' എന്ന സംഘമാണ്. നാട്ടുകാരെ ഭയപ്പെടുത്തി അവരുടെ ഭൂമി കൈക്കലാക്കി, പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. തൊട്ടടുത്ത പ്രദേശത്തെ രണ്ട് തടി കമ്പനികളുടെ ഉടമയായ വാൽഡെലിർ ജോവോ ഡി സൂസ എന്ന കര്‍ഷകനെതിരെയും നാല് കൂട്ടാളികള്‍ക്കെതിരെയും 2017 മെയ് 15-ന് പോലീസ് കുറ്റപത്രം നല്‍കി. കൂട്ടക്കൊലക്ക് ഉത്തരവിട്ടത് ഡി സൂസ-യാണ്. അയാളിപ്പോള്‍ ഒളിവിലാണ്.

എന്നാല്‍ കൂട്ടക്കൊല നടന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള രണ്ടു ഫാമുകൾ അദ്ദേഹത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. ബ്രസീലിയൻ പ്രോപ്പർട്ടി സിസ്റ്റത്തിലെ വിചിത്ര നിയമമാണ് ഭൂവുടമകൾക്ക് അവരുടെ ഭൂമിയും അതിന്‍റെ അതിര്‍ത്തികളും സ്വന്തമായി രജിസ്റ്റര്‍ ചെയ്യാം എന്നത്. താഴ്ന്ന വരുമാനമുള്ള കര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നീക്കിവച്ച ഭൂമിയാണത്. 2015 ലെ സാറ്റലൈറ്റ് ചിത്രങ്ങൾ അനുസരിച്ച് വ്യാപകമായ വനനശീകരണം നടന്ന പ്രദേശവുമാണത്. ഈ ഫാമുകളില്‍ നിന്ന് 2018 മെയ് 9-ന് 143 കന്നുകാലികളെ മൗറീഷ്യോ നാർഡെ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഒരു ഫാമിന് വിറ്റു. മിനിറ്റുകൾക്കുള്ളില്‍ അവയെ മൗറീഷ്യോ നാർഡെ ജെബിഎസിനു മറിച്ചു വില്‍ക്കുകയും ചെയ്തു എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ജോവോ ഡി സൂസ-യുടെ ഫാമിലെ ജോലിക്കാരനായിരുന്നു മൗറീഷ്യോ നാർഡെ. പിന്നീടും പലതവണ സമാനമായ രീതിയിലുള്ള ഇടപാട് നടന്നിട്ടുണ്ട്. ജെ‌ബി‌എസിനും മാർ‌ഫ്രിഗിനും മാത്രമാണ് കന്നുകാലികളെ വില്‍പ്പന ചെയ്തിട്ടുള്ളത്. ഇവരെല്ലാം ചേര്‍ന്നുള്ള കള്ളക്കളികളുടെ ഭാഗമാണ് കോൾനിസ കൂട്ടക്കൊലയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കര്‍ഷകരില്‍ നിന്നും ഭൂമി തട്ടിയെടുത്താണ് വന്‍കിട ഫാമുകള്‍ നിര്‍മ്മിക്കപ്പെടുന്നത്.


Next Story

Related Stories