TopTop
Begin typing your search above and press return to search.

ആഞ്ജല റെയ്നറല്ല, റബേക്ക ലോങ് ബെയ്ലി ജെർമി കോർബിൻ്റെ പിൻഗാമിയാകാൻ മത്സര രംഗത്ത്

ആഞ്ജല റെയ്നറല്ല, റബേക്ക ലോങ് ബെയ്ലി ജെർമി കോർബിൻ്റെ പിൻഗാമിയാകാൻ മത്സര രംഗത്ത്

ബ്രിട്ടനില്‍ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറിമി കോര്‍ബിന്‍ സ്ഥാനമൊഴിയുമ്പോള്‍ പകരക്കാരവാന്‍ നിരവധിപേര്‍ രംഗത്തുണ്ട്. അതിനിടെ, നിലവിലെ വിദ്യാഭ്യാസ സെക്രട്ടറി കൂടിയായ ഏഞ്ചല റെയ്‌നർ മത്സരത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചു. പകരം ഡെപ്യൂട്ടി ലീഡറാകാനുള്ള ശ്രമത്തിലാണ് അവര്‍. സുഹൃത്ത് റെബേക്ക ലോംഗ്-ബെയ്‌ലിക്കുവേണ്ടി വഴിമാറിക്കൊടുക്കുകയായിരുന്നു റെയ്‌നർ. തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് മാപ്പു പറഞ്ഞുകൊണ്ട് കോര്‍ബിന്‍ പ്രമുഖ പത്രങ്ങളില്‍ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. കനത്ത തോല്‍വിയാണ് നേരിട്ടത്. അതിന്‍റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ലേബര്‍ പാര്‍ട്ടിക്ക് ഉടനെ പുതിയ നേതാവുണ്ടാകും. ആര് നേതാവായാലും ലേബര്‍ പാര്‍ട്ടി ലോക സമാധാനത്തിനും സമൂഹിക സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം തുടരും.- എന്നാണ് കോര്‍ബിന്‍ എഴുതിയത്.

ലേബര്‍ പാര്‍ട്ടി പുതിയ നേതാവിനെ കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടങ്ങുയെങ്കിലും മാര്‍ച്ച് മാസംവരെ കോര്‍ബിന്‍ തന്നെ തല്‍സ്ഥാനത്ത് തുടരും. നിലവിലെ ഷാഡോ ബിസിനസ് സെക്രട്ടറിയായ ലോംഗ്-ബെയ്‌ലി പാര്‍ട്ടിയുടെ തലപ്പത്തെത്തുമെന്ന് നേരത്തെതന്നെ കരുതപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് മേധാവി കാരി മർഫി ഉൾപ്പെടെയുള്ള കോർബിന്‍റെ ഏറ്റവുംവലിയ അടുപ്പക്കാര്‍വരെ അവരെ പിന്തുണയ്ക്കുന്നുണ്ട് എന്നാണ് സൂചന.

സാൽഫോർഡിന്റെ എംപിയായ ലോംഗ് ബെയ്‌ലിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍തന്നെ പ്രധാന കര്‍ത്തവ്യം നല്‍കിയിരുന്നു. ടിവി സംവാദങ്ങളിൽ ലേബറിന്റെ വക്താവായി പ്രത്യക്ഷപ്പെട്ടിരുന്നത് അവരാണ്. എന്നാല്‍ വലിയ ജനപിന്തുണയുള്ള ആളാണ്‌ റെയ്‌നർ. ഇരുവരും പരസ്പരം ‘സഹോദരി’മാരായാണ് കരുതുന്നത്. ഷാഡോ ബ്രെക്സിറ്റ് സെക്രട്ടറി കെയർ സ്റ്റാർമർ, വിഗൻ എംപി ലിസ നാൻഡി, ഷാഡോ വിദേശകാര്യ സെക്രട്ടറി എമിലി തോൺബെറി, ഉന്നതതല ബാക്ക്ബെഞ്ചർ ജെസ് ഫിലിപ്സ് എന്നിവരാണ് നേതൃത്വത്തിലേക്ക് മത്സരിക്കുന്ന മറ്റു പ്രമുഖര്‍. ഇന്ത്യന്‍ വംശജയയാണ് ലിസ നാൻഡി. കൊല്‍ക്കത്തയിലാണ് ജനനം. മാര്‍ക്സിസ്റ്റ് ചിന്തകന്‍ ദീപക് നാൻഡിയുടെ മകളാണ്.

ഈ മാസം 12-ന് നടന്ന തെരഞ്ഞെടുപ്പില്‍ ബോറിസ്‌ ജോൺസന്റെ കൺസർവേറ്റീവ്‌ പാർടി വൻഭൂരിപക്ഷം നേടി വിജയിച്ചിരുന്നു. 650-ല്‍ 364 സീറ്റുകളുടെ വമ്പന്‍ വിജയമാണ് അവര്‍ കരസ്ഥമാക്കിയത്. വരുന്ന ജനുവരി 31-നകം ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽനിന്ന്‌ പുറത്തെത്തിക്കുമെന്ന്‌ ബോറിസ്‌ ജോൺസൻ വ്യക്തമാക്കിയിട്ടുണ്ട്‌.


Next Story

Related Stories