TopTop
Begin typing your search above and press return to search.

മയക്കുമരുന്നിലൂടെ പ്രതിവര്‍ഷ സമ്ബാദ്യം 1.25 ലക്ഷം കോടി; ഏഷ്യയുടെ 'എല്‍ ചാപ്പോ'യെ തേടി വിവിധ രാജ്യങ്ങളുടെ പോലീസ് ഏജന്‍സികള്‍

മയക്കുമരുന്നിലൂടെ പ്രതിവര്‍ഷ സമ്ബാദ്യം 1.25 ലക്ഷം കോടി; ഏഷ്യയുടെ എല്‍ ചാപ്പോയെ തേടി വിവിധ രാജ്യങ്ങളുടെ പോലീസ് ഏജന്‍സികള്‍

മയക്കുമരുന്നിന്റെ അധോലോകം എല്ലാ ഇന്റലിജന്‍സ് ഏജന്‍സികളുടേയും വലിയ തലവേദനകളില്‍ ഒന്നാണ്. മെക്‌സിക്കോയുടെ 'ഡ്രഗ് കാര്‍ട്ടല്‍' നിയന്ത്രിച്ചിരുന്ന കിരീടം വെക്കാത്ത രാജാവായിരുന്നു 'എല്‍ ചാപ്പോ'. നിയമത്തിന് പിടികൊടുക്കാതെ രാജ്യാന്തര മയക്കുമരുന്നു സാമ്രാജ്യം അദ്ദേഹം പടുത്തുയര്‍ത്തി. രണ്ടുമാസം മുന്‍പാണ് 'എല്‍ ചാപ്പോ' അമേരിക്കന്‍ പോലീസിന്റെ പിടിയിലാകുന്നത്. അതോടെ ആഗോളതലത്തില്‍ ഒരുപരിധിവരെ മയക്കുമരുന്ന് വില്‍പ്പന നിയന്ത്രിക്കപ്പെടുമെന്നു കരുതി. എന്നാല്‍ തീര്‍ന്നിട്ടില്ല. 'ഏഷ്യയുടെ എല്‍ ചാപ്പോ' എന്നറിയപ്പെടുന്ന ഒരു മയക്കുമരുന്ന് കടത്തുകാരനുവേണ്ടിയുള്ള തിരച്ചിലിലാണ് ഇപ്പോള്‍ ലോകം.

ചൈനീസ് വംശജനായ കനേഡിയന്‍ പൗരന്‍ സെ ചി ലോപ്പിനെ കണ്ടെത്താനാണ് വിവിധ പോലീസ് ഏജന്‍സികളുടെ ഒരു മള്‍ട്ടിനാഷണല്‍ ടീം ശ്രമിക്കുന്നത്. എല്‍ ചാപ്പോയെ പോലെ മറ്റൊരു വലിയ മയക്കുമരുന്ന് സാമ്രാജ്യത്തിന്റെ തലവനാണ് അദ്ദേഹം. ഏഷ്യ-പസഫിക് മേഖലയില്‍ മെത്ത്, ഹെറോയിന്‍, കെറ്റാമൈന്‍ തുടങ്ങിയ മാരകമായ മയക്കുമരുന്നുകള്‍ പ്രചരിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം 17 ബില്യണ്‍ ഡോളര്‍ വരെ ഇയാള്‍ സമ്ബാദിക്കുന്നുണ്ടെന്നാണ് കരുതുന്നത്.

എപ്പോഴും തായ് കിക്ക് ബോക്‌സര്‍മാരുടെ സംരക്ഷണ വലയത്തിലായിരിക്കുമത്രേ ഇയാള്‍. ഏഷ്യയിലെ അഞ്ച് ട്രെയിഡ് ഗ്രൂപ്പുകളുടെ ഒരു സഖ്യത്തില്‍ നിന്ന് ജനിച്ച ഒരു വന്‍ മയക്കുമരുന്ന് സിന്‍ഡിക്കേറ്റിനാണ് സെ നേതൃത്വം നല്‍കുന്നത്. സെയുടെ വിളിപ്പേരുകളിലൊന്നായ 'മൂന്നാം നമ്ബര്‍ സഹോദരന്‍' എന്നതിന്റെ കന്റോണീസ് ഭാഷയായ സാം ഗോര്‍ എന്നാണ്, മയക്കുമരുന്ന് കടത്ത് ശൃംഖലയെ വിളിക്കുന്നത്. ഇതിലെ അംഗങ്ങള്‍ ഇതിനെ 'കമ്ബനി' എന്നാണ് വിളിക്കുന്നത്.

സെ ചി ലോപ്പും ഒരുകാലത്ത് പോലീസിന്റെ പിടിയിലായതാണ്. 55 കാരനായ സെ 1998-ല്‍ ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഫെഡറല്‍ കോടതിയില്‍ ശിക്ഷിക്കപ്പെട്ടു. അന്ന് ജീവപര്യന്തം തടവിനായിരുന്നു വിധിച്ചത്. എന്നാല്‍ രോഗിയായ മാതാപിതാക്കളെയും രോഗിയായ മകനെയും സംരക്ഷിക്കാന്‍ അനുവദിക്കണമെന്ന് ജഡ്ജിയെ ബോധ്യപ്പെടുത്തി വെറും ഒന്‍പതു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2006-ല്‍ അയാള്‍ പുറത്തിറങ്ങി. എന്നാല്‍ വീണ്ടും മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിച്ചുവരാന്‍ അയാള്‍ക്ക് കൂടുതല്‍ സമയമൊന്നും വേണ്ടിവന്നില്ല.

2016-ലാണ് സെ ശരിക്കും 'ഏഷ്യയുടെ എല്‍ ചാപ്പോ'യാണെന്നും ലോകം മനസ്സിലാക്കുന്നത്. സാം ഗോര്‍ സാമ്രാജ്യം എത്ര വലുതാണെന്ന് നിയമപാലകര്‍ക്ക് മനസിലാക്കിയിട്ട് വളരെ കുറച്ചുവര്‍ഷങ്ങളെയായിട്ടുള്ളൂ. പല തവണ വലയിലാക്കാന്‍ നോക്കിയിട്ടും കുടുങ്ങാത്ത സെ, തന്റെ മയക്കുമരുന്ന് വ്യാപാരം വലിയ തോതില്‍ തുടരുകയാണ്. എല്ലായ്‌പ്പോഴും ഒരു മയക്കുമരുന്ന് തലവനെപോലെയല്ല സെ പെരുമാറുകയെന്നാണ് പോലീസ് പറയുന്നത്. ഒരു മധ്യവയസ്‌കനായ ചൈനീസ് കുടുംബക്കാരനെ പോലെ കാണപ്പെടുന്ന സെ, കാസിനോകളില്‍ പണം വാരി വീശാറുണ്ട്. കുതിര പന്തയത്തില്‍ വളരെയധികം താല്‍പര്യം പുലര്‍ത്തുന്ന സെ, മക്കാവുവില്‍ ടേബിളുകള്‍ കളിച്ച ഒരു രാത്രിയില്‍ 66 മില്യണ്‍ ഡോളറാണ് നഷ്ടപ്പെടുത്തിയതെന്നും അധികൃതര്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും ശക്തനും ക്രൂരനായ മയക്കുമരുന്നു സംഘത്തലവനായിരുന്നു എല്‍ ചാപ്പോ. ജന്മനാടായ മെക്‌സിക്കോയിലെ സിനാലോവയില്‍ അയാള്‍ ആരാധ്യനാണ്. പലതവണ പോലീസിന്റെ പിടിയിലായെങ്കിലും 'ഹൈ സെക്യൂരിറ്റി' ജയിലില്‍ നിന്നുപോലും അദ്ദേഹം അനായാസമായി രക്ഷപ്പെട്ടു. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍, അന്തര്‍വാഹിനികള്‍, ലക്ഷ്വറി നൗകകള്‍, ആഡംബര വാഹനങ്ങള്‍, ഭവനങ്ങള്‍ തുടങ്ങി ആയിരങ്ങളുടെ അകമ്ബടിയില്‍ രാജാവായി വിലസുകയായിരുന്നു അദ്ദേഹം. ഏതാണ്ട് സമാനമായ ഡ്രഗ് മാഫിയാ തലവനാണ് 'ഏഷ്യയുടെ എല്‍ ചാപ്പോ'യും എന്നാണ് വിലയിരുത്തല്‍. എന്തായാലും മെക്‌സിക്കോയിലെ നാര്‍ക്കോട്ടിക്സിന്റെ അധോലോകമൊന്നും ഒന്നുമല്ല, അതിനേക്കാള്‍ വലിയ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തപ്പെടുന്നുണ്ടെന്നാണ് വിവിധ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.


Next Story

Related Stories