TopTop
Begin typing your search above and press return to search.

പോലീസ് മേധാവിയുടെ രാജി ഉടന്‍, തുടര്‍ച്ചയായ രണ്ടാമത്തെ കൊലയില്‍ പ്രക്ഷുബ്ധമായി അമേരിക്ക, വെള്ളിയാഴ്ച രാത്രി എന്താണ് സംഭവിച്ചത്?

പോലീസ് മേധാവിയുടെ രാജി ഉടന്‍, തുടര്‍ച്ചയായ രണ്ടാമത്തെ കൊലയില്‍ പ്രക്ഷുബ്ധമായി അമേരിക്ക, വെള്ളിയാഴ്ച രാത്രി എന്താണ് സംഭവിച്ചത്?

ഡ്രൈവ് ത്രൂ റെസ്റ്റോറന്‍റിന് മുന്നില്‍ കാറിൽ ഉറങ്ങുകയായിരുന്ന ആഫ്രിക്കൻ-അമേരിക്കക്കാരന്‍ റെയ്ഷാര്‍ഡ് ബ്രൂക്സിനെ വെടിവച്ചുകൊന്നതിനെ തുടര്‍ന്ന് അറ്റ്ലാന്റ പോലീസ് മേധാവി എറിക ഷീൽഡ്സ് രാജിവെച്ചു. വെള്ളിയാഴ്ച നടന്ന പ്രക്ഷോഭത്തിനിടെയാണ് ബ്രൂക്‌സിനെ (27) ഒരു പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നത്. എറിക ഷീൽഡ്സ് ശനിയാഴ്ച രാജി കൈമാറിയതായി മേയർ കെയ്‌ഷ ലാൻസ് ബോട്ടംസ് പറഞ്ഞു. ബ്രൂക്സിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അറ്റ്ലാന്റയിലെ പ്രതിഷേധക്കാർ തെരുവിലിറങ്ങിയിരുന്നു.

ശനിയാഴ്ച വൈകുന്നേരം, പ്രകടനക്കാർ അറ്റ്ലാന്റയിലെ അന്തർസംസ്ഥാന -75 എന്ന പ്രധാന ഹൈവേ അടച്ചു. കറുത്ത വര്‍ഗ്ഗക്കാരനായ ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മൂന്നാഴ്ചയായി യുഎസിലുടനീളം ശക്തമായ പ്രതിഷേധം നടക്കുകയാണ്. 2016 ഡിസംബർ മുതൽ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ചു വരുന്ന എറിക ഷീൽഡ്സ് 20 വർഷത്തിലേറെയായി അറ്റ്ലാന്റ പോലീസ് ഡിപ്പാർട്ട്‌മെന്റിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇനി മറ്റൊരു സ്ഥാനത്ത് അവരെ നിയോഗിക്കുമെന്ന് മേയർ ബോട്ടംസ് പറഞ്ഞു. ബ്രൂക്സിന്റെ മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും മേയർ ആവശ്യപ്പെട്ടിട്ടുണ്ട്.വെള്ളിയാഴ്ച രാത്രി എന്താണ് സംഭവിച്ചത്? ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (ജിബിഐ) ബ്രൂക്സിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. റെസ്റ്റോറന്റിനുള്ളിലെ ഒരു സുരക്ഷാ ക്യാമറയിൽ നിന്നുള്ള വീഡിയോയും ദൃക്‌സാക്ഷികളില്‍ നിന്നുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. ബ്രൂക്ക്സ് കാറിൽ ഉറങ്ങിപ്പോയതിനാലാണ് പോലീസിനെ റെസ്റ്റോറന്റിലേക്ക് വിളിപ്പിച്ചതെന്ന് പറയപ്പെടുന്നു. ബ്രീത്ത്‌ലൈസർ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പോലീസ് ഭാഷ്യം.തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ബ്രൂക്ക്സിനെ മര്‍ദ്ദിച്ചു. ബ്രൂക്ക്സിനെ രണ്ട് പോലീസ്ഉദ്യോഗസ്ഥര്‍ നിലത്തിട്ടു വലിച്ചിഴക്കുന്നതായി കണ്ടുവെന്ന ദൃസ്സാക്ഷി വിവരവുമുണ്ട്. അതിനിടെ പലതവണ ബ്രൂക്സ്‌ കുതറി മാറാന്‍ ശമിച്ചതായും പറയപ്പെടുന്നു. പെട്ടെന്ന് വെടിവയ്ക്കുന്ന ശബ്ദം കേട്ടു. ബ്രൂക്ക്സിനെ നിലത്ത് വീണനിലയിലും കാണപ്പെട്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേ ആശുപത്രിയില്‍തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നുണ്ട്.സംഭവത്തിൽ ഫുൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓഫീസ് പ്രത്യേക അന്വേഷണം നടത്തുന്നുണ്ടെന്ന് പ്രസ്താവനയിൽ പറഞ്ഞു. ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഈ വർഷം അന്വേഷിക്കുന്ന ഇത്തരത്തിലുള്ള 8-ാമത്തെ കേസാണിതെന്ന് എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് നിരവധി പ്രതിഷേധക്കാർ വെൻ‌ഡിക്ക് പുറത്ത് വെള്ളിയാഴ്ച തടിച്ചുകൂടി. ശനിയാഴ്ച വീണ്ടും അറ്റ്ലാന്റയുടെ മധ്യഭാഗത്ത് പ്രതിഷേധം ആരംഭിച്ചു. ബ്രൂക്ക്സിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് 'ബ്ലാക്ക് ലൈവ്സ് മാറ്റർ' എന്ന മുദ്രാവാക്യങ്ങളുമായാണ് ജനം തെരുവിലിറങ്ങിയത്. ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍തന്നെയാണ് സമാനമായ സംഭവം വീണ്ടും ആവര്‍ത്തിച്ചത്.

2020 മെയ് 25 ന് അമേരിക്കൻ‌ ഐക്യനാടുകളിലെ മിനസോട്ടയിലെ മിന്നീപൊളിസ് നഗരത്തിൽ, വ്യവസായിക കേന്ദ്രത്തിനു തെക്കുള്ള അയൽ‌പ്രദേശമായ പൗഡർഹോൺ‌ എന്ന സ്ഥലത്താണ് ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം നടന്നത്. ഡെറെക് ഷോവിൻ എന്ന കുറ്റാരോപിതനായ പോലീസുകാരൻ 8 മിനിറ്റ് 46 സെക്കൻഡ് സമയം ഫ്ലോയിഡിന്റെ കഴുത്തിൽ മുട്ടുകുത്തി ശ്വാസം മുട്ടിച്ചപ്പോഴാണ് മരണം സംഭവിച്ചത്. ഷോവിനെയും കൊലപാതകത്തിൽ പരോക്ഷമായി പങ്കുവഹിച്ച മൂന്ന് ഉദ്യോഗസ്ഥരെയും പിറ്റേന്ന് ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.


Next Story

Related Stories