TopTop
Begin typing your search above and press return to search.

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉള്ളി കഴിക്കുന്നത് ഒഴിവാക്കി, ബംഗ്ലാദേശ് വിമാനമാർഗം ഉള്ളി ഇറക്കുമതി ചെയ്യുന്നു

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉള്ളി കഴിക്കുന്നത് ഒഴിവാക്കി, ബംഗ്ലാദേശ് വിമാനമാർഗം ഉള്ളി ഇറക്കുമതി ചെയ്യുന്നു

വില റെക്കോഡ് ഉയരത്തിലേക്ക് ഉയർന്നതോടെ ബംഗ്ലാദേശ് വിമാനമാര്‍ഗ്ഗം ഉള്ളി ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. വില നിയന്ത്രണാതീതമായതോടെ പ്രധാനമന്ത്രി ഷേഖ് ഹസീന വരെ തന്റെ മെനുവിൽ നിന്ന് ഉള്ളി ഒഴിവാക്കിയതായാണ് റിപ്പോർട്ട്. കനത്ത മഴയെ തുടര്‍ന്ന് വിളവെടുപ്പ് കുറഞ്ഞതിനാല്‍ സെപ്റ്റംബറില്‍ ഇന്ത്യ ഉള്ളി കയറ്റുമതി ചെയ്യുന്നത് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതാണ്‌ വിലക്കയറ്റത്തിന്‍റെ പ്രധാന കാരണം.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ ഭാവിപോലും നിര്‍ണ്ണയിക്കുന്ന ഒന്നാണ് ഉള്ളിയുടെ വില. ഒരു കിലോ ഉള്ളിക്ക് 30 ടാക്ക വിലയുണ്ടായിരുന്നതാണ് ഇപ്പോള്‍ 260 ടാക്കയായി ഉയർന്നിരിക്കുന്നത്. വിമാനമാര്‍ഗ്ഗമാണ് ഇപ്പോള്‍ ഉള്ളി ഇറക്കുമതി ചെയ്യുന്നതെന്ന് ഹസീനയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഹസൻ ജാഹിദ് തുഷർ പറഞ്ഞു. ശനിയാഴ്ച ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതിയിൽ ഉള്ളി അടങ്ങുന്ന വിഭവങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മ്യാൻമർ, തുർക്കി, ചൈന, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്.

ചില മാര്‍ക്കറ്റുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് പലര്‍ക്കും ഉള്ളി ലഭിക്കുന്നത്. ചിലയിടങ്ങളില്‍ ഇതിനെ ചൊല്ലി തര്‍ക്കവും പതിവായിരിക്കുന്നു. ഇതിനിടെ ബംഗ്ലാദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതൊരു രാഷ്ട്രീയ വിഷയമായും ഏറ്റെടുത്തിട്ടുണ്ട്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി തിങ്കളാഴ്ച ദേശവ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ട്.

സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷൻ ഓഫ് ബംഗ്ലാദേശ് (ടിസിബി) തലസ്ഥാനമായ ധാക്കയിൽ കിലോയ്ക്ക് 45 ടാക്ക ഡിസ്കൌണ്ട് നിരക്കിൽ ഉള്ളി വിൽക്കുന്നുണ്ട്. സബ്സിഡി നിരക്കില്‍ പച്ചക്കറി വില്‍ക്കുന്ന ഇടങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റെസ്റ്റോറന്റുകൾ അവരുടെ മെനുകളിൽ നിന്ന് ഉള്ളി ഒഴിവാക്കിയിരിക്കുകയാണ്. ഉള്ളി ഉപയോഗിച്ച് പാകം ചെയ്യുന്ന വറുത്ത ലഘുഭക്ഷണങ്ങളുടെ വിൽപ്പനയിൽ ഇടിവുണ്ടായി.


Next Story

Related Stories