TopTop
Begin typing your search above and press return to search.

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: ലെബനനില്‍ കലാപം; ബാങ്കുകള്‍ക്കു നേരെ ആക്രമണം

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: ലെബനനില്‍ കലാപം; ബാങ്കുകള്‍ക്കു നേരെ ആക്രമണം

സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ലെബനനില്‍ ജനങ്ങള്‍ തെരുവിലിറങ്ങി കലാപം കൂട്ടുന്നു. നിരവധി ബാങ്കുകള്‍ക്കു നേരെ ആക്രമണമുണ്ടായി. ഒരു ബാങ്ക് കലാപകാരികള്‍ കത്തിക്കുകയും ചെയ്തു. ലബനനിലെ വടക്കന്‍ നഗരമായ ട്രിപോളിയിലാണ് അക്രമം അരങ്ങേറുന്നത്. അക്രമികള്‍ ബോംബുകളും ഗ്രനേഡുകളും ഉപയോഗിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനിറങ്ങിയ പട്ടാളത്തിനു നേരെയും ആക്രമണം നടന്നു. രണ്ട് പട്ടാളക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ചൊവ്വാഴ്ച മുതല്‍ എല്ലാ ബാങ്കുകളും അടച്ചിടാനാണ് ബാങ്കിങ് അസോസിയേഷന്റെ തീരുമാനം. സുരക്ഷിതമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കപ്പെടുന്നതു വരെ പ്രവര്‍ത്തിക്കില്ലെന്ന് സംഘടന അറിയിച്ചു.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടതിനു ശേഷം ബാങ്കുകള്‍ സ്ഥിരമായി ലക്ഷ്യം വെക്കപ്പെടുന്നുണ്ട്. ലെബനീസ് പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ബാങ്കുകളില്‍ ജനങ്ങളുടെ നിക്ഷേപം മരവിപ്പിക്കപ്പെട്ടിരിക്കുന്നു. ദീര്‍ഘകാലമായി തുടരുന്നതാണ് ലെബനനിലെ സാമ്പത്തിക പ്രതിസന്ധി. കഴിഞ്ഞവര്‍ഷത്തോടെ രാജ്യത്തേക്കുള്ള മൂലധന ഒഴുക്കില്‍ വലിയ ഇടിവ് സംഭവിച്ചു. അന്നത്തേതിനു ശേഷം പൗണ്ടിന്റെ മൂല്യം പകുതിയിലധികം ഇടിഞ്ഞു. ഇത് രാജ്യത്ത് വലിയ തോതില്‍ വിലക്കയറ്റം സൃഷ്ടിച്ചു. നിലവില്‍ ലെബനന്‍ ഇറക്കുമതികളെ കൂടിയ തോതില്‍ ആശ്രയിക്കേണ്ട ഗതികേടിലാണ്.

സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഇന്റര്‍നെറ്റ് മെസ്സേജിങ് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നികുതിയേര്‍പ്പെടുത്താന്‍ തീരുമാനമായിരുന്നു. ഇതാണ് കലാപത്തിന് പെട്ടെന്നുണ്ടായ പ്രകോപനം. നിലവിലെ സര്‍ക്കാരിനകത്തെ പോരുകളും കടുത്ത അഴിമതിയുമെല്ലാം ഭരണപരമായ പ്രതിസന്ധികള്‍ തീര്‍ക്കുന്നു. ഇതിനിടയിലാണ്കോറോണ വൈറസ് വ്യാപനവും ജനങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിന് നിരോധനവുമെല്ലാം വന്നത്. പുറത്തിറങ്ങുന്നവര്‍‌ക്കെതിരെ കടുത്ത പൊലീസ് നടപടികളെടുക്കാന്‍ തുടങ്ങിയതോടെ എതിര്‍പ്പുകള്‍ രൂക്ഷമായി.

മാര്‍ച്ച് 15നാണ് ലെബനനിന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ സമയത്ത് മറ്റൊരു രാജ്യവും ഇത്രയും കടുത്ത നടപടികളിലേക്ക് പോയിരുന്നില്ല. ഈ നീക്കം കൊറോണയെ നേരിടുന്നതില്‍ ഏറെ ഗുണം ചെയ്തു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവിലാണ് വൈറസ് വ്യാപനം ഇവിടെ നടക്കുന്നത്.


Next Story

Related Stories