TopTop
Begin typing your search above and press return to search.

ബൈഡനും കമലയ്ക്കും വോട്ടുതേടി ഒബാമ; 21ന് പെന്‍സില്‍വാനിയയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും

ബൈഡനും കമലയ്ക്കും വോട്ടുതേടി ഒബാമ; 21ന് പെന്‍സില്‍വാനിയയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളായ ജോ ബൈഡനും കമല ഹാരിസിനുംവേണ്ടി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രചാരണത്തിനിറങ്ങുന്നു. ഈമാസം 21ന് പെന്‍സില്‍വാനിയയിലെ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന പ്രചാരണ പരിപാടിയിലാണ് ഒബാമ പങ്കെടുക്കുക. മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ബൈഡനും കമലയ്ക്കുമായി നിരവധി ഓണ്‍ലൈന്‍ ക്യാംപെയ്‌നുകളിലും തിരഞ്ഞെടുപ്പ് പരസ്യങ്ങളിലും പങ്കെടുത്ത ഒബാമ ആദ്യമായാണ് നേരിട്ടുള്ള പ്രചാരണത്തിനിറങ്ങുന്നത്.

വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെ, കറുത്ത വംജരെയും നിഷ്പക്ഷരെയും ലക്ഷ്യമിട്ടാണ് ഡെമോക്രാറ്റിക് നേതൃത്വം ഒബാമയെ പരസ്യ പ്രചാരണത്തിനിറക്കുന്നത്. കഴിഞ്ഞദിവസം ഒബാമയെ ഉള്‍പ്പെടുത്തി പുതിയ തിരഞ്ഞെടുപ്പ് പരസ്യം ഡെമോക്രാറ്റിക് ദേശീയ സമിതി പുറത്തുവിട്ടിരുന്നു. 2020ലെ തിരഞ്ഞെടുപ്പ് സമാഗതമായിരിക്കുന്നു. നിങ്ങളുടെ ശബ്ദം കേള്‍പ്പിക്കുന്നതില്‍ വോട്ടെടുപ്പിന്റെ പ്രാധാന്യം നിങ്ങള്‍ തിരിച്ചറിയണം. ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ഇതിനകം വോട്ടു ചെയ്തുകഴിഞ്ഞു. നിങ്ങളും അവര്‍ക്കൊപ്പം അണിചേരുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ വോട്ട് വലിയ കാര്യമൊന്നുമല്ലെന്ന് ചിന്തിക്കാന്‍ വളരെ കാരണങ്ങളുണ്ട്. അതൊരു പുതിയ കാര്യമല്ല. എന്നാല്‍ നീതിക്കും സമത്വത്തിനും പുരോഗതിക്കും വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ വര്‍ധിച്ചുവരുന്ന സമയമാണിത് എന്നതാണ് പുതിയ കാര്യം. ഇപ്പാള്‍ അവ അതിന്റെ മൂര്‍ദ്ധന്യത്തിലാണ്. ഞങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ മാത്രമേ അതിന്റെ മുന്നേറ്റം തുടരുകയുള്ളൂ. നിങ്ങളെപ്പോലുള്ള ഒരുകൂട്ടം വോട്ടര്‍മാരുടെ കൈകളിലാണ് അവയുടെ ഗതി നിര്‍ണയിക്കപ്പെടുന്നത്. ഇക്കാര്യം പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. ഒട്ടും സംശയിക്കേണ്ട, നേരത്തെ വോട്ട് ചെയ്യുക-വീഡിയോ പരസ്യത്തില്‍ ഒബാമ പറഞ്ഞു.

നേരത്തെ, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലും ഒബാമ പങ്കെടുത്തിരുന്നു. അന്ന് പ്രസിഡന്റ് ട്രംപിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. തന്റെ ഭരണത്തില്‍ പുരോഗതിയില്ലാത്ത നേതാവാണ് ട്രംപ്, കാരണം അദ്ദേഹത്തിന് അത് അറിയില്ല എന്നായിരുന്നു ഒബാമയുടെ ആരോപണം. ഭരണ പരാജയത്തിന്റെ അന്തരഫലം ഗുരുതരമാണ്. 170,000 അമേരിക്കക്കാര്‍ മരിച്ചു. ദശലക്ഷക്കണക്കിന് ജോലികള്‍ നഷ്ടമായിരിക്കുന്നു, ലോകത്തിനു മുന്നില്‍ നമ്മുടെ പ്രശസ്തി പോലും നഷ്ടമായിരിക്കുന്നു. നമ്മുടെ ജനാധിപത്യ സംവിധാനങ്ങള്‍ ഇതുപോലെ ഭീഷണി നേരിട്ട കാലം ഉണ്ടായിട്ടില്ലെന്നും ഒബാമ ആരോപിച്ചിരുന്നു.

പ്രസിഡന്റ് പദമൊഴിഞ്ഞ് നാളിത്ര കഴിഞ്ഞിട്ടും ഒബാമയുടെ പ്രസംഗം കേള്‍ക്കാന്‍ ആളുകള്‍ തടിച്ചുകൂടുന്നതിലാണ് ഡെമോക്രാറ്റുകളുടെ പ്രതീക്ഷ. കറുത്ത വംശജര്‍ക്കിടയില്‍ ഒബാമയുടെ വാക്കുകള്‍ വലിയ സ്വാധീനം ചെലുത്താനാവും. ഒബാമയുടെ വ്യക്തിപ്രഭാവം നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയിലും ചലനമുണ്ടാക്കിയേക്കുമെന്നും ഡെമോക്രാറ്റിക് പക്ഷം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനുവേണ്ടിയും ഒബാമ പ്രചാരണത്തിനിറങ്ങിയിരുന്നു. നിര്‍ണായക സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ഹിലരിക്ക് അത് നേട്ടമാകുകയും ചെയ്തു.


Next Story

Related Stories