TopTop
Begin typing your search above and press return to search.

തോല്‍വി സമ്മതിച്ച് ട്രംപ്; ഭരണം കൈമാറും, പക്ഷേ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ല

തോല്‍വി സമ്മതിച്ച് ട്രംപ്; ഭരണം കൈമാറും, പക്ഷേ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ല

ജനുവരി 20ന് അധികാരം കൈമാറുമെന്ന് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും റിപ്പബ്ലിക്കന്‍ നേതാവ് വ്യക്തമാക്കി. പുതിയ പ്രസിഡന്റായുള്ള ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന്റെ വിജയം യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. യുഎസ് തെരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് അധികാരം കൈമാറുന്നത് സംബന്ധിച്ച് ട്രംപ് വ്യക്തതയുള്ള നിലപാട് അറിയിക്കുന്നത്.

'തെരഞ്ഞെടുപ്പ് ഫലത്തോട് എനിക്ക് തീര്‍ത്തും വിയോജിപ്പുണ്ടെങ്കിലും ജനുവരി 20ന് ക്രമപ്രകാരമുള്ള അധികാര കൈമാറ്റം ഉണ്ടാകും' എന്നാണ് ട്രംപ് പ്രസ്താവനയില്‍ അറിയിച്ചത്. ഇക്കുറി സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടായേക്കില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉള്‍പ്പെടെ ട്രംപ് അഭിപ്രായപ്പെട്ടിരുന്നത്. ബൈഡന്‍ വിജയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോഴും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ ബൈഡന്റെ ഇലക്ടറല്‍ കോളേജ് വിജയത്തിന് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയതോടെ ട്രംപ് തോല്‍വി സമ്മതിക്കുകയായിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായുള്ള ആരോപണങ്ങള്‍ ട്രംപ് ആവര്‍ത്തിച്ചു. നിയമപരമായ വോട്ടുകള്‍ മാത്രം കണക്കാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പോരാട്ടം തുടരും. പ്രസിഡന്റ് കാലയളവിലെ അവസാന നാളുകളാണിത്. അമേരിക്കയെ മഹത്തരമാക്കാനുള്ള പോരാട്ടത്തിന്റെ തുടക്കവുമാണെന്ന് ട്രംപ് പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് സൂചിപ്പിക്കുന്നതായിരുന്നു ട്രംപിന്റെ വാക്കുകള്‍.

നേരത്തെ, ബൈഡന്റെ ജയം അംഗീകരിക്കുന്നതിനായി യുഎസ് കോണ്‍ഗ്രസ് സമ്മേളിക്കുന്നതിനിടെ റിപ്പബ്ലിക്കന്‍, ട്രംപ് അനുകൂലികള്‍ പ്രക്ഷോഭവുമായി എത്തിയിരുന്നു. യുഎസ് ക്യാപ്പിറ്റോളിലേക്ക് അതിക്രമിച്ചെത്തിയായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് അംഗങ്ങളെ സുരക്ഷിതമായി മാറ്റിയിരുന്നു. അക്രമികളെ മൊത്തം നീക്കിയശേഷമാണ് വീണ്ടും കോണ്‍ഗ്രസ് ചേര്‍ന്ന് ബൈഡന്റെ ജയം അംഗീകരിച്ചത്. 20നാണ് ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേല്‍ക്കുക.


Next Story

Related Stories