TopTop
Begin typing your search above and press return to search.

കോവിഡ് രോഗബാധിതരില്‍ 30 ശതമാനത്തിനും രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാകുന്നതായി റിപ്പോര്‍ട്ട്, ഇളവുകള്‍ വരുത്തുമ്പോള്‍ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് രോഗബാധിതരില്‍ 30 ശതമാനത്തിനും രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാകുന്നതായി റിപ്പോര്‍ട്ട്, ഇളവുകള്‍ വരുത്തുമ്പോള്‍ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് രോഗ ബാധിതരില്‍ 30 ശതമാനം പേര്‍ക്കും രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാകുന്നതായി റിപ്പോര്‍ട്ട്. ഗുരുതരവാസ്ഥയിലാകുന്ന രോഗികളിലാണ് ഈ പ്രവണത കാണുന്നതെന്നും അത് മരണത്തിന് കാരണമാകുന്നതായും ആരോഗ്യ വിദഗ്ദര്‍ പറയുന്നു.

ത്രോംബോസിസ് എന്ന് ആരോഗ്യ വിദഗ്ദര്‍ വിളിക്കുന്ന ഈ പ്രതിഭാസമടക്കം വൈറസ് പല തരത്തിലുള്ള സങ്കീര്‍ണതകളാണ് സൃഷ്ടിക്കുന്നതെന്നും ആരോഗ്യ വിദഗ്ദരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു

രക്തം കട്ടപിടിക്കുന്ന പ്രവണത മാര്‍ച്ച് മാസം മുതലാണ് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പെട്ടത്. രക്തം കട്ടപിടിക്കുന്നതിനെതിരെ നല്‍കുന്ന ബ്ലഡ് തിന്നേഴ്‌സ് മരുന്നുകള്‍ രോഗികളില്‍ പലപ്പോഴും ഫലപ്രദമാകുന്നില്ലെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എത്ര അളവില്‍ ഈ മരുന്നുകള്‍ രോഗിക്ക് നല്‍കാമെന്നത് സംബന്ധിച്ച് ആരോഗ്യ വിദഗ്ദര്‍ പഠിച്ചുവരികയാണ്. ശ്വാസകോശത്തിൽ വൈറസ് സൃഷ്ടിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പുറമെയാണ് രക്തം കട്ട പിടിക്കുന്ന അവസ്ഥയും ഇപ്പോൾ ശ്രദ്ധയിൽ പെട്ടിരിക്കുന്നത്.

അതിനിടെ ലോക്ഡൗണില്‍ ഇളവ് വരുത്താന്‍ വിവിധ രാജ്യങ്ങള്‍ തീരുമാനിച്ചതോടെ രോഗം വീണ്ടും പടരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. വൈറസ് പടരുന്നതിനെതിരായ തയ്യാറെടുപ്പുകളാണ് അല്ലാതെ ആഹ്ലാദപ്രകടനങ്ങളിലേക്കല്ല ലോക്ഡൗണ്‍ ഇളവിനെ ഉപയോഗിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ ലോക് ഡൗണില്‍ ഇളവ് വരുത്തിയതോടെ, ബീ്ച്ചുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ കൂട്ടം ചേരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അടുത്ത മാസം മൂന്നാം തീയതി മുതല്‍ ഇറ്റലി വിദേശയാത്ര അനുവദിച്ചിട്ടുണ്ട്. അടുത്ത സീസണിലെ ടുറിസ്റ്റ് സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് പല രാജ്യങ്ങളും ശ്രമിക്കുന്നത്.

ഇതുവരെ ലോകത്ത് ആകെ 3, 11,425 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 46 ലക്ഷത്തിലധികം ആളുകള്‍ രോഗ ബാധിതരാണ്. അമേരിക്കയില്‍ മരണ സംഖ്യ 90,000 ത്തോട് അടുക്കുകയാണ്. രോഗികളുടെ 15ലക്ഷം പേരാണ് രോഗ ബാധിതരായിട്ടുള്ളത്. അടുത്ത മാസത്തോടെ അമേരിക്കയില്‍ മരണ സംഖ്യ ഒരു ലക്ഷം പിന്നിടുമെന്നാണ് ആശങ്ക. അതേസമയം അമേരിക്കയിലും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി, പല സംസ്ഥാനങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ്. സാമ്പത്തിക രംഗം സജീവമാക്കുന്നതിന് ഊന്നല്‍ നല്‍കണമെന്ന നിലപാടാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചത്.

രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ പരിധി വിട്ട് ഇളവുകള്‍ വരുത്തുന്നത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെക്കുമെന്നാണ് ലോകാരോഗ്യ സംഘടന ആവര്‍ത്തിക്കുന്നത്. രണ്ടാംഘട്ടത്തില്‍ രോഗം പടര്‍ന്നാല്‍ ഭവിഷത്ത് രൂക്ഷമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.


Next Story

Related Stories