Top

തദ്ദേശീയരെ അധികാരത്തില്‍നിന്ന് മാറ്റി, സോഷ്യലിസം വിട്ട് വലതുപക്ഷത്തിന്റെ വംശീയ വഴിയിൽ ബൊളീവിയ

തദ്ദേശീയരെ അധികാരത്തില്‍നിന്ന് മാറ്റി, സോഷ്യലിസം വിട്ട്  വലതുപക്ഷത്തിന്റെ വംശീയ വഴിയിൽ ബൊളീവിയ

'കൊളോണിയല്‍ ഭരണവും നവലിബറല്‍ വികസന മാതൃകയും നമ്മള്‍ അവസാനിപ്പിച്ചു. തദ്ദേശിയരുടെ ചെറുത്തുനില്‍പ്പ് വിജയിച്ചിരിക്കുന്നു' അധികാരമേറ്റെടുക്കുമ്പോള്‍ 2006 ബൊളീവിയയുടെ ആദ്യ തദ്ദേശിയ പ്രസിഡന്റ് ഇവോ മൊറെയില്‍സ് പറഞ്ഞ വാക്കുകളാണിത്. ക്യൂബന്‍ നേതാവ് ഫിദല്‍കാസ്‌ട്രോയുടെയും വെനിസ്വേലന്‍ നേതാവ് യൂഗോ ഷാവേസിന്റെയും രാഷ്ട്രീയ അനുയായി പിന്നീട് 13 വര്‍ഷം ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തിന്റെ പ്രസിഡന്റായി. ആ രാജ്യത്തെ സംബന്ധിച്ച് വിപ്ലവകരാമായ മാറ്റങ്ങള്‍ ഉണ്ടാക്കിയ ഭരണകാലം. അമേരിക്കയുടെയും മറ്റും താല്‍പര്യങ്ങള്‍ക്കെതിരെ നയിച്ച് രാജ്യത്തെ മുന്നോട്ടുകൊണ്ടുപോയ ഭരണകാലം. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തുണ്ടാക്കപ്പെട്ട കലാപത്തെ തുടര്‍ന്ന് ഇവോ മൊറെയില്‍സിന് അധികാരം ഒഴിഞ്ഞ് രാജ്യം വിടേണ്ടിവന്നു. പുതിയ പ്രസിഡന്റായി ജെയ്‌നി ആനേസ് സ്വയം ചുമതലയേറ്റു. ഇവോ മൊറെയില്‍സ് രാജ്യത്തെ നയിച്ച പാതയില്‍നിന്ന് വ്യത്യസ്തമായുളള ഭരണമായിരിക്കും ഇനി ബൊളിവിയയില്‍ നടക്കുകയെന്നാണ് പുതിയ സംവിധാനം ബോധ്യപ്പെടുത്തുന്നതെന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു

പുതിയ ഭരണകൂടത്തിനെതിരെ നടന്ന തൊഴിലാളികളുടെ പ്രതിഷേധത്തിനു നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒമ്പത് പേരാണ് മരിച്ചത്. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.


ഇടക്കാല പ്രസിഡൻ്റായാണ് ചുമതലയേറ്റെടുത്തതെങ്കിലും ജെയ്‌നി ആനേസ് അവരുടെ അധികാര പരിധിക്കപ്പുറത്തുള്ള കാര്യങ്ങളാണ് നടപ്പിലാക്കുന്നതെന്നാണ് സൂചന. ഇത് ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നത് വിദേശനയത്തിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവോ മൊറെയില്‍സിന്റെ ഭരണകാലത്ത് നല്ല ബന്ധം പുലര്‍ത്തിയിരുന്ന രാജ്യങ്ങളുമായുളള സഹകരണം ഇതിനകം തന്നെ സങ്കീര്‍ണമാക്കപ്പെട്ടുവെന്നാണ്
ന്യൂയോര്‍ക്ക് ടൈംസിന്റ
റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ശക്തമായ വിഭാഗീയതയെ പ്രോല്‍സാഹിപ്പിക്കുന്ന നടപടികളാണ് പുതിയ പ്രസിഡന്റ് സ്വീകരിച്ചതെന്നാണ് വിമര്‍ശനം ഉയരുന്നത്
സര്‍ക്കാരിലും ഭരണ സംവിധാനത്തിലും മത സ്വാധീനം വര്‍ധിപ്പിക്കാനാണ് പുതിയ പ്രസിഡന്റ് ശ്രമിക്കുന്നതിന്റെ തെളിവുകളാണ് ഇതിനകം പുറത്തുവന്നത്. തദ്ദേശീയ ജനങ്ങളുടെ ആചാരങ്ങളും ആഘോഷങ്ങളുമാണ് ഇവോ മൊറെയില്‍സിന്റെ കാലത്ത് നിറഞ്ഞുനിന്നത്. ഇതിനുപകരം ക്രൈസ്തവ ചിഹ്നങ്ങളും രീതികളുമാണ് ഇപ്പോള്‍ വ്യാപകമായി ആഘോഷിക്കപ്പെടുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മതേതര രാജ്യമായിട്ടാണ് ബൊളിവീയയെ ഭരണഘടന വിഭാവനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ക്രൈസ്തവ രീതികള്‍ ഔദ്യോഗികമാക്കുന്നത് തദ്ദേശീയ ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജനപിന്തുണയിലുള്ള കുറവിനെ മറച്ചുപിടിക്കാന്‍ വേണ്ടിയാണ് അനേസ് ക്രൈസ്തവതയേയും അതിന്റെ രീതികളെയും ആശ്രയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.


സത്യപ്രതിജ്ഞാ ചടങ്ങില്‍ ബൈബിളില്‍ തൊട്ട് സത്യം ചെയ്തിട്ടാണ് പുതിയ മന്ത്രിസഭയിലെ അംഗങ്ങള്‍ സ്ഥാനമേറ്റെടുത്തത്. ചടങ്ങുന്ന നടക്കുന്ന വേദിക്കരികെ കുരിശുമായി സഹായിയുമുണ്ടായിരുന്നു. മന്ത്രിസഭയില്‍ ഏറെയും യുറോപ്യന്‍ വംശജരാണ്. തദ്ദേശ സാംസ്ക്കാരിക ആഘോഷങ്ങളായിരുന്നു മൊറെയിൽസിൻ്റെ ഭരണകാലത്ത് നിറഞ്ഞുനിന്നത്.
അതേസമയം പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതോടെ തദ്ദേശീയ ജനതയ്‌ക്കെതിരെ അധിക്ഷേപങ്ങളും വ്യാപകമായി.
ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ സര്‍ക്കാരുകളുമായുള്ള ബന്ധം ഇല്ലാതാക്കിയാണ് അനേസ് തന്റെ വലതുപക്ഷ നയങ്ങള്‍ പ്രഖ്യാപിച്ചത്. ബൊളിവിയയില്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന ക്യൂബയില്‍നിന്നുളള ഡോക്ടര്‍മാരെ രാജ്യത്തിന് പുറത്താക്കി.
വെനിസ്വേലയുമായുള്ള ബന്ധം അവസാനിപ്പിച്ചു. ആഴ്ചകൊണ്ട് ബൊളിവിയന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് ഇതൊക്കെ. വെനിസ്വേലയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക സഖ്യമായ അല്‍ബയില്‍നിന്നും പിന്മാറുന്നതായും ബൊളിവിയയുടെ പുതിയ വിദേശകാര്യ മന്ത്രി കരേന്‍ ലോങാറിക്ക് പറഞ്ഞു.
വെനിസ്വേലയും ക്യൂബയും ബൊളിവിയയിലെ പുതിയ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവും ഇവര് ഉന്നയിക്കുന്നു.
മൊറെയില്‍സിന്റെ മന്ത്രിസഭയിലുള്ളവരെ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കണമെങ്കില്‍ തങ്ങളുടെ നേതാക്കളെയും അനുയായികളെയും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നാണ് മൊറെയില്‍സിന്റെ പാര്‍ട്ടിയായ റോഡ് ടു സോഷ്യലിസത്തിന്റെ ആവശ്യം. ബൊളിവയിലിലെ ഏറ്റവും ജനകീയമായ രാഷ്ട്രീയ പ്രസ്ഥാനമാണ് റോഡ് ടു സോഷ്യലിസം
ഇവോ മൊറൈയില്‍സിന്റെ ഭരണകാലത്ത് ബൊളിവിയില്‍ ദരിദ്രരുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായത്. അധികാരമേറ്റെടുക്കുമ്പോള്‍ ബൊളിവിയയിലെ ദാരിദ്ര നിരക്ക് 59 ശതമാനമായിരുന്നു. അത് 35 ശതമാനമായാണ് കുറഞ്ഞത്. ദക്ഷിണ അമേരിക്കയിലെ ഏറ്റവും ദരിദ്ര രാജ്യമായിരുന്നു ബൊളിവിയയെ ഏറ്റവും വളര്‍ച്ചയുള്ള മേഖലയിലെ രാജ്യമായി മാറിയതും മൊറെയില്‍സിന്റെ കാലത്താണ്. ഭൂപരിഷ്‌ക്കരണം നടത്തിയും എണ്ണ കമ്പനികളെ ദേശസാല്‍ക്കരിച്ചും,തദ്ദേശിയ ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിയുമായിരുന്നു ഇവോ മൊറെയില്‍സ് ഭരണം നടത്തിയത്. തന്റെ നയങ്ങള്‍ നടപ്പിലാക്കുന്നതിനനുസരിച്ച് പുതിയ ഭരണഘടനയ്ക്കും അദ്ദേഹം രൂപം നല്‍കിയിരുന്നു.
ഈ പരിഷ്‌ക്കാരങ്ങള്‍ കൈയൊഴിയുകയാണ് പുതിയ സര്‍ക്കാര്‍. വ്യാപകമായ പ്രക്ഷോഭമാണ് രാജ്യത്തെമ്പാടും നടക്കുന്നത്. പുതിയ തെരഞ്ഞെടുപ്പ് നടക്കുവരെയുള്ള ഇടക്കാല സര്‍ക്കാരാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. തെരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതില്‍ ഇവോ മൊറെയില്‍സിന്റെ പാര്‍ട്ടിയുടെ പങ്കാളിത്തം എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.


Next Story

Related Stories