Top

ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറേൽസ് രാജി വച്ചു

ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറേൽസ് രാജി വച്ചു

ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറേൽസ് രാജി പ്രഖ്യാപിച്ചു. സൈന്യം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുകയും പോലീസ് പിന്തുണ പിൻവലിക്കുകയും ചെയ്തതോടെയാണ് രാജി. തിരഞ്ഞെടുപ്പിൽ കൃത്രിമവും അട്ടിമറിയും നടത്തിയാണ് മൊറേൽസ് അധികാരത്തിലെത്തിയതെന്ന് ആരോപിച്ച് ജനം തെരുവിലിറങ്ങിയതോടെ കഴിഞ്ഞ മൂന്ന്‍ ആഴ്ചയോളമായി രാജ്യത്ത് അശാന്തി പടരുകയായിരുന്നു. 2006-ലാണ് മൊറേൽസ് ആദ്യമായി ബൊളീവിയയിൽ പ്രസിഡന്റായത്. 'രാജ്യത്തിന്റെ നന്മ'ക്കായി താൻ സ്ഥാനമൊഴിയുകയാണെന്നും, പ്രതിപക്ഷത്തെ ഉദ്ദേശിച്ച് 'ഇരുണ്ട ശക്തികൾ ജനാധിപത്യത്തെ നശിപ്പിച്ചു'വെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മൊറേൽസിന് രാഷ്ട്രീയ അഭയം നൽകാന്‍ തയ്യാറാണെന്ന് മെക്സിക്കന്‍ വിദേശകാര്യ സെക്രട്ടറി മാർസെലോ എബ്രാർഡ് ഒരു ട്വീറ്റിലൂടെ അറിയിച്ചു. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 20 നിയമസഭാ സാമാജികരും ഇപ്പോള്‍തന്നെ ലാ പാസിലെ മെക്സിക്കൻ അംബാസഡറുടെ വസതിയിലാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൊളീവിയന്‍ സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫ് വില്യംസ് കലിമാനാണ് മൊറേൽസിനോട്‌ അധികാരം ഒഴിയാന്‍ ആവശ്യപ്പെട്ടത്. വൈസ് പ്രസിഡന്റ് അൽവാരോ ഗാർസിയ ലിനേറയും രാജിവച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന്റെ സാധുത അന്താരാഷ്ട്ര നിരീക്ഷണ സംഘടനയായ ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് (ഒ.എ.എസ്.) ചോദ്യം ചെയ്തതിനു പിന്നാലെയായിരുന്നു മൊറെയ്‍ൽസിന്റെ രാജി. വിവിധ ഇടങ്ങളില്‍ ഇതുവരെ ഉണ്ടായ ആക്രമണങ്ങളുടെ ഭാഗമായി മൂന്നുപേർ കൊല്ലപ്പെട്ടു.

പുതിയ തിരഞ്ഞെടുപ്പിന് മുൻപായി രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ പിരിച്ചുവിടുകയും പാർലമെന്റ് നിർദേശിക്കുന്ന അംഗങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കുകയും ചെയ്യുമെന്നും മൊറേൽസ് പറഞ്ഞു. എന്നാല്‍, പുതിയ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം അദ്ദേഹം ഇനിയും വ്യക്തമാക്കിയിട്ടില്ല. ഞായറാഴ്ച ബൊളീവിയയിൽ നടന്ന പ്രതിഷേധത്തിൽ പ്രക്ഷോഭകർ സർക്കാർ ചാനലുകളായ ബൊളീവിയ ടെലിവിഷനും റേഡിയോ പാട്രിയ ന്യുവേയും പിടിച്ചെടുത്തിരുന്നു. മൊറേൽസിന്‍റെ ജല്‍പനങ്ങള്‍ അതേപടി ആവര്‍ത്തിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട്‌ അവിടെ നിന്നുള്ള മുഴുവന്‍ സംപ്രേഷണവും തടസ്സപ്പെടുത്തുകയും ജീവനക്കാരെ ഇറക്കിവിടുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Next Story

Related Stories