TopTop
Begin typing your search above and press return to search.

ട്രംപിനെക്കുറിച്ചുള്ള അനന്തരവളുടെ പുസ്തകത്തിന്റെ ഒമ്പതര ലക്ഷത്തിലധികം കോപ്പികൾ ആദ്യ ദിവസം വിറ്റു

ട്രംപിനെക്കുറിച്ചുള്ള അനന്തരവളുടെ പുസ്തകത്തിന്റെ ഒമ്പതര ലക്ഷത്തിലധികം കോപ്പികൾ ആദ്യ ദിവസം വിറ്റു

യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അനന്തരവൾ മേരി എൽ. ട്രംപ് എഴുതിയ ട്രംപിനെ കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങിയ ആദ്യ ദിവസം തന്നെ 10 ലക്ഷത്തോളം കോപ്പികള്‍ വിറ്റുപോയി. ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യനെ തന്റെ കുടുമ്പം എങ്ങിനെയാണ് സൃഷ്ടിച്ചതെന്നാണ് പുസ്തകം പറയുന്നത്. ട്രംപിന്റെ കുട്ടിക്കാലത്ത് അദ്ദേഹം പലതരത്തിലുള്ള പീഡനങ്ങള്‍ക്കും ഇരയായിരുന്നു എന്നും Too Much and Never Enough: How My Family Created the World's Most Dangerous Man എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. പ്രീ-സെയിൽസ്, ഇബുക്കുകൾ, ഓഡിയോ ബുക്കുകൾ എന്നിവയുൾപ്പെടെ ചൊവ്വാഴ്ച, പുസ്തകം പ്രസിദ്ധീകരിച്ച ആദ്യദിനം 9,50,000 കോപ്പികൾ വിറ്റു.

ട്രംപിന്‍റെ പിതാവ് ഫ്രെഡ് ട്രംപിന്റെ എസ്റ്റേറ്റുമായി ബന്ധപ്പെട്ട രഹസ്യ ഉടമ്പടി ലംഘിക്കുന്നുവെന്ന് ആരോപിച്ച് പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് ട്രംപിന്‍റെ ഇളയ സഹോദരൻ റോബർട്ട് എസ്. ട്രംപ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പ്രസിദ്ധീകരണം തടയപ്പെട്ടിരുന്നെങ്കിലും വൈകാതെ കോടതിയില്‍ നിന്നും അനുകൂല വിധി കരസ്ഥമാക്കാന്‍ പ്രസാധകര്‍ക്ക് കഴിഞ്ഞു. തുടര്‍ന്ന്, മുന്‍പ് പ്രഖ്യാപിച്ചതിലും നേരത്തെ പുസ്തകം പ്രസിദ്ധീകരിക്കുകയായിരുന്നു. ന്യൂയോർക്ക് ആസ്ഥാനമായുള്ള സൈമൺ ആന്റ് ഷസ്റ്ററിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ റെക്കോർഡാണ്.

ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റു കൂടിയായ മേരി ട്രംപ്, അസുഖം ബാധിച്ച ഒരു അമ്മയും, സ്നേഹം ഒന്നുമല്ലെന്നും ആകെ വേണ്ടത് ബഹുമാനം മാത്രമാണെന്നും വിശ്വസിച്ച, തന്റെ ജോലിയില്‍ മാത്രം ശ്രദ്ധിച്ച അച്ഛനും ചേര്‍ന്ന് ട്രംപിനെ വളർത്തിയത് എങ്ങിനെയെന്ന് വിശദമായി എഴുതുന്നുണ്ട്.

ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യനെ എങ്ങനെ എന്റെ കുടുംബം സൃഷ്ടിച്ചു എന്ന കഥപറയുന്ന മേരി എൽ ട്രംപിന്റെ പുസ്തകം ട്രംപിനേയും അദ്ദേഹത്തെ സൃഷ്ടിച്ച കുടുംബത്തേയും കുറിച്ചുള്ള ആധികാരിക ചിത്രമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് സൈമൺ & ഷസ്റ്റർ അവകാശപ്പെടുന്നു. ന്യൂയോർക്ക് ടൈംസിന് പുലിറ്റ്‌സർ സമ്മാനം നേടിക്കൊടുത്ത ട്രംപിന്റെ കുടുംബത്തിന്റെ നികുതി വിവരങ്ങള്‍ സംബന്ധിച്ച വാര്‍ത്തയുടെ പ്രധാന ഉറവിടം മേരിയായിരുന്നു.


Next Story

Related Stories