TopTop
Begin typing your search above and press return to search.

ഇറാൻ: ബ്രിട്ടനിലെ ഇതര യൂറോപ്യൻ പൗരന്മാരെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യൻ യൂണിയൻ; സൈന്യത്തോട് സജ്ജരാകാവശ്യപ്പെട്ട് ബോറിസ് ജോൺസൺ

ഇറാൻ: ബ്രിട്ടനിലെ ഇതര യൂറോപ്യൻ പൗരന്മാരെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യൂറോപ്യൻ യൂണിയൻ; സൈന്യത്തോട് സജ്ജരാകാവശ്യപ്പെട്ട് ബോറിസ് ജോൺസൺ

റവല്യൂഷണറി ഗാര്‍ഡിന്റെ തലവനായ സുലൈമാനിയെ വധിച്ച സാഹചര്യത്തിൽ ഇറാൻ പ്രതികാര നടപടികൾ തുടങ്ങിയതോടെ ഏത് സാഹചര്യവും നേരിടാന്‍ സജ്ജരായിക്കണമെന്ന്‌ മേഖലയിലെ ബ്രിട്ടീഷ് സൈന്യത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നിര്‍ദേശം നല്‍കി. ഇറാഖിലെ യു.എസ് സൈനിക താവളത്തിനുനേരെ ഇറാന്റെ മിസൈല്‍ ആക്രമണം നടന്നതിനു തൊട്ടു പിറകെയാണ് ബ്രിട്ടൺ സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചത്. യുഎസ് പട്ടാള ക്യാമ്പിലേക്ക് കുറഞ്ഞത് ആറ് മിസൈലുകളെങ്കിലും ഇറാൻ തൊടുത്തിട്ടുണ്ടാകാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുഎസ്സിന്റെയും സഖ്യകക്ഷികളുടെയും താവളങ്ങളെ ലാക്കാക്കി വരുംദിനങ്ങളിൽ ആക്രമണമുണ്ടാകുമെന്ന ജാഗ്രതയിലാണ് എല്ലാവരും. കുറ്റകൃത്യങ്ങളിൽ അമേരിക്കയ്ക്ക് കൂട്ടാളിയാണ് ബ്രിട്ടനെന്ന പ്രഖ്യാപനം ഇറാൻ നടത്തിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ പ്രസ്താവനകൾ അസ്വീകാര്യമെന്ന് അറിയിക്കാനായി ബ്രിട്ടന്റെ അംബാസ്സഡറെ ഇറാൻ ചൊവ്വാഴ്ച വിളിപ്പിക്കുകയുമുണ്ടായി.

ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ അധികാരമേറ്റ പുതിയ ബ്രിട്ടീഷ് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇറാൻ പ്രശ്നം തങ്ങൾ നേരിടുന്ന ആദ്യത്തെ വിദേശ നയതന്ത്ര വെല്ലുവിളിയാണ്. യൂറോപ്യൻ യൂണിയൻ വിടാനൊരുങ്ങുന്ന ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ട്രംപിനെ പിണക്കാതിരിക്കുക എന്നത് പ്രധാനമാണ്. കരാർരഹിതമായി യൂറോപ്യൻ യൂണിയൻ വിടുകയാണെങ്കിൽ യുഎസ്സിന്റെ സഹായം കൂടിയേ തീരൂ ബ്രിട്ടന്. നേരത്തെ, മുൻ പ്രധാനമന്ത്രി തേരേസ മേയുമായുള്ള കൂടിക്കാഴ്ചകളിലൊന്നിൽ കരാറില്ലാതെ യൂറോപ്യൻ യൂണിയൻ വിട്ടെത്തിയാൽ യുഎസ് സഹായിക്കാമെന്ന് ട്രംപ് വാഗ്ദാനം ചെയ്യുകയുണ്ടായി. യൂറോപ്യൻ യൂണിയന്‍ ആവശ്യപ്പെടുന്നത് ദൈർഘ്യമേറിയ ഒരു പരിവർത്തനകാലമാണ്. ഇതിനുള്ളിൽ വിടുതൽ നീക്കങ്ങളെ നയപൂർവ്വം നടപ്പിലാക്കാനാകുമെന്നാണ് യൂറോപ്യൻ യൂണിയന്റെ പ്രതീക്ഷ. എന്നാൽ, 2020 ഡിസംബറിനുള്ളിൽ എല്ലാ ഇടപാടുകളും തീര്‍ത്തിരിക്കണമെന്നാണ് ബോറിസ് ജോൺസന്റെ നിലപാട്. തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനുള്ള ഈ നീക്കത്തിനിടയിൽ ട്രംപിനെ പിണക്കിയുള്ള ഒന്നും ബോറിസ് ജോൺസൺ ആലോചിക്കുന്നില്ല.

ഇറാഖിലെ സുരക്ഷാ സ്ഥിതി കൂടുതൽ വഷളായാൽ ബ്രിട്ടീഷ് സൈനികരെ ഒഴിപ്പിക്കാൻ ചിനൂക്ക് ഹെലികോപ്റ്ററുകൾ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ഏതെങ്കിലും ബ്രിട്ടീഷ് പൗരനോ സൈനികനോ കൊല്ലപ്പെട്ടാൽ യുകെ ശക്തമായി പ്രതികരിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. നിലവില്‍ 400 ബ്രിട്ടീഷ് സൈനികരാണ് ഇറാഖില്‍ ക്യാംപ് ചെയ്യുന്നത്. സുലൈമാനി വധത്തിന് ശേഷമുണ്ടായ സ്ഥിതിഗതികള്‍ പരിഗണിച്ച് ഗള്‍ഫ് തീരത്ത് എച്ച്എംഎസ് മോൺട്രോസ്, എച്ച്എംഎസ് ഡിഫെൻഡർ എന്നീ രണ്ട് ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ തങ്ങുന്നുണ്ട്. ആവശ്യമെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ബ്രിട്ടീഷ് പതാകയുള്ള എണ്ണ ടാങ്കറുകൾക്ക് എസ്‌കോർട്ട് പോകാനും ഈ കപ്പലുകൾക്ക് നിർദേശം നൽകി. അടിയന്തര സാഹചര്യമുണ്ടായാല്‍ 48 മണിക്കൂറിനകം ഇറാഖിലെത്താന്‍ പാകത്തില്‍ ഒരുങ്ങി നില്‍ക്കാനാണ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇറാഖിലുളള സൈനികര്‍ സുരക്ഷിതരാണെന്ന് ജര്‍മനിയും ഓസ്ട്രേലിയയും ന്യൂസിലന്‍ഡും വ്യക്തമാക്കി. സംഘര്‍ഷഭീതി നിറഞ്ഞതോടെ അമേരിക്കന്‍ വിമാനക്കമ്പനികളോട് ഗള്‍ഫ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അമേരിക്കന്‍ വ്യോമയാന അതോറിറ്റി നിര്‍ദേശം നല്‍കി.

ബ്രിട്ടനിലെ ഇതര യൂറോപ്യൻ ‍പ്രദേശങ്ങളിലെ പൗരന്മാരെക്കുറിച്ചുള്ള ആശങ്ക യൂറോപ്യൻ യൂണിയൻ പങ്കു വെക്കുന്നുണ്ട്.

നേരത്തെ സുലൈമാനിയെ അധിക്ഷേപിച്ച് ബ്രിട്ടന്‍ രംഗത്തെത്തിയിരുന്നു. നിരവധി നിഷ്‌കളങ്കരുടെ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയാണ് സുലൈമാനിയെന്നും, മരണത്തില്‍ അനുശോചിക്കില്ലെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി സുലൈമാനിയെ മേഖലയിലെ പ്രധാന ശല്യമെന്നും വിശേഷിപ്പിക്കുകയുണ്ടായി.


Next Story

Related Stories