TopTop
Begin typing your search above and press return to search.

യുഎസ്സിലെ 'സിസ്കോ'യില്‍ ജോലിക്കാര്‍ക്കിടയില്‍ ജാതിവിവേചനമെന്ന് ആരോപണം; ജാതി നിയമവിരുദ്ധമല്ലെന്ന നിലപാടില്‍ നടപടിയെടുക്കാതെ കമ്പനി

യുഎസ്സിലെ

കാലിഫോര്‍‍ണിയയിലെ സിസ്കോ സിസ്റ്റംസ് എന്ന ബഹുരാഷ്ട്ര സ്ഥാപനം ജോലിക്കാര്‍ക്കിടയില്‍ ജാതി വിവേചനം കാണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ പരിഗണിക്കുമ്പോഴാണ് ഇവര്‍ ജാതി പരിഗണിക്കുന്നതെന്നാണ് ആരോപണം. ഒരു ഇന്ത്യന്‍-അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ നടപടിക്കെതിരെ കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫെയര്‍ എംപ്ലോയ്മെന്റ് ആന്‍ഡ് ഹൗസിങ് നിയമനടപടികളിലേക്ക്നീങ്ങിയിട്ടുണ്ട്. യുഎസ്സിലെ തൊഴില്‍ നിയമങ്ങളില്‍ ജാതി സംബന്ധിച്ചുള്ള വകുപ്പുകളൊന്നുമില്ല. എങ്കിലും വിവേചനങ്ങള്‍ക്കെതിരെയുള്ള വകുപ്പുകള്‍ ഉപയോഗിച്ചാണ് പരാതി സ്വീകരിച്ചിരിക്കുന്നത്.

താന്‍ ഇന്ത്യയില്‍ നിന്നുള്ള താഴ്ന്ന ജാതിക്കാരനായതിനാല്‍ രണ്ട് മാനേജര്‍മാര്‍ പലവിധത്തില്‍‌ പീഡിപ്പിക്കുന്നുവെന്നാണ് പരാതിക്കാരന്റെ ആരോപണം. സുന്ദര്‍ അയ്യര്‍, രമണ കൊംപെല്ല എന്നിവരാണ് പീഡിപ്പിക്കുന്നത്.

2015 ഒക്ടോബര്‍ മുതല്‍ സിസ്കോയുടെ സാന്‍ ജോസിലെ ആസ്ഥാനത്ത് പ്രിന്‍സിപ്പല്‍ എന്‍ജിനീയറായി തൊഴിലെടുത്തു വരുന്നയാളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരുകാലത്ത് അയിത്ത ജാതിക്കാരെന്ന് വിളിച്ചിരുന്ന ദളിത് വിഭാഗത്തില്‍ പെടുന്നയാളാണ് ഇദ്ദേഹമെന്ന് തൊഴില്‍ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

സിസ്കോയില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ കുടിയേറ്റക്കാര്‍ തൊഴിലെടുക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗമാളുകളും ബ്രാഹ്മണ ജാതിയില്‍ പെട്ടവരോ മറ്റ് ഉയര്‍ന്ന ജാതി വിഭാഗങ്ങളില്‍ പെടുന്നവരോ ആണ്.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തൊഴില്‍ സാഹചര്യം സൃഷ്ടിക്കാന്‍ സിസ്കോ പ്രതിബദ്ധമാണെന്ന് കമ്പനിയുടെ വക്താവ് അറിയിച്ചു. ഈ പ്രശ്നത്തില്‍ തങ്ങള്‍ക്കെതിരെ തൊഴില്‍ വകുപ്പ് എടുത്തിരിക്കുന്ന കേസിനെ പ്രതിരോധിക്കുമെന്നാണ് കമ്പനി പറയുന്നത്. അയ്യരും കൊംപെല്ലയും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

യുഎസ്സില്‍ ഇന്ത്യന്‍ ദളിത് വിഭാഗങ്ങള്‍ക്കെതിരായ വിവേചനങ്ങള്‍ വര്‍ധിച്ചു വരുന്നതായി മനുഷ്യാവകാശ ഗ്രൂപ്പായ ഈക്വാലിറ്റി ലാബ്സിന്റെ 2018ലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നതായി സിസ്കോയ്ക്കെതിരായ കേസില്‍ തൊഴില്‍വകുപ്പ് ചൂണ്ടിക്കാട്ടുന്നു. യുഎസ്സിലെ തൊഴിലിടങ്ങളിലുള്ള ദളിതരില്‍ 67 ശതമാനവും തങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതായി പറയുന്നുവെന്ന് ഈ റിപ്പോര്‍ട്ടിലുണ്ട്.

2016ല്‍ സിസ്കോയിലെ പരാതിക്കാരനായ ഉദ്യോഗസ്ഥര്‍ തന്റെ മാനേജരായ അയ്യര്‍ തന്റെ ജാതി മറ്റുള്ളവരുടെ മുമ്പില്‍ വെളിപ്പെടുത്തിയെന്ന് കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്സ് വിഭാഗത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ജാതി വിവേചനം നിയമവിരുദ്ധമല്ലെന്ന നിലപാടെടുക്കുകയാണ് സിസ്കോ ചെയ്തത്. ഈ പ്രശ്നം പരിഹരിക്കപ്പെടാതെ തുടര്‍ന്നുവെന്ന് കേസ് പറയുന്നു. പരാതിക്കാരനെ മറ്റ് ജോലികളേല്‍പ്പിക്കുകയും അതുവഴി അയാള്‍ക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് പ്രമോഷനുകള്‍ ഇല്ലാതാക്കുകയുമാണ് സിസ്കോ ചെയ്തത്.


Next Story

Related Stories