TopTop
Begin typing your search above and press return to search.

ചിലിയിലെ പ്രക്ഷോഭത്തിന് പിന്തുണ: ലാറ്റിൻ ഗ്രാമ്മിയിൽ ഗായിക മാറിടം തുറന്നുകാട്ടി

ചിലിയിലെ പ്രക്ഷോഭത്തിന് പിന്തുണ: ലാറ്റിൻ ഗ്രാമ്മിയിൽ ഗായിക മാറിടം തുറന്നുകാട്ടി

ചിലിയിലെ ഗവൺമെന്റ് വിരുദ്ധ ജനകീയ പ്രക്ഷോഭത്തിന് പിന്തുണയുമായി മാറിടം പ്രദർശിപ്പിച്ച് ലാറ്റിൻ ഗ്രാമ്മി വേദിയില്‍ ഗായിക മോൺ ലാഫെർട്ടെ. പോലീസ് ക്രൂരതയ്‌ക്കെതിരെ നിശബ്ദ പ്രതിഷേധമെന്നോണം അവാർഡ് ദാന ചടങ്ങിന്റെ ചുവന്ന പരവതാനിയിലൂടെ മാറ് മറയ്ക്കാതെയാണ് അവര്‍ പ്രതിഷേധിച്ചത്. വസ്ത്രം ധരിച്ച് നടന്നുവന്ന അവര്‍ പെട്ടന്ന് അത് അഴിക്കുകയായിരുന്നു.

'ചിലിയിൽ അവർ പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യുന്നു' എന്ന് അവരുടെ നെഞ്ചില്‍ എഴുതിവെച്ചിരുന്നു. ചിലിയിലെ രാഷ്ട്രീയ - സാമ്പത്തിക അസമത്വത്തിനെതിരെ ഒരു മാസത്തിലേറെയായി ജനങ്ങള്‍ തെരുവിലാണ്. വിവിധയിടങ്ങളില്‍ ഉണ്ടായ ഏറ്റുമുട്ടലുകളില്‍ 20 ലധികം പേർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. സുരക്ഷാ സേനക്കെതിരെ പീഡനം, ബലാത്സംഗം, അക്രമം തുടങ്ങിയ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പോലീസിന്‍റെ പെല്ലറ്റ് തോക്കിനു ഇരകളായ നൂറുകണക്കിനു പേര്‍ക്കാണ് കാഴ്ച ശക്തി നഷ്ടപ്പെട്ടത്. ആയിരത്തോളം പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

മികച്ച ബദൽ ആൽബത്തിനുള്ള അവാഡാണ് ലാഫെർട്ടെ നേടിയത്. ചിലിയിലെ ജനങ്ങൾക്ക് സമര്‍പ്പിച്ച ആല്‍ബമായിരുന്നു അത്. ഗ്രാമ്മിയില്‍ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ അവര്‍തന്നെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. 'സ്വതന്ത്ര രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച സ്വതന്ത്ര ശരീരം' എന്ന അടിക്കുറിപ്പോടെയാണ് അവര്‍ പോസ്റ്റ്‌ ഷെയര്‍ ചെയ്തത്. പ്രതിഷേധത്തിന് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി ചിലിയൻ സംഗീതജ്ഞരും കായികതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

മെട്രോ ടിക്കറ്റ് നിരക്ക് സർക്കാർ വർധിപ്പിച്ചതിനെതിരെ ഒക്ടോബർ ആറിനാണ് ചിലിയിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. വിദ്യാർത്ഥികൾ തുടങ്ങിയ പ്രതിഷേധം പിന്നീട് ജനം ഏറ്റെടുക്കുകയായിരുന്നു. ടിക്കറ്റ് നിരക്ക് കുറക്കാൻ സർക്കാർ തയ്യാറായെങ്കിലും രാജ്യത്തെ അസമത്വം അവസാനിപ്പിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു സമരക്കാർ.

1980 മുതൽ അഗസ്റ്റോ പിനോഷെയുടെ ഏകാധിപത്യകാലത്തെ ഭരണഘടനയാണ് ചിലി ഇപ്പോളും പിന്തുടരുന്നത്. അത് മാറ്റി പുതിയ ഭരണഘടന ഉണ്ടാക്കാനമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. അതിനുമുന്‍പില്‍ മുട്ടു മടക്കിയിരിക്കുകയാണ് സര്‍ക്കാര്‍. പുതിയ ഭരണഘടന സംബന്ധിച്ച് ജനഹിത പരിശോധന നടത്താന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പറഞ്ഞുകഴിഞ്ഞു.


Next Story

Related Stories