TopTop

ചൈനയില്‍ കൊറോണ വൈറസ് മരണം 26 ആയി, 10 നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍

ചൈനയില്‍ കൊറോണ വൈറസ് മരണം 26 ആയി, 10 നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍

ചൈനയില്‍ കൊറോണ വൈറസ് മൂലമുള്ള മരണം 26 ആയി. വുഹാനും ഹുവാങ് ഗാങിനും പുറമെ എട്ട് നഗരങ്ങളില്‍ കൂടി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ചൈനയ്ക്ക് പുറത്ത് തായ്‌ലാന്റ്, യുഎസ്, തായ് വാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, വിയറ്റ്‌നാം, സിംഗപ്പൂര്‍ എന്നിവിടങ്ങളിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് ആദ്യം കൊറോണ വൈറസ് കണ്ടെത്തിയത്. മരണങ്ങളില്‍ ഭൂരിഭാഗവും നടന്നിരിക്കുന്നത് ഹുബെയ് പ്രവിശ്യയിലാണ്. ഹെബെയ് പ്രവിശ്യയില്‍ ഇന്നലെ ഒരാള്‍ മരണപ്പെട്ടു. വടക്കുകിഴക്കന്‍ ചൈനയിലെ ഹെയ്‌ലോങ്ജിയാങ് പ്രവിശ്യയിലും മരണം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 25 ശതമാനം പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത് എന്ന് ബിബിസി പറയുന്നു.

ചൈനയില്‍ ഇതുവരെ 830 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനീസ് ലൂണാര്‍ ന്യൂ ഇയര്‍ ആയതിനാല്‍ ലക്ഷണക്കണക്കിന് ആളുകള്‍ വീട്ടിലേയ്ക്ക് യാത്ര ചെയ്യുന്ന സമയമാണ്. 10 നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണങ്ങള്‍ രണ്ട് കോടിയോളം പേരെ ബാധിച്ചു. വുഹാനില്‍ റോഡ്, റെയില്‍, ജല ഗതാഗതങ്ങളെല്ലാം നിര്‍ത്തിവച്ചു. വിമാനങ്ങളും റദ്ദാക്കി. ഇസൗ, എന്‍ഷി തുടങ്ങിയ നഗരങ്ങളും ഗതാഗതം നിര്‍ത്തിവച്ചു. വുഹാനിലും മറ്റ് കൊറോണ ബാധിത പ്രദേശങ്ങളിലും പോയി വന്നവരോട് അടുത്ത് 14 ദിവസത്തേയ്ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ ബീജിങ്ങിലേയും ഷാങ്ഹായിയിലേയും നഗര ഭരണകൂടങ്ങള്‍ നിര്‍ദ്ദേശം നല്‍കി. ജപ്പാനിലും ദക്ഷിണ കൊറിയയിലും രണ്ട് കൊറോണ കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വുഹാന്‍ അടക്കമുള്ള ബാധിത മേഖലകളില്‍ നിന്നുള്ളവര്‍ക്ക് തായ്‌വാന്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പൗരന്മാര്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കി.



Next Story

Related Stories