കാശ്മീര്‍ വിഷയം വീണ്ടും യുഎന്‍ രക്ഷാ സമിതിയുടെ പരിഗണയില്‍. ഇന്ന് ചേരുന്ന യുഎന്‍ രക്ഷാസമിതി ക്ലോസ്ഡ് ഡോര്‍ യോഗത്തിലാണ് വീണ്ടും കാശ്മീര്‍ വിഷയം പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ ആവശ്യപ്രകാരമാണ് യോഗം ചേരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു ആഫ്രിക്കന്‍ രാജ്യവുമായി ബന്ധപ്പെട്ട ഒരു വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാ സമിതി ക്ലോസഡ് ഡോര്‍ യോഗം വിളിച്ചിരുന്നു. പിന്നാലെയാണ് "മറ്റേതെങ്കിലും ബിസിനസ് പോയിന്റുകള്‍" എന്ന അജണ്ട പ്രകാരം കശ്മീര്‍ വിഷയം ആലോചിക്കാന്‍ ചൈന ബുധനാഴ്ച അഭ്യര്‍ത്ഥന നടത്തിയത്. അഞ്ച് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാ സമിതി ക്ലോസഡ് ഡോര്‍ യോഗം ചേരുന്നത്.
യുഎന്‍എസ്സിയിലെ യുഎസിന്റെയും ഫ്രാന്‍സിന്റെയും നേതൃത്വത്തിലുള്ള മറ്റ് അംഗങ്ങള്‍ എതിര്‍ത്തതോടെയാണ് ചൈനയുടെ മുന്‍ നീക്കം പരാജയപ്പെട്ടത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ചതിന് പിന്നാലെയായിരുന്നു ഇത്. കശ്മീര്‍ ഇന്ത്യയുടേയും പാകിസ്താന്റെയും ഉഭയകക്ഷി വിഷയമാണെന്നായിരുന്നു ഓഗസ്റ്റില്‍ നടന്ന ആദ്യ യോഗത്തില്‍ ഭൂരിപക്ഷം രാജ്യങ്ങളും എടുത്ത നിലപാട്. യുഎസ്, ഫ്രാന്‍സ്, റഷ്യ, യു.കെ, എന്നിവരാണ് ചൈനയെ കൂടാതെ യുഎന്‍ രക്ഷാ സമിതിയിലുള്ള സ്ഥിരാംഗങ്ങള്‍.
കാശ്മീരിലേത് ഇന്ത്യ-പാകിസ്താന് തര്‍ക്കമാണെന്നും മൂന്നാമതൊരു കക്ഷി കശ്മീരില്‍ ഇടപെടേണ്ട എന്നുമാണ് ഇന്ത്യയുടെ നിലപാട്. ഈ നിലപാടിനാണ് ആഗസ്റ്റിലെ ചര്‍ച്ചയില്‍ മേല്‍ക്കൈ ലഭിച്ചത്. പഴയ നിലപാടില്‍ മാറ്റം വരുത്തില്ലെന്ന് ഫ്രഞ്ച് പ്രതിനിധി പറഞ്ഞു. ഇന്ത്യയും പാകിസ്താനും വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് തങ്ങളുടെ നിലപാട് എന്നും ഫ്രഞ്ച് പ്രതിനിധി അറിയിച്ചു.