TopTop
Begin typing your search above and press return to search.

ചൈനയിലെ വുഹാനിൽ കൊറോണ മരണം 50 ശതമാനം കൂടി, പലതും 'വിട്ടുപോയെ'ന്ന് അധികൃതർ

ചൈനയിലെ വുഹാനിൽ കൊറോണ മരണം 50 ശതമാനം കൂടി, പലതും വിട്ടുപോയെന്ന് അധികൃതർ

കൊറോണ വൈറസിന്റെ ഉദ്ഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തില്‍ മരണസംഖ്യയില്‍ 50 ശതമാനം വര്‍ദ്ധന. ഇന്ന് പുതിയ കണക്ക് പുറത്തുവിട്ടത്. പല കേസുകളും വിട്ടുപോയെന്നാണ് അധികൃതരുടെ വിചിത്രമായ ന്യായീകരണമെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. വുഹാനിലെ മരണ സംഖ്യ 50 ശതമാനം കൂടി 3869 ആയി. ചൈനയിലെ ആകെ മരണസംഖ്യ ഇതിലും കുറഞ്ഞനിലയിലാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വുഹാനിലെ കണക്ക് പുറത്തുവന്നതോടെ ചൈനയിലെ ആകെ മരണസംഖ്യ 4632 ആയി ഉയർന്നു. ചൈന യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന മറ്റ് രാജ്യങ്ങളുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് വുഹാനിലെ മരണക്കണക്ക് പുറത്തുവന്നിരിക്കുന്നത്.

ചൈനയ്‌ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ കൊവിഡുമായി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് യുകെയും ഫ്രാന്‍സും പിന്തുണ നല്‍കിയിരുന്നു. വവ്വാലുകളെക്കുറിച്ച് പഠിക്കുന്ന വുഹാനിലെ ലബോറട്ടറിയില്‍ നിന്നാണ് വൈറസ് പുറത്തുവന്നത് എന്ന് ചില യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് വ്യാപനത്തിന് ചൈന മറുപടി പറയണമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക്ക് റാബും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും പറഞ്ഞിരുന്നു. അതേസമയം ചൈനയെ ആക്രമിക്കുന്ന നീക്കങ്ങളെ എതിര്‍ത്തുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും രംഗത്തെത്തിയിരുന്നു.

പല ആശുപത്രികളില്‍ നിന്നും വൈകിയാണ് റിപ്പോര്‍ട്ടുകള്‍ വന്നത് എന്നും പോസിറ്റീവ് ആയ പലരും വീടുകളില്‍ മരിച്ചതായും വുഹാന്‍ മുനിസിപ്പല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് അറിയിച്ചതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു. ഹോസ്പിറ്റലുകളില്‍ പലതിലും രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്തത്ര തിരക്കുണ്ടായിരുന്നു. ആരോഗ്യപ്രവര്‍ത്തകരെല്ലാം ജീവന്‍ രക്ഷിക്കുന്ന തിരക്കിലായിരുന്നതിനാല്‍ കൃത്യമായ റിപ്പോര്‍ട്ടിംഗ് സാധ്യമായില്ലെന്നും ചൈനീസ് പ്രാദേശിക ഭരണകൂടം വാദിക്കുന്നു. 50333 പുതിയ കേസുകളാണ് വുഹാനില്‍ മാത്രം വന്നിരിക്കുന്നത്. അതേസമയം കണക്കുകള്‍ മറച്ചുവച്ചിട്ടില്ലെന്നും വസ്തുതകളുടെ അടിസ്ഥാനത്തില്‍ കണക്ക് അപ്‌ഡേറ്റ് ചെയ്യുകയായിരുന്നുവെന്നും ചൈനീസ് ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ പതിറ്റാണ്ടുകള്‍ക്ക് ശേഷം ചൈനീസ് സമ്പദ് വ്യവസ്ഥ നെഗറ്റീവ് വളര്‍ച്ചാനിരക്കിലേയ്ക്ക് നീങ്ങി. ഈ വര്‍ഷം ആദ്യ പാദത്തില്‍ ജിഡിപി 6.8 ശതമാനമായി കുറഞ്ഞു.


Next Story

Related Stories