TopTop

'കമ്യൂണിസ്റ്റുകള്‍ തുലയട്ടെ', 'സ്വാതന്ത്ര്യത്തിനായി പോരാടുക'; പ്രതിഷേധം ശക്തമാക്കി ഹോങ്കോങ്ങിലെ പ്രക്ഷോഭകര്‍

ചൈനയ്‌ക്കെതിരെ ജനാധിപത്യാവകാശങ്ങള്‍ക്കായി ഹോങ്കോങ്ങില്‍ പൊരുതുന്നവരുടെ സമരം കൂടുതല്‍ അക്രമാസക്തമായി തുടരുകയാണ്. തെരുവുകള്‍ നിറയെ പോലീസുകാരാണ്. പ്രതിഷേധക്കാര്‍ കറുത്ത നിറമുള്ള വസ്ത്രം ധരിച്ചാണ് എത്തുന്നത്. അതുകൊണ്ടുതന്നെ പോലീസ് കറുത്ത വസ്ത്രം ധരിച്ചവര്‍ക്കായി തിരച്ചില്‍നടത്തുകയും ചോദ്യം ചെയ്യുകയും കസ്റ്റഡിയില്‍ എടുക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. 'അമ്പ്രല്ല മാര്‍ച്ചി'ന്റെ അഞ്ചാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. അതോടെ നഗരത്തില്‍ പ്രതിഷേധമിരമ്പി. പലയിടത്തും അക്രമാസക്തമായി. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ചിലയിടങ്ങളില്‍ ലാത്തിച്ചാര്‍ജ് നടത്തി.

ഹാര്‍കോര്‍ട്ട് റോഡും സര്‍ക്കാര്‍ സമുച്ചയം നിലകൊള്ളുന്ന സ്ഥലവും പൂര്‍ണ്ണമായും പോലീസിന്റെ നിയന്ത്രണത്തിലായിരുന്നു. പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞ് ജനല്‍ചില്ലുകളും വാതിലുകളും തകര്‍ക്കുമെന്നതിനാല്‍ നൂറുകണക്കിന് മീറ്റര്‍ വിസ്തൃതിയില്‍ പോലീസ് സംരക്ഷണ കവചമൊരുക്കി. മുഖംമൂടി ധരിച്ച ഒരു ചെറിയ സംഘം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതാക കത്തിച്ചു. 'കമ്യൂണിസ്റ്റുകള്‍ തുലയട്ടേ', 'സ്വാതന്ത്ര്യത്തിനായി പോരാടുക' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി. രണ്ടുമണിക്കൂറിനുള്ളില്‍ സ്ഥിതിഗതികള്‍ വഷളായി. വരും ദിവസങ്ങളില്‍ വലിയ റാലികള്‍ സംഘടിപ്പിക്കാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ അറസ്റ്റ് ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രതിഷേധക്കാര്‍ തന്ത്രപൂര്‍വം പിന്മാറുകയായിരുന്നു.

നേരത്തെ, ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ സമുച്ചയത്തിന്റെ മറുവശത്ത് തമര്‍ പാര്‍ക്കില്‍ സമാധാനപരമായി ഒത്തുകൂടി. 2014-ല്‍ 79 ദിവസത്തോളം ഹോങ്കോങ്ങിനെ സ്തംഭിപ്പിച്ച 'അമ്പ്രല്ല മാര്‍ച്ചിന്റെ' ഓര്‍മ്മ പുതുക്കി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് അടുത്തുള്ള തമര്‍ പാര്‍ക്കില്‍ പോലീസിന്റെ അനുമതി ലഭിക്കുന്നതിനു മുന്‍പ് റാലി ആരംഭിച്ചതിനാല്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. എന്നത്തേയും പോലെ സമരക്കാര്‍ അത് കൂട്ടാക്കിയില്ല. അവര്‍ ലേസര്‍ ടോര്‍ച്ചുകള്‍ അടിക്കുകയും സര്‍ക്കാര്‍ കെട്ടിടത്തിന്റെ കവാടങ്ങള്‍ പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. ചിതറി ഓടിയ ജനങ്ങള്‍ മറ്റൊരു റോഡില്‍ ഒന്നിച്ചു.

ചൈനയുമായി കുറ്റവാളിക്കൈമാറ്റ കരാര്‍ ഉണ്ടാക്കാനുള്ള നീക്കത്തിനെതിരേ ഹോങ്കോംഗ് ജനത ആരംഭിച്ച സമരമാണ് സംഘര്‍ഷഭരിതമായി തുടരുന്നത്. നിയമം പിന്‍വലിച്ചെങ്കിലും ചീഫ് എക്സിക്യുട്ടീവ് കാരി ലാം രാജിവെയ്ക്കണമെന്നും പോലീസ് ക്രൂരതയെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രസ്ഥാനമായി പരിണമിച്ചിരിക്കുകയാണ്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഇപ്പോള്‍ ഭരണം നിലനിര്‍ത്തുന്നത്.


Next Story

Related Stories