TopTop
Begin typing your search above and press return to search.

കൊറണക്കാലത്തെ നയതന്ത്ര യുദ്ധങ്ങള്‍, അമേരിക്കയ്ക്ക് പുറമെ ഫ്രാന്‍സും ചൈനയ്‌ക്കെതിരെ

കൊറണക്കാലത്തെ നയതന്ത്ര യുദ്ധങ്ങള്‍, അമേരിക്കയ്ക്ക് പുറമെ ഫ്രാന്‍സും ചൈനയ്‌ക്കെതിരെ

കൊറണ വ്യാപനത്തെ തുടര്‍ന്ന് ചൈന തങ്ങളുടെ നയതന്ത്ര സമീപനങ്ങളില്‍ മാറ്റം വരുത്തുന്നതായി വിലയിരുത്തല്‍. അമേരിക്കയ്ക്ക് പുറമെ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച സമീപനങ്ങളാണ് ഇത്തരം ഒരു വിലയിരുത്തലിന് കാരണം. കൊറോണയെ നേരിടുന്നതില്‍ ഫ്രാന്‍സ് സ്വീകരിക്കുന്ന സമീപനത്തെ വിമര്‍ശിച്ചതിന് ഫ്രാന്‍സ് വിദേശകാര്യവകുപ്പ് ചൈനീസ് നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ചു. ശ്രീലങ്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പോലും ചൈനീസ് നയമാറ്റത്തില്‍ പ്രതിഷേധമുണ്ടെന്നാണ് സൂചന.വിവിധ രാജ്യങ്ങളിലെ ചൈനീസ് അംബാസിഡര്‍മാര്‍ സജീവമായി ചൈനീസ് നിലപാടുകള്‍ ട്വിറ്റലിലൂടെ വ്യക്തമാക്കി കൊണ്ടിരിക്കുകയാണ്. പാശ്ചാത്യരാജ്യങ്ങള്‍ കൊറോണയെ നേരിടുന്നതില്‍ പരാജയപ്പെട്ടത് അവരുടെ നയത്തിലെ പാളിച്ചയാണെന്ന ആരോപണം ഉന്നയിച്ചാണ് ചൈന തങ്ങളുടെ നേട്ടത്തെക്കുറിച്ച പറയുന്നത്. ഇത് പല രാജ്യത്തും അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ട്‌

കൊറോണയ്‌ക്കെതിരായ പോരാട്ടം സ്വന്തം മണ്ണില്‍ വിജയിപ്പിച്ചുവെന്നതിന്റെ പിന്‍ബലത്തിലാണ് ചൈന തങ്ങളുടെ അന്തരാഷ്ട്ര ഇടപെടലുകള്‍ കൂടുതല്‍ സജീവമാക്കുന്നതെന്നാണ് സൂചന. ലോകത്തെ വിവിധ രാജ്യങ്ങള്‍ക്ക് വൈറസിനെ ചെറുക്കുന്നതിനുള്ള ആരോഗ്യ യന്ത്ര സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് മുന്‍കൈ എടുക്കുമ്പോള്‍ തന്നെയാണ് അവരുടെ കൊറോണ സമീപനത്തെ ചൈന വിമര്‍ശിക്കുന്നതെന്നതാണ് ശ്രദ്ധേയം. ഫ്രാന്‍സില്‍ പ്രായമായ രോഗികളെ മരിക്കാന്‍ വിടുകയാണെന്ന വിമര്‍ശനമാണ് ഉന്നയിച്ചത്. ചൈനയുടെ ഔദ്യോഗിക പ്രതികരണമായിട്ടല്ല ഇത് വന്നത്. ചൈനീസ് എംബസിയുടെ വെബ്‌സൈറ്റില്‍ അജ്ഞാതരുടെ സന്ദേശമായിട്ടാണ് ഈ പരമാര്‍ശങ്ങള്‍ പ്രസിദ്ധീകരിച്ചത്. രോഗാവസ്ഥയിലായ മുതിര്‍ന്നവരെ ഉപേക്ഷിക്കുകയാണ് ഫ്രാന്‍സ് ചെയ്യുന്നതെന്നായിരുന്നു പരോക്ഷമായുള്ള ആരോപണം. ഇതിനെ തുടര്‍ന്നാണ് ഫ്രാന്‍സിലെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ചത്.

ഇതിന് പുറമെ ഫ്രാന്‍സ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അധാനത്തിനെതിരെ വംശീയമായ അധിക്ഷേപം നടത്തുകയാണെന്നും ചൈനിസ് എംബസിയിലെ വക്താവ് ആരോപിച്ചിരുന്നു. തായ് വാന്റെ ഇതുമായി ബന്ധപ്പെട്ട സന്ദേശത്തെ ഫ്രാന്‍സിലെ 80 പാര്‍ലമെന്റ് അംഗങ്ങള്‍ പിന്തുണച്ചുവെന്നാണ് ചൈന ആരോപിച്ചത്. ലോകാരോഗ്യ സംഘടനയുടെ തലവനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ അദ്ദേഹത്തെ നീഗ്രോ എന്ന അധിക്ഷേപിച്ചതായും ചൈനീസ് എംബസി ആരോപിച്ചു. എന്നാല്‍ അത്തരം ഒരു പരമാര്‍ശം പ്രസ്താവനയില്‍ ഉണ്ടായിരുന്നില്ലെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ' ചൈനയുമായുള്ള ബന്ധത്തിന് അനുയോജ്യമായ രീതിയിലല്ല, ആ രാജ്യത്തിന്റെ എംബസിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രസ്താവനകള്‍' എന്നാണ് അംബാസിഡറെ വിളിപ്പിച്ചതിനെക്കുറിച്ച് ഫ്രാന്‍സ് വിദേശകാര്യ വകുപ്പ് പ്രതികരിച്ചത്. ശ്രീലങ്കയിലെ ചൈനീസ് എംബസി ഈയിടെ നടത്തിയ ട്വീറ്റുകളും തുടര്‍ന്ന് അവരുടെ അക്കൗണ്ട് സസ്‌പെന്റ് ചെയ്തതും വിവാദമായിരുന്നു. ചില ചൈന വിമര്‍ശകരുമായി ഉണ്ടായ ഏറ്റുമുട്ടിലിനെ തുടര്‍ന്നാണ് എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചത്. ചൈന നടപ്പിലാക്കിയ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ടായിരുന്നു ട്വീറ്റര് യുദ്ധം. സൈപ്രസിലെ ചൈനീസ് അംബാസിഡര്‍ നടത്തിയ പരമാര്‍ശങ്ങളും വിവാദമായിരുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ കൊറോണ മരണം വ്യാപകമാകുന്നത് അവരുടെ നയ സമീപനം മൂലമല്ലെന്ന് കരുതാമെന്നായിരുന്നു അംബാസിഡറുടെ ട്വീറ്റ്. ചൈന എങ്ങനെ വൈറസിനെ നിയന്ത്രിച്ചുവെന്ന് അത്ഭുതപ്പെട്ടവര്‍ രാജ്യത്തിനെതിരെ തെറ്റായ കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൊറോണ വ്യാപനം ശക്തമായ ഘട്ടം മുതല്‍ അമേരിക്കയാണ് ചൈനയ്ക്കതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇന്ന് രാവിലെ നടന്ന വാര്‍ത്ത സമ്മേളനത്തിലും അമേരിക്കന്‍ പ്രസിഡന്റ് കൊറണ ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ചൈന ക്രിതൃമത്വം കാണിക്കുകയാണെന്നാണ ്ആരോപിച്ചത്. സമീപകാലത്താണ് ചൈന അതിന്റെ വിദേശനയം കൂടുതല്‍ സജീവമാക്കാന്‍ തീരുമാനിച്ചതെന്ന് നിരീക്ഷകര്‍ പറയുന്നു. പുതിയ ലോക ക്രമത്തില്‍ അക്രമോല്‍സുകമായ ഇടപെടലുകളാണ് ആവശ്യം എന്ന നേതൃത്വത്തിന്റെ നിലപാടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ മാറ്റമെന്നാണ് സൂചന. ഹോങ്കോങ്ങില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വ്യാപകമായതിന് ശേഷമാണ് ട്വിറ്റര്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണം ചൈന ശക്തമാക്കിയത്. 2019 മാര്‍ച്ചില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ചൈനീസ് എംബസികളുടെയും അംബാസിഡര്‍മാരുടെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ 250 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടയതെന്നാണ് ജര്‍മ്മന്‍ മാര്‍ഷല്‍ ഫണ്ട് എന്ന ഏജന്‍സി കണ്ടെത്തിയത്.


Next Story

Related Stories