TopTop
Begin typing your search above and press return to search.

രണ്ട് വയസ്സിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ചൈനീസ് യുവാവ് 32 വർഷം കഴിഞ്ഞ് മാതാപിതാക്കളുടെ അടുത്തെത്തി

രണ്ട് വയസ്സിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ചൈനീസ് യുവാവ് 32 വർഷം കഴിഞ്ഞ് മാതാപിതാക്കളുടെ അടുത്തെത്തി

പിഞ്ചുകുഞ്ഞായിരിക്കെ തട്ടിക്കൊണ്ടു പോകപ്പെട്ട ചൈനീസ് യുവാവ് 32 വർഷങ്ങള്‍ക്ക് ശേഷം മാതാപിതാക്കളുടെ അടുത്തെത്തി. 1988 ൽ അച്ഛനോടൊപ്പം നഴ്സറിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മാവോ യിന്‍ എന്ന രണ്ടു വയസ്സുകാരനെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടു പോകുന്നത്. അന്നുമുതല്‍ മാവോയുടെ അമ്മ ലി ജിങ്‌സി തന്‍റെ ജോലി ഉപേക്ഷിക്കുകയും മകനുവേണ്ടി തിരച്ചില്‍ നടത്താന്‍ ആരംഭിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് ഫ്ലയറുകള്‍ അടിച്ച് വിതരണം ചെയ്തും അനവധി ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെട്ടും അവര്‍ മൂന്നു ദശകത്തോളം തന്‍റെ കുഞ്ഞിനെ തിരഞ്ഞുകൊണ്ടിരുന്നു.

ആ നീണ്ട കാമ്പെയ്ന്‍റെ ഭാഗമായി മറ്റ് 29 കുടുംബങ്ങള്‍ക്ക് കാണാതായ അവരുടെ മക്കളെ തിരികെ ലഭിച്ചു. അപ്പോഴും 'പ്രതീക്ഷയാണ് എന്നെ പ്രചോദിപ്പിച്ചത്' എന്ന് ലി ജിങ്‌സി പറയുന്നു. അവരുടെ മകനുവേണ്ടിയുള്ള തിരച്ചില്‍ ചൈനയുടെ മുക്കിലും മൂലയിലും ഉള്ളവര്‍ ഇതിനകം അറിഞ്ഞുകഴിഞ്ഞിരുന്നു. 'എന്നെങ്കിലും ഞാൻ എന്റെ മകനെ കണ്ടെത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു' എന്നാണ് ഈ വർഷം ആദ്യം ഒരു അഭിമുഖത്തിൽ അവര്‍ പറഞ്ഞത്.

മൂന്ന് പതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പിന് വിരാമാമിടുന്നതിന്‍റെ ആദ്യ സൂചന ഏപ്രില്‍ അവസാനമാണ് ലഭിക്കുന്നത്. സിയാനിൽ നിന്നുള്ള ഒരു ആൺകുട്ടിയെ 600 കിലോമീറ്റർ (370 മൈൽ) അകലെയുള്ള ഒരു കുടുംബത്തിന് 6,000 യുവാന് (ചൈനീസ് കറന്‍സി) വിറ്റതായി പോലീസിന് വിവരംലഭിച്ചുവെന്ന മാധ്യമ വാര്‍ത്തയായിരുന്നു ആ സൂചന.

ആദ്യം ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ദേശീയ ഡാറ്റാബേസിലുള്ള കുട്ടികളുടെ ഫോട്ടോകളുമായി താരതമ്യം ചെയ്തു നോക്കി. അപ്പോഴാണ്‌ 32 വയസ്സുള്ള ആള്‍ക്ക് മാവോയുടെ ച്ഛായയുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ഡി.എന്‍എ ടെസ്റ്റില്‍ അത് തെളിയക്കപ്പെടുകയും ചെയ്തു. 'മാതൃദിനത്തിൽ എനിക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനമാണിതെന്ന്' ലി ജിങ്‌സി പറയുന്നു.


Next Story

Related Stories