TopTop
Begin typing your search above and press return to search.

കൊറോണ - ഫ്രാന്‍സില്‍ ചൈനീസ് ടൂറിസ്റ്റ് മരിച്ചു, ഏഷ്യയ്ക്ക് പുറത്ത് ആദ്യത്തെ മരണം

കൊറോണ - ഫ്രാന്‍സില്‍ ചൈനീസ് ടൂറിസ്റ്റ് മരിച്ചു, ഏഷ്യയ്ക്ക് പുറത്ത് ആദ്യത്തെ മരണം

നൊവേല്‍ കൊറോണ വൈറസ് മൂലം ഫ്രാന്‍സില്‍ ചൈനീസ് ടൂറിസ്റ്റ് മരിച്ചു. ഏഷ്യയ്ക്ക് പുറത്ത് ആദ്യത്തെ മരണമാണിത്. ഫ്രഞ്ച് ആരോഗ്യ മന്ത്രി ആഗ്നസ് ബുസിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് മെയിന്‍ലാന്‍ഡില്‍ 1523 പേര്‍ പേര്‍ മരിച്ചപ്പോള്‍ ഫിലിപ്പൈന്‍സിലും ഹോങ്കോങ്ങിലും ജപ്പാനിലും ഒരോരുത്തര്‍ വീതം മരിച്ചിരുന്നു. ചൈനയിലെ ഹുബെയ് പ്രവിശ്യയില്‍ നിന്നുള്ള 80കാരനാണ് മരിച്ചത്. ജനുവരി 16നാണ് ഇദ്ദേഹം ഫ്രാന്‍സിലെത്തിയത്. ജനുവരി 25ന് പാരീസിലെ ആശുപത്രിയില്‍ ക്വാറന്റൈന്‍ ചെയ്തു.

യൂറോപ്പില്‍ ആദ്യമായി ഫ്രാന്‍സിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഫ്രാന്‍സില്‍ ഇതുവരെ 11 കേസുകള്‍ പോസിറ്റീവ് ആണ്. ഇതില്‍ ആറ് പേര്‍ ഹോസ്പിറ്റലുകളില്‍ തുടരുകയാണ്. നോര്‍ത്തേണ്‍ പാരീസിലെ ബിച്ചാറ്റ് ഹോസ്പിറ്റലില്‍ വച്ചാണ് ചൈനീസ് ടൂറിസ്റ്റിന്റെ മരണം. മരിച്ചയാളുടെ മകള്‍ക്കും കൊറോണ ബാധിച്ചിട്ടുണ്ട്. അതേസമയം ഇവര്‍ സുഖംപ്രാപിച്ചുവരുന്നതായി ആരോഗ്യ മന്ത്രി അറിയിച്ചു.

ചൈനയില്‍ പുതുതായി 2641 കൊറോണ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ കൊറോണ പോസിറ്റീവ് ആയവരുടെ എണ്ണം 66492 ആയി. ചൈനീസ് മെയിന്‍ലാന്‍ഡിന് പുറത്ത് 24 രാജ്യങ്ങളിലായി 500ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ജപ്പാന്‍ തീരത്ത് തടഞ്ഞ ഡയമണ്ട് പ്രിന്‍സസ് എന്ന ക്രൂയിസ് കപ്പലിലുള്ള മൂന്ന് ഇന്ത്യക്കാരുടെ നില മെച്ചപ്പെട്ടതായി ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.


Next Story

Related Stories