TopTop
Begin typing your search above and press return to search.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യം, പ്രതികൂലാവസ്ഥകൾ ഏറെ, എന്നിട്ടും റഷ്യ കൊറോണയെ ചെറുത്തത് എങ്ങനെ?

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യം, പ്രതികൂലാവസ്ഥകൾ ഏറെ, എന്നിട്ടും റഷ്യ കൊറോണയെ ചെറുത്തത് എങ്ങനെ?

ലോകത്തെ ഭീതിയുടെ കുന്തമുനയില്‍ നിര്‍ത്തിയിരിക്കുകയാണ് കൊറോണ വൈറസ്. ഇതിനകം 177 രാജ്യങ്ങളിലെ മൂന്ന് ലക്ഷത്തോളം പേരെ വൈറസ് ബാധിച്ചുവെന്നാണ് കരുതുന്നത്. മരണ സംഖ്യ കുതിക്കുകയാണ്. 11000 പേര്‍ ഇതിനകം മരണത്തിന് കീഴടങ്ങി. ഇറ്റലി, ചൈന, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഇതുവരെയുള്ള കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ ജീവഹാനി സംഭവിച്ചിട്ടുളളത്. ഡിസംബര്‍ മാസത്തില്‍ ചൈനയില്‍ രോഗം ആദ്യം കണ്ടെത്തിയതിന് ശേഷം അതിര്‍ത്തി കടന്ന അത് എത്തിയ ആദ്യ രാജ്യങ്ങളിലൊന്ന് റഷ്യയായിരുന്നു. എന്നാല്‍ ഇന്ന് അകലെ യുറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും വൈറസ് ബാധയില്‍ വലയുമ്പോള്‍ റഷ്യ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിലാണ്. റഷ്യയില്‍ ഇന്നത്തെ അവസ്ഥയില്‍ കൊറോണ ബാധ വലിയ ആഘാതം സൃഷ്ടിച്ചിട്ടില്ല. റഷ്യ കൊറോണയെ വിജയകരമായി നിയന്ത്രിച്ചിരിക്കുന്നുവെന്നാണ് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞത്. ഇതുവരെ പുറത്തുവന്ന കണക്കുകള്‍ ആ അവകാശവാദം ശരിവെയ്ക്കുകയും ചെയ്യുന്നു. എങ്ങനെയാണ് റഷ്യയ്ക്ക് ഇതിന് സാധിച്ചത്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് പറയുമ്പോഴും ഇപ്പോഴും റഷ്യയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന വസ്തുത നിലനില്‍ക്കുന്നു. എന്നാല്‍ വളരെ ചെറിയ തോതിലാണ് അത് നടക്കുന്നത്. 14.6 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് മറ്റ് രാജ്യങ്ങളില്‍ നടക്കുന്ന അത്ര ഭീകരമായ തോതിലുണ്ടാകുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിനകം 253 പേരാണ് ഇവിടെ വൈറസ് ബാധിതരായിട്ടുള്ളത്. എന്നാല്‍ താരതമ്യേന മെച്ചപ്പെട്ട ആരോഗ്യ സാഹചാര്യങ്ങളും ജനസംഖ്യ കുറവുള്ളതുമായ ലക്‌സംബര്‍ഗില്‍ - 6,28,000 ആണ് ഇവിടുത്തെ ആകെ ജനസംഖ്യ- ഇതിനകം 670 പേരാണ് രോഗ ബാധിതരായിട്ടുള്ളത്. ഈ താരതമ്യം വെച്ചുനോക്കുമ്പോഴാണ് സ്ഥിതിഗതികള്‍ റഷ്യയില്‍ നിയന്ത്രണ വിധേയമാണെന്ന് പറയുന്നത്. ഇത് എങ്ങനെ സാധിച്ചുവെന്നതാണ് ചോദ്യം. ചൈനയുമായുള്ള റഷ്യയുടെ അതിര്‍ത്തി 2600 മൈലാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. ചൈനയില്‍ വൈറസ് ബാധ തുടങ്ങിയപ്പോള്‍ തന്നെ റഷ്യ ചൈനയുമായുള്ള അതിര്‍ത്തി അടച്ചു. ഇതോടൊപ്പം തന്നെ ക്വാറന്റൈന്‍ കേന്ദ്രങ്ങളും ആരംഭിച്ചു. തുടക്കത്തിലെ നടത്തിയ പ്രതികരണം രോഗം വലിയ രീതിയില്‍ പടരാതിരിക്കാന്‍ റഷ്യയെ സഹായിച്ചുവെന്ന് വേണം കണക്കാക്കാന്‍. രോഗ പ്രതിരോധത്തിനുളള ഫലപ്രദമായ മാര്‍ഗം പരിശോധന കര്‍ക്കശമാക്കുകയെന്നതാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ തലവന്‍ അത് പറയുന്നതിന് മുമ്പ് തന്നെ റഷ്യയില്‍ പരിശോധന കര്‍ക്കശമാക്കിയിരുന്നു. ജനുവരി അവസാനം മുതല്‍ ഈ പ്രവര്‍ത്തനം നടത്തിയതും റഷ്യയ്ക്ക് ഗുണകരമായി. ' പരിശോധനയും രോഗം ഉണ്ടെന്ന് സംശയിക്കുന്നവരെ വേറെ തന്നെ പാര്‍പ്പിക്കലുമടക്കം ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ റഷ്യ ചെയ്തു' ലോകാരോഗ്യ സംഘടനയിലെ റഷ്യന്‍ പ്രതിനിധി ഡോ. മെലീറ്റ വുജ്‌നോവിക് പറഞ്ഞു. ശാരീരികമായി അകലം പാലിക്കുകയെന്നതായിരുന്നു പിന്നീട് ചെയ്യേണ്ടിയിരുന്നത്. ഇതും വളരെ നേരത്തെ നടപ്പിലാക്കാന്‍ കഴിഞ്ഞതായും അവര്‍ പറയുന്നു. ഇതിനകം തന്നെ ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് ടെസ്റ്റ് നടത്താന്‍ റഷ്യന്‍ അധികൃതര്‍ക്ക് കഴിഞ്ഞു. ഇക്കാര്യത്തില്‍ അമേരിക്ക പോലും വളരെ വൈകിയാണ് നടപടികള്‍ ആരംഭിച്ചതെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇറ്റലിയില്‍നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വന്നവരെയും പരിശോധിക്കുന്നതില്‍ വലിയ വീഴ്ച വരുത്തിയെന്ന ആരോപണം ഉണ്ട്. എന്നാല്‍ ഇതുവരെയുള്ള സൂചനകള്‍ അനുസരിച്ച് റഷ്യയില്‍ അത് വലിയ ആഘാതമുണ്ടാക്കിയിട്ടില്ല. അതേസമയം റഷ്യ വസ്തുതകളെ മറച്ചുവെയ്ക്കുകയാണെന്നും ഇക്കാര്യത്തില്‍ പഴയ സോവിയറ്റ് യൂണിയന്റെ മാതൃകയാണ് പുടിന്‍ ഭരണം പിന്തുടരുന്നതെന്നും അവിടുത്തെ തന്നെ ചിലര്‍ ആരോപിക്കുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വിമര്‍ശനത്തെ സാധൂകരിക്കുന്ന വസ്തുതകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്നത്തെ സാഹചര്യത്തില്‍ കൊറോണയെ ഫലപ്രദമായിനേരിട്ട ലോകത്തിലെ പ്രധാന രാജ്യങ്ങളിലൊന്ന് റഷ്യയാണ്. പുടിന് ആ നേട്ടം നിലനിര്‍ത്താന്‍ വരും ആഴ്ചകളിലും നിലനിര്‍ത്താനാവുമോ എന്നതാണ് നിര്‍ണായകം.


Next Story

Related Stories